ബലി പെരുന്നാൾ: അബൂദബിയിലും ദുബൈയിലും പാർക്കിങ്​ സൗജന്യം അവധി ദിനങ്ങളിലെ പ്രവർത്തന സമയങ്ങളിൽ മാറ്റം

അബൂദബി: ബലി പെരുന്നാൾ അവധി ദിനങ്ങളിൽ സൗജന്യ പാർക്കിങ്​ പ്രഖ്യാപിച്ച്​ കൂടുതൽ എമിറേറ്റുകൾ. അബൂദബി, ദുബൈ എമിറേറ്റുകളാണ്​ അവധി ദിനങ്ങളിൽ പാർക്കിങ്​ സൗജന്യമാക്കിയത്​. അബൂദബിയിലുടനീളം പെരുന്നാളിന്‍റെ അവധി ദിനങ്ങളിൽ പാർക്കിങ്​, ടോൾ ഗേറ്റ്​ ഫീസുകൾ ഈടാക്കില്ലെന്ന്​ ക്യു മൊബിലിറ്റി അറിയിച്ചു. എന്നാൽ, ബഹുനില പാർക്കിങ്​ സൗകര്യങ്ങളിൽ ഇളവ്​ ബാധകമല്ല. അൽ ഖുറം, ഗാ​ന്‍റൗട്ട്​ ടോൾ ഗേറ്റുകളിലും ഫീസ്​ സാധാരണ പോലെ ഈടാക്കും. ദുബൈയിൽ ആറ്​ ദിവസം പാർക്കിങ്​ സൗജന്യമായിരിക്കുമെന്ന്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. മേയ്​ 25 മുതൽ 29 വരെയായിരിക്കും സൗജന്യ പാർക്കിങ്​. ദുബൈയിലും ബഹുനില കെട്ടിടങ്ങളിൽ പാർക്കിങ്​ ഫീസ്​ സാധാരണ പോലെ ഈടാക്കും.

അതേസമയം, രണ്ട്​ എമിറേറ്റുകളും പെരുന്നാൾ അവധി ദിനങ്ങളിലെ സർക്കാർ സേവന സമയങ്ങളിൽ പുതിയ ക്രമീകരണവും പ്രഖ്യാപിച്ചിരിക്കുകയാണ്​. അബൂദബി, അൽഐൻ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ്​ സെന്‍ററുകൾക്ക്​ പെരുന്നാൾ അവധി ദിനങ്ങളിൽ പൂർണമായും അവധിയായിരിക്കും. ദർബ്​ ആപ്പ്​, താം ഡിജിറ്റൽ പ്ലാറ്റ്​ഫോമുകൾ വഴി സേവനങ്ങൾ ലഭ്യമാകും. അബൂദിയിലെ അൽ സലാമ ബിൽഡിങ്​ പരിശോധന കേന്ദ്രം, അൽഐനിലെ ഫലഫ്​ ഹസ്സ ബ്രാഞ്ച്​ എന്നിവി 24 മണിക്കൂറും പ്രവർത്തിക്കും. അൽഐനിലെ അൽ ബതീം സെന്‍റർ, അബൂദബിയിലെ കാർസ്​ വേൾഡ്, അൽ ദഫ്​റയിലെ മദീനത്ത്​ സായിദ്​, മദീനത്ത്​ റാഹിൽ എന്നിവിടങ്ങളിൽ പെരുന്നാളിന്‍റെ രണ്ട്​, മൂന്ന്​ ദിവസങ്ങളിൽ ഉച്ച്​ രണ്ട്​ മുതൽ രാത്രി 10 വരെ സേവനം ലഭിക്കും. കൂടാതെ മേയ്​ 25, 26 തീയതികളിൽ കാർഡ്​ വേൾഡിൽ രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെ സേവനം ലഭ്യമാകും. മുസഫയിലേയും മസ്യാദിലേയും ഹെവി വാഹന പരിശോധന കേന്ദ്രങ്ങളിൽ അറഫ ദിനത്തിലും മൂന്നാം അവധി ദിനത്തിലും രാവിലെ 10 മുതൽ എട്ടുവരെ പ്രവർത്തനമുണ്ടാകും. അതേ ദിവസങ്ങളിൽ അൽ ദഫ്​റയിലെ ബെദ സായിദ്​ കേന്ദ്രം രാവിലെ എട്ട്​ മുതൽ മൂന്നുവരെയും അബൂദബിയിലെ അൽ ഫയ കേന്ദ്രം രാവിലെ എട്ട്​ മുതൽ അഞ്ചുവരെയും പ്രവർത്തിക്കും. മറ്റ്​ സേവന കേന്ദ്രങ്ങളിലെ പ്രവർത്തന സമയം അതത്​ വെബ്​സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്​.

ദുബൈയിൽ മെട്രോ സർവിസ്​ സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്​. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ അഞ്ചുമുതൽ പിറ്റേന്ന്​ പുലർച്ചെ ഒരു മണിവരെ സർവിസ്​ ഉണ്ടാകും. തിങ്കൾ മുതൽ ശനി വരെ രാവിലെ അഞ്ചു മുതൽ പിറ്റേറ്റ്​ ഒരു മണിവരെയാണ്​ സർവിസ്​. ദുബൈ ട്രാം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആറുമുതൽ പിറ്റേന്ന്​ ഒരു മണിവരെ സർവിസ്​ ഉണ്ടാകും. തിങ്കൾ മുതൽ ശനി വരെ രാവിലെ ആറു മുതൽ പിറ്റേറ്റ്​ ഒരു മണിവരെയാണ്​ സർവിസ്​. ആർ.ടി.എ ബസ്​ സർവിസ്​ സമയം എസ്​ഹൈൽ ആപ്ലിക്കേഷൻ വഴി അറിയാനാകും. ജലഗതാഗത സംവിധാനങ്ങളുടെ സർവിസ്​ സമയും ക്യു.ആർ കോഡ്​ സ്കാൻ ചെയ്താൽ അറിയാനാകും. അതേസമയം, അവധി ദിനങ്ങളിൽ കസ്റ്റമർ ഹാപ്പിനസ്​ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. എന്നാൽ, ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്​, ആർ.ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ ഉമ്മു റമൂൽ സെന്‍റർ, സ്മാർട്ട്​ കിയോസ്കുകൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. വാഹന പരിശോധന കേന്ദ്രങ്ങൾ 26 മുതൽ 29 വരെ അവധിയായിരിക്കും. 

Tags:    
News Summary - Eid al-Adha: Parking is free in Abu Dhabi and Dubai, operating hours change during the holidays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.