ദുബൈ തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്ക്കരി ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: അന്താരാഷ്ട്ര തൊഴിലാളി ദിനാചരണത്തിന്‍റെ ഭാഗമായി മോഡൽ സർവീസ് സൊസൈറ്റി (എം.എസ്.എസ്) സംഘടിപ്പിച്ച ‘എം.എസ്.എസ് മെയ് ഡേ ചാമ്പ്യൻഷിപ്പ് 2026’ ജബൽ അലി ഇൻഡസ്ട്രിയൽ മേഖല ഒന്നിൽ നടന്നു. രണ്ടായിരത്തി അഞ്ഞൂറിലധികം തൊഴിലാളികൾ പങ്കെടുത്തു. ദുബൈ തൊഴിൽ കാര്യ സ്ഥിരം സമിതി സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി പരിപാടി ഉദ്ഘാടനം ചെയ്തു. ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (സി.ഡി.എ) കീഴിൽ പ്രവർത്തിക്കുന്ന എം.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ ദുബൈ പൊലീസിന്‍റെ ‘സ്പിരിറ്റ് ഓഫ് ദുബൈ’ വിഭാഗവും പങ്കെടുത്തു.
തൊഴിലാളികളുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കുമായി ദുബായ് സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് സെക്രട്ടറി ജനറൽ അബ്ദുള്ള ലഷ്കരി ചടങ്ങിൽ വിശദീകരിച്ചു. തൊഴിലാളികളെ ഒരുമിപ്പിക്കുകയും അവരുടെ ആത്മവിശ്വാസവും കൂട്ടായ്മയും വർധിപ്പിക്കുകയും ചെയ്യുന്ന എം.എസ്.എസിന്‍റെ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പങ്കാളിത്തത്തോടെയുള്ള വിവിധ കായിക മത്സരങ്ങളും വിനോദ പരിപാടികളും ചടങ്ങിന്‍റെ പ്രധാന ആകർഷണമായി.
മത്സരങ്ങളിലെ ആവേശവും തൊഴിലാളികളുടെ സജീവ സാന്നിധ്യവും പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി. സമൂഹത്തിലെ സാധാരണ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എം.എസ്.എസ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ചെയർമാൻ ഫയാസ് അഹമ്മദ് പറഞ്ഞു. തൊഴിലാളികൾക്കായി കൂടുതൽ സമ്മാന പദ്ധതികളും പ്രോത്സാഹന പരിപാടികളും വരും ദിവസങ്ങളിലും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിൽ എഴുപതിലധികം വോളന്‍റിയർമാർ സേവനം ചെയ്തതായി ജനറൽ പ്രോഗ്രാം കൺവീനർ മുഹമ്മദ് ഇജാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.