ഈദുൽ അദ്ഹ നാളിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സുപ്രീം കൗൺസിൽ അംഗങ്ങളും എമിറേറ്റുകളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: ഈദുൽ അദ്ഹ ദിനത്തിൽ ഐക്യത്തിന്റെയും അനുഗ്രഹത്തിന്റെയും സന്ദേശം പങ്കുവെച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഈദിന്‍റെ പവിത്രമായ വേളയിൽ ‘യു.എ.ഇയെ സ്വന്തം വീടെന്ന് വിളിക്കുന്ന എല്ലാവർക്കും’ അദ്ദേഹം ആശംസയും അഭിനന്ദനങ്ങളും നേർന്നു.
സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ, എമിറേറ്റുകളിലെ ഭരണാധികാരികൾക്കും പൗരന്മാർക്കും താമസക്കാർക്കും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും അദ്ദേഹം ഈദ് ആശംസകൾ അർപ്പിച്ചു. ബുധനാഴ്ച രാവിലെ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ അദ്ദേഹം ഈദുൽ അദ്ഹ നമസ്കാരം നിർവഹിച്ചു.
‘ഈദുൽ അദ്ഹ പ്രമാണിച്ച് എന്റെ സഹോദരങ്ങളായ എമിറേറ്റുകളിലെ ഭരണാധികാരികൾക്കും, യു.എ.ഇയെ സ്വന്തം വീടെന്ന് വിളിക്കുന്ന ഏവർക്കും, ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും ഞാൻ പെരുന്നാൾ ആശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തിനുമേൽ ദൈവം അവന്റെ അനുഗ്രഹങ്ങൾ വർഷിക്കട്ടെ. ഏവർക്കും സമാധാനവും സ്ഥിരതയും സമൃദ്ധിയും നൽകട്ടെ എന്നും പ്രാർഥിക്കുന്നു’ -ശൈഖ് മുഹമ്മദ് കുറിച്ചു.
ഐക്യം, കരുണ, കൂട്ടായ്മ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ബലി പെരുന്നാൾ വേളയിൽ ‘യു.എ.ഇയെ സ്വന്തം വീടെന്ന് വിളിക്കുന്ന എല്ലാവർക്കും’ അദ്ദേഹം ആശംസകൾ നേർന്നത് ഏറെ ശ്രദ്ധേയമായി. ‘യു.എ.ഇയിൽ എല്ലാവരും എമിറാത്തിയാണ്’ എന്ന അദ്ദേഹത്തിന്റെ മുൻ പ്രസ്താവനയിലേത് പോലെ ഉൾക്കൊള്ളലിന്റെ സംസ്കാരത്തെയാണ് ഈ വാക്കുകളും പ്രതിഫലിപ്പിക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്തൂമും ഈദ് ആശംസകൾ നേർന്നു: ‘യു.എ.ഇയിലെ ജനങ്ങൾക്ക് നന്മകൾ നേരുന്നു. യു.എ.ഇ പ്രസിഡന്റിനും യു.എ.ഇ ഭരണാധികാരികൾക്കും നല്ലത് മാത്രം വരട്ടെ. ഇസ്ലാമിക സമൂഹത്തിന് നന്മയും സമാധാനവും സമൃദ്ധിയും സ്ഥിരതയും ഉണ്ടാകട്ടെ. ഏവർക്കും അനുഗ്രഹീതമായ ഈദുൽ അദ്ഹ ആശംസകൾ. അല്ലാഹു ഇത് നമുക്കും നിങ്ങൾക്കും അനുഗ്രഹങ്ങളോടും നന്മകളോടും സമൃദ്ധിയോടും കൂടി വീണ്ടും തിരികെ നൽകട്ടെ’ -എന്ന് അദ്ദേഹം ആശംസിച്ചു.
കാരുണ്യമുള്ള രാജ്യത്തെ സ്വന്തം വീടെന്ന് വിളിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ എന്നായിരുന്നു ദുബൈ കിരീടാവകാശി യും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്തൂമിന്റെ സന്ദേശം. ‘ഈദുൽ അദ്ഹയോടനുബന്ധിച്ച് യു.എ.ഇ ഭരണനേതൃത്വത്തിനും, ജനങ്ങൾക്കും, ഈ കാരുണ്യമുള്ള രാജ്യത്തെ സ്വന്തം വീടെന്ന് വിളിക്കുന്ന ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
സർവശക്തനായ അല്ലാഹു ഈ സുദിനത്തെ നന്മയും സമൃദ്ധിയും സ്നേഹവും സഹിഷ്ണുതയും നൽകി അനുഗ്രഹിക്കട്ടെ. ഒപ്പം യു.എ.ഇക്ക് സുരക്ഷയുടെയും പുരോഗതിയുടെയും അനുഗ്രഹങ്ങൾ തുടർന്നും നൽകട്ടെ. എല്ലാവർക്കും അനുഗ്രഹീതവും സന്തോഷഭരിതവുമായ ഒരു പെരുന്നാൾ ആശംസിക്കുന്നു’ -ശൈഖ് ഹംദാൻ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.