ദുബൈ: യു.എ.ഇയിലെ യാത്രാരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി, ഇത്തിഹാദ് റെയിലിന്‍റെ ദുബൈ സ്റ്റേഷനിൽ (അൽ യലായിസ് സ്റ്റേഷൻ) നിന്ന്​ പതിവ് യാത്രാ സർവീസുകൾ ഇന്നുമുതൽ. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സിലാണ് ഇത്തിഹാദ് റെയിലിന്‍റെ ദുബൈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ദുബൈയിൽനിന്ന് അബൂദബിയിലേക്കും ഫുജൈറയിലേക്കും വേഗത്തിലും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാനും ബുധനാഴ്ച മുതൽ ഇത്തിഹാദിന്‍റെ ട്രാക്കുണരും.

ദുബൈയിൽനിന്ന് അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക് കേവലം ഒരു മണിക്കൂറും നാല് മിനിറ്റുമാണ് (64 മിനിറ്റ്) യാത്രാസമയം. ഈ റൂട്ടിൽ കംഫർട്ട് ക്ലാസ് ടിക്കറ്റുകൾക്ക് 39 ദിർഹവും പ്രീമിയം ടിക്കറ്റുകൾക്ക് 109 ദിർഹവുമാണ് തുടക്കത്തിലുള്ള നിരക്ക്​. ദുബൈയിൽനിന്ന് ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷനിലേക്ക് ഒരു മണിക്കൂറും 10 മിനിറ്റുമാണ് യാത്രാസമയം. ഫുജൈറയിലേക്കുള്ള കംഫർട്ട് ടിക്കറ്റുകൾക്ക് 29 ദിർഹം മുതലും പ്രീമിയം ടിക്കറ്റുകൾക്ക് 89 ദിർഹം മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്.

യാത്രക്കാർക്കായി കംഫർട്ട്, പ്രീമിയം എന്നിങ്ങനെ രണ്ട് യാത്രാ വിഭാഗങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രീമിയം ക്ലാസിൽ കൂടുതൽ വിശാലമായ സീറ്റുകളും സൗജന്യ പാനീയങ്ങളും ലഘുഭക്ഷണവും ലഭിക്കും. കൂടാതെ യാത്രാ തീയതി മാറ്റുന്നതിനും റീഫണ്ടിനുമുള്ള സൗകര്യങ്ങൾ അനുസരിച്ച് സേവർ, വാല്യൂ, ഫ്ലെക്സ് എന്നീ രീതികളിലും ടിക്കറ്റുകൾ തിരഞ്ഞെടുക്കാം.

അൽ യലായിസ് സ്റ്റേഷനിൽ സൗജന്യ വൈഫൈ, വിശ്രമമുറികൾ, ഭക്ഷണശാലകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ദുബൈ മെട്രോ റെഡ് ലൈനിലെ ജെ.എൽ.ടി സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഫുട്ബ്രിഡ്ജ്, എഫ്38 ഫീഡർ ബസ് സർവീസ്, 265 വാഹനങ്ങൾക്കുള്ള പാർക്കിങ്​ സൗകര്യം എന്നിവയും ഇവിടെ ലഭ്യമാണ്.

ഇത്തിഹാദ് റെയിൽ മൊബൈൽ ആപ്പ്, www.etihadrail.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ്, സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ്​ മെഷീനുകൾ എന്നിവ വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ബുക്ക് ചെയ്യുന്നവർക്ക് ഡിജിറ്റൽ ടിക്കറ്റും മെഷീനുകൾ വഴി പേപ്പർ ടിക്കറ്റും ലഭിക്കും.

പ്രധാന യാത്രാ വിവരങ്ങളും ടിക്കറ്റ് നിരക്കുകളും

ദുബൈ-അബൂദബി

യാത്രാ സമയം: ഒരു മണിക്കൂർ നാലുമിനിറ്റ് (64 മിനിറ്റ്)

കംഫർട്ട് ക്ലാസ്: 39 ദിർഹം മുതൽ

പ്രീമിയം ക്ലാസ്: 109 ദിർഹം മുതൽ

ദുബൈ-ഫുജൈറ

യാത്രാ സമയം: ഒരുമണിക്കൂർ 10 മിനിറ്റ് (70 മിനിറ്റ്)

കംഫർട്ട് ക്ലാസ്: 29 ദിർഹം മുതൽ

പ്രീമിയം ക്ലാസ്: 89 ദിർഹം മുതൽ

ടിക്കറ്റ് കാറ്റഗറികൾ

കംഫർട്ട് ക്ലാസ്: സ്റ്റാൻഡേർഡ് ഇക്കണോമി സീറ്റുകൾ. ട്രെയിനിലെ ഭക്ഷണ സാധനങ്ങൾക്കും പാനീയങ്ങൾക്കും വേറെ പണം നൽകണം.

പ്രീമിയം ക്ലാസ്: വിശാലമായ സീറ്റുകളും കൂടുതൽ ലെഗ് റൂമും. സൗജന്യ ഭക്ഷണവും പാനീയങ്ങളും ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു.

ഇതിനുപുറമെ മൂന്ന് രീതിയിലുള്ള ടിക്കറ്റ് ഓപ്ഷനുകളും ലഭ്യമാണ്:

സേവർ: സീറ്റ് സിസ്റ്റം വഴി തനിയെ അനുവദിക്കപ്പെടും. മാറ്റങ്ങളോ റീഫണ്ടോ ലഭിക്കില്ല.

വാല്യൂ: ടിക്കറ്റ് നിരക്കിനൊപ്പം 20 ദിർഹം അധികം. ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം, തീയതി മാറ്റങ്ങൾ വരുത്താം (റീഫണ്ട് ലഭിക്കില്ല).

ഫ്ലെക്സ്: ടിക്കറ്റ് നിരക്കിനൊപ്പം 50 ദിർഹം അധികം. സീറ്റ് തിരഞ്ഞെടുക്കാം, മാറ്റങ്ങൾ വരുത്താം, ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കും.

ദുബൈ സ്റ്റേഷൻ സൗകര്യങ്ങളും ഗതാഗത ബന്ധങ്ങളും

ദുബൈ അൽ യലായിസ് സ്റ്റേഷനിൽ സൗജന്യ വൈഫൈ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, കഫറ്റീരിയകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

മെട്രോ ബന്ധം: സ്റ്റേഷനിൽ നിന്ന് ഫൂട്ട് ബ്രിഡ്ജ് വഴി ദുബൈ മെട്രോ റെഡ് ലൈനിലെ ജെ.എൽ.ടി മെട്രോ സ്റ്റേഷനിലേക്ക് നേരിട്ടെത്താം.

ബസ് സർവീസ്: ‘ജുമൈറ ഗോൾഫ്​ എസ്​റ്റേറ്റ്​ 1-ജെ.ജി.ഇ’ എന്ന ബസ് സ്റ്റോപ്പിൽ നിന്ന് എഫ്​38 ഫീഡർ ബസ് വഴി ദുബൈ പ്രൊഡക്ഷൻ സിറ്റി, ദുബൈ സ്പോർട്സ് സിറ്റി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാം.

പാർക്കിങ്​ സൗകര്യം: 260 സാധാരണ കാറുകൾക്കും അഞ്ച്​ ഇലക്ട്രിക് കാറുകൾക്കുമായി ആകെ 265 പാർക്കിങ്​ സ്ലോട്ടുകൾ ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പാർക്കിങ്​ ലഭ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താം.

കാർ റെന്‍റൽ: എല്ലാ ഇത്തിഹാദ് റെയിൽ സ്റ്റേഷനുകളിലും കാർ വാടകയ്‌ക്കെടുക്കാനുള്ള ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്.

മറ്റ് പ്രമുഖ സ്റ്റേഷനുകൾ

അബൂദബി (അബൂദബി സിറ്റി സ്​റ്റേഷൻ): മുഹമ്മദ് ബിൻ സായിദ് സിറ്റി, എം.ഇ10 ബ്ലോക്ക്. (പ്രവർത്തന സമയം: ദിവസവും രാവിലെ അഞ്ചുമുതൽ രാത്രി 11 വരെ. ഇവിടെ നിന്ന് കോർണിഷ് സ്ട്രീറ്റിലെ അഡ്നോക് ആസ്ഥാനം, അഡ്നെക് സെന്‍റർ, റീം ഐലൻഡിലെ റീം മോൾ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസ് സർവീസുകളുണ്ട്.

ഫുജൈറ (അൽ ഹിലാൽ സിറ്റി സ്​റ്റേഷൻ): അൽ ഹിലാൽ സ്ട്രീറ്റ്. (പ്രവർത്തന സമയം: ദിവസവും രാവിലെ അഞ്ചുമുതൽ രാത്രി 11 വരെ.

ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?

ആപ്പ് വഴി: ഐ.ഒ.എസ്, ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായ ‘ഇത്തിഹാദ്​ റെയിൽ’ ആപ്പ് ഉപയോഗിച്ച് ഡിജിറ്റൽ ടിക്കറ്റ് നേടാം.

വെബ്‌സൈറ്റ് വഴി: www.etihadrail.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഇമെയിൽ കൺഫർമേഷൻ സ്റ്റേഷനിൽ കാണിച്ചാൽ മതിയാകും.

സ്റ്റേഷൻ വഴി: സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ടിക്കറ്റ് വെൻഡിങ്​ മെഷീനുകൾ വഴി പേപ്പർ ടിക്കറ്റുകളും വാങ്ങാം.

Tags:    
News Summary - Etihad Rail 'arrives in Dubai'; passenger services begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.