തീവണ്ടികൾ ചൂളം വിളിച്ച ദുബൈ

തിരക്കേറിയ ദുബൈ നഗര വീഥിയിലെ ആകാശ പാതയിലൂടെ കുതിച്ചുപായുന്ന ലോക്കോ പൈലറ്റില്ലാത്ത മെട്രോ വിസ്മയ കാഴ്ച്ചയാണ്. പാം ജുമൈറയിലേക്കുള്ള മോണോ ട്രെയ്​നും അൽ സുഫൂഹിൽ നിന്നോടുന്ന ട്രാമും ലോകത്തെ കൊതിപ്പിക്കുന്ന യാത്ര സംവിധാനങ്ങളാണ്. ദുബൈ നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെടാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ യാത്രക്കാർക്ക് മെട്രോ നൽകുന്ന പിന്തുണ വലുതാണ്.

വിനോദസഞ്ചാരികളുടെ ഇഷ്ടമായി മെട്രോ മാറിയത് വളരെ പെട്ടന്നായിരുന്നു. അതിന്‍റെ വൈവിധ്യവും ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗവുമാണ് മെട്രോയെ ലോകത്തിന്‍റെ ഇഷ്ടമാക്കി മാറ്റിയത്. സൗദി അതിർത്തിയിൽ നിന്ന് തുടങ്ങി, മരുഭൂമിയുടെ വിജനത കടന്ന് മലകളുടെ നാടായ ഫുജൈറയിൽ സന്ധിക്കുന്ന വിധത്തിൽ ഒരുക്കിക്കൊണ്ടിരിക്കുന്ന ഇത്തിഹാദ് റെയിൽവേയുടെ പരീക്ഷണ പാച്ചിലും സന്ദർശകരിൽ തീർത്തത് വിസ്മയങ്ങളാണ്. എന്നാൽ, യു.എ.ഇയുടെ പിറവിക്കും മുമ്പ് ദുബൈയിൽ തീവണ്ടി കുതിച്ചു പാഞ്ഞിരുന്നുവെന്ന് പറഞ്ഞാൽ പുതുതലമുറ വിശ്വസിക്കണമെന്നില്ല. 1970ൽ റാശിദ് തുറമുഖം നിർമിക്കുന്ന സമയത്താണ് യു.കെയിൽ നിന്ന് ദുബൈയിൽ ആദ്യമായി തീവണ്ടി എത്തുന്നത്.

തുറമുഖ നിർമാണത്തിനുള്ള ചരക്ക് നീക്കം ദ്രുതഗതിയിൽ ആക്കാനും വാഹനങ്ങളുടെ ഉപയോഗം ഒരു പരിധിവരെ ഒഴിവാക്കാനുമാണ് യു.കെയിൽ നിന്ന് തീവണ്ടികൾ ദുബൈയിൽ എത്തിച്ചത്. തുറമുഖത്തിലെ കൂറ്റൻ ബൈർത്തുകളുടെ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ വളരെ വേഗത്തിൽ കാര്യക്ഷമമായി റോഡ് മാർഗം എത്തുകയെന്നത് അക്കാലത്ത് പ്രതിസന്ധിയായിരുന്നു. ഇതിന് എന്താണ് പരിഹാരം എന്ന ചിന്തയിൽ നിന്നാണ് തീവണ്ടിയുടെ ചൂളം വിളി മുഴങ്ങിയത്. ഒരു സ്റ്റാൻഡേർഡ്-ഗേജ് പാതയായിരുന്നു ഇതിനായി തീർത്തിരുന്നത്.

അഞ്ച് ഡീസൽ എൻജിനുകളാണ് റാശിദ് തുറമുഖത്ത് സേവനം നടത്തിയിരുന്നത്. തുറമുഖത്തിന്‍റെ നിർമാണം 1972ൽ പൂർത്തിയാകുന്നത് വരെ തീവണ്ടി ഇവിടെ ചൂളംവിച്ചിരുന്നു. ഇപ്പോഴും തുറമുഖത്തിനകത്ത് തീവണ്ടി പാഞ്ഞിരുന്ന പാളങ്ങൾ അങ്ങിങ്ങായി കാണാം. അവയുടെ നിരീക്ഷണ സംവിധാനങ്ങളും അടുത്തകാലം വരെ തുറമുഖത്തുണ്ടായിരുന്നു. പിന്നെ തീവണ്ടിക്ക് എന്തുസംഭവിച്ചു? തുറമുഖ നിർമാണം പൂർത്തിയായപ്പോൾ ട്രെയിനുകൾ യു.എ.ഇക്ക് തന്നെ സമ്മാനിക്കുകയായിരുന്നു യു.കെ കമ്പനി. ഇവയിൽകാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന, 1968ൽ നിർമിച്ച എൻജിൻ നമ്പർ 3655 എന്ന തീവണ്ടിയുടെ നിയോഗം ദുബൈ ഖവാനീജിനടുത്ത മുശ്​രിഫ് പാർക്കിലെത്താനായിരുന്നു. അവിടെ എത്തുന്ന യാത്രക്കാരെയും കൊണ്ട് വർഷങ്ങളോളം തീവണ്ടി കിതപ്പറിയാതെ ഓടി.

മുശ്​രിഫ് പാർക്കിന് പ്രശസ്തി നേടിക്കൊടുത്തതിൽ ഈ തീവണ്ടി വഹിച്ച പങ്ക് വളരെ വലുതാണ്. ആയിരങ്ങളാണ് ഈ തീവണ്ടിയിൽ ഉല്ലാസ യാത്ര നടത്തിയത്. ട്രെയ്​ൻ ഗതാഗതം പരിഷ്ക്കരിക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും താത്ക്കാലത്തേക്ക് അത് മാറ്റുകയായിരുന്നു. കാലാവസ്ഥ വ്യതിയാനവും ഡീസൽ എൻജിൻ ഉപയോഗിക്കുന്നതുവഴി ഉദ്യാനത്തിലുണ്ടാകാൻ സാധ്യതയുള്ള മലിനീകരണം കണക്കിലെടുത്താണ് തീവണ്ടി ഓട്ടം അവസാനിപ്പിച്ചത്. ഉദ്യാനത്തിന് പിറക് വശത്ത് പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്കിന് സമീപം ശരീരം അനങ്ങാതെ ചരിത്ര വഴികളിലെ പരക്കം പാച്ചിലോർത്തും വഹിച്ച ഭാരങ്ങളെയോർത്തും കിടക്കുകയാണ് തീവണ്ടിയിപ്പോൾ. എന്നാൽ, പാർക്കിലെത്തുന്ന സഞ്ചാരികൾ ഇതിനുസമീപം എത്തി സെൽഫി എടുക്കാനും തൊട്ടുതലോടാനും ഇപ്പോഴും സമയം കണ്ടെത്തുന്നു. പാർക്ക് ഉദ്യോഗസ്ഥർ നിർമിച്ച റാമ്പിലൂടെ സന്ദർശകർക്ക് കോച്ചുകളിലേക്കും ഡ്രൈവർ ക്യാബിലേക്കും പ്രവേശിക്കാൻ അനുവദിക്കുന്നുണ്ട്.

കൺട്രോൾ റൂമിലെ ചില ലിവറുകൾ ഇപ്പോഴും ചലിക്കുന്നു, എന്നാൽ എല്ലാ സ്‌ക്രീൻ ഗേജുകളും ഗ്ലാസുകളും നീക്കം ചെയ്‌ത് പെയിന്‍റ്​ ചെയ്‌തിരിക്കുന്നു, 1950 കളുടെ അവസാനത്തിൽ നിർമിച്ച മറ്റ് നാല് ലോക്കോമോട്ടീവുകളും ദുബൈയിൽ തന്നെ ഉണ്ടായിരുന്നെങ്കിലും പ്രവർത്തന മേഖലയിൽ ഇടം ലഭിച്ചിരുന്നില്ല. രണ്ടെണ്ണം സ്ക്രാപ്പിലേക്കും ബാക്കി രണ്ടെണ്ണം അൽഐൻ റോഡിലെ കോറിയിലേക്കും മാറ്റി.

കുറേ കാലം ഇവ ഇവിടെ പ്രവർത്തിച്ചിരുന്നു. മുശ്​രിഫ് പാർക്കിലെ ബോഗികളിൽ ഇപ്പോൾ ഉല്ലസിക്കുന്നത് പക്ഷികളാണ്. ആരെയും കൂസാതെ ഇവ ബോഗികളിലിരുന്ന് സല്ലപിക്കുന്നു. തീവണ്ടിയുടെ വശങ്ങളിൽ ഇപ്പോഴും കാണുന്ന നിർമാതാക്കളുടെ ഫലകത്തിൽ ‘Butterley Co Ltd 1968 Builders’ എന്ന് എഴുതിയിരിക്കുന്നു, മറ്റുള്ളയുടെ നിർമാതാക്കൾ ‘Codnor Park, Nottingham’ എന്നാണ് മുദ്രണം ചെയ്തിരിക്കുന്നത്. പാർക്കുകളിൽ ടയറുകളിൽ ഓടുന്ന ട്രെയിനുകൾ നിരവധിയാണ്. എന്നാൽ പാളത്തിലൂടെയുള്ള ചൂളംവിളിക്ക് വീണ്ടും കാതോർക്കുകയാണ് മുശ്​രിഫിലെ പഴയ സന്ദർശകരും അവരിൽ നിന്ന് തീവണ്ടി ചരിതം കേട്ടറിഞ്ഞ പുതുതലമുറയും.

യു.എ.ഇയിലെ ട്രെയ്​ൻ പദ്ധതികൾ ഇത്തിഹാദ് റെയിൽ, ദേശീയ റെയിൽവേ, അബൂദബി മെട്രോ, അബൂദബി ലൈറ്റ് റെയിൽ, ദുബൈ മെട്രോ, അൽ സുഫൂഹ് ട്രാംവേ, പാം ജുമൈറ മോണോ എന്നിവയെല്ലാം ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തവയാണ്​.

Tags:    
News Summary - Dubai where the trains whistled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.