ദുബൈയിൽ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ തുറന്നു

ദുബൈ: നഗരത്തിലെ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ തുറന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). മാൾ ഓഫ് എമിറേറ്റ്സിലാണ് 24 മണിക്കൂറും സേവനം നൽകുന്ന അതി നൂതനമായ ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ബസ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്.

പൊതു ഗതാഗതം കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി. മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള 11 ബസ് റൂട്ടുകളാണ് ഇവിടെ നിന്ന് സർവിസ് നടത്തുക. അൽ ബർഷ, ജുമൈറ വില്ലേജ് സർക്കിൾ, അറേബ്യൻ റാഞ്ചസ്, ദുബൈ സയൻസ് പാർക്ക്, ദുബൈ സ്റ്റുഡിയോ സിറ്റി, അൽ ബർഷ, ഉമ്മു സുഖൈം, അൽ സുഫൂഹ്, അൽ മനാറ, അൽ ഖൂസ്, അൽ ഗുബൈബ, ദി ഗ്രീൻസ്, മിറാക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ് തുടങ്ങിയ നിരവധി പ്രധാന താമസ, വാണിജ്യ, വിനോദ മേഖലകളുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ് ഈ ബസ് റൂട്ടുകൾ. 147 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ബസ് സ്റ്റേഷനിൽ യാത്രക്കാരും ബസ് ഡ്രൈവർമാരും അടക്കം 20 പേർക്ക് വിശ്രമിക്കാൻ സ്ഥലമുണ്ട്. പരമ്പരാഗത ബസ് സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും ഡിജിറ്റലൈസ് ചെയ്തതാണ് പുതിയ ബസ് സ്റ്റേഷൻ. എല്ലാ ഉപഭോക്താക്കൾക്കും സംവേദനാത്മക സംവിധാനങ്ങളിലൂടെ 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് ബസ് സ്റ്റേഷന്‍റെ രൂപകൽപന.

യാത്രകളുടെ ആസൂത്രണം, ഉപഭോക്തൃ പിന്തുണ, ലോസ്റ്റ് ആൻഡ് ഫൗണ്ട് സേവനങ്ങൾ, ആർ.ടി.എ കോൾ സെന്‍ററുമായി നേരിട്ട് ബന്ധപ്പെടൽ എന്നിവക്കായി ഒരു വെർച്വൽ അസിസ്റ്റന്‍റിന്‍റെ സഹായം നൽകുന്ന സ്മാർട്ട് കിയോസ്ക് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സ്റ്റേഷനകത്ത് സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേയിൽ ബസ്, മെട്രോ സർവിസ് സമയം, ടാക്സികളുടെ ലഭ്യത, സ്റ്റേഷന്‍റെ മാപ്പ്, സമീപത്തെ പ്രധാന സ്ഥലങ്ങൾ എന്നിവ യഥാസമയം പ്രദർശിപ്പിക്കും. മറ്റൊരു സ്ത്രീനിൽ ബസിലെ സീറ്റുകളുടെ ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും. ഇതിലൂടെ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ യാത്ര പ്ലാൻ ചെയ്യാൻ യാത്രക്കാർക്ക് കഴിയും.

ടിക്കറ്റ് വാങ്ങാനും നോൾ കാർഡ് റീചാർജ് ചെയ്യാനുമുള്ള മെഷീനുകൾ ഇവിടെ സജ്ജമാണ്. അതോടൊപ്പം വിവിധ പാനീയങ്ങളും ലോയൽട്ടി റിവാർഡുകളും ലഭിക്കുന്ന സ്മാർട്ട് വെന്‍റിങ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്. സൗരോർജ പാനലുകൾ വഴിയാണ് ഇവിടേക്കുള്ള ഊർജം ലഭ്യമാക്കുന്നത്. കൂടാതെ വായു നിലവാരം പരിശോധിക്കുന്നതിനുള്ള സ്മാർട്ട് സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. ജനക്കൂട്ട നിയന്ത്രണത്തിന് നൂതനമായ സംവിധാനവും നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ അധിഷ്ഠിത കാമറുകളും സജ്ജമാക്കിയിട്ടുണ്ട്. ആറ് മെട്രോ ഫീഡർ റുട്ടുകൾ, മൂന്ന് ഇന്‍റേണൽ റൂട്ടുകൾ, രണ്ട് സീസണൽ റൂട്ടുകൾ എന്നിവ ഉൾപ്പെടെ 11 റുട്ടുകളിലേക്കാണ് സ്റ്റേഷനിൽ നിന്ന് സർവിസ് ഉണ്ടാവുക.

Tags:    
News Summary - First smart bus station opens in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.