ദുബൈയിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിക്കുന്നു

ദുബൈ: അനിശ്ചിതത്വങ്ങൾക്കിടയിലും ദുബൈയിലെ എയർപോർട്ടുകൾ ഉൾപ്പെടെയുള്ള അതിർത്തികളിൽ പ്രകടമാകുന്ന ജനത്തിരക്ക് വിശ്വസനീയമായ ഒരു ആഗോള ലക്ഷ്യസ്ഥാനം എന്ന നിലയിൽ ദുബൈയുടെ പദവിയെയാണ് സൂചിപ്പിക്കുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു. യാത്രാ നടപടിക്രമങ്ങൾ മികച്ച കാര്യക്ഷമതയോടെയും തടസ്സങ്ങളില്ലാതെയും കൈകാര്യം ചെയ്യുന്നതിൽ ദുബൈ ലോകത്തിന് തന്നെ മികച്ച മാതൃകയാണ്. ആഗോളതലത്തിലും പ്രാദേശികതലത്തിലും നിരവധി മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും സുരക്ഷിതവും സുസ്ഥിരവുമായ ഒരു അന്തരീക്ഷം ഒരുക്കുന്നതിൽ യു.എ.ഇക്കും ദുബൈക്കുമുള്ള കഴിവിൽ അന്താരാഷ്ട്ര സമൂഹത്തിന്‍റെ വിശ്വാസമാണ് അതിർത്തികളിൽ വർധിച്ചുവരുന്ന ജനത്തിരക്ക് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കിയും പ്രവർത്തനക്ഷമത വർധിപ്പിച്ചും തുറമുഖങ്ങളിലെ സേവനങ്ങൾ ജി.ഡി.ആർ.എഫ്.എ നിരന്തരം മെച്ചപ്പെടുത്തുകയാണ്. യാത്രക്കാർ എത്തിച്ചേരുന്ന ആദ്യ നിമിഷം മുതൽ ഏറ്റവും മികച്ചതും സുഗമവുമായ സേവനം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു. നൂതനാശയങ്ങൾ, ഭാവിയെ മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകൾ, സുരക്ഷയും സേവനവും സമന്വയിപ്പിക്കൽ എന്നീ കാഴ്ചപ്പാടുകളോടെയാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. തദ്ദേശീയരായ ജീവനക്കാരെ ശാക്തീകരിക്കുന്നതിലും അതിർത്തി മാനേജ്‌മെന്‍റിൽ ആഗോളതലത്തിലുള്ള മികച്ച മാതൃകകൾ സ്വീകരിക്കുന്നതിലും ഊന്നിയുള്ളതാണ് ഈ മികച്ച പ്രകടനം. യാത്രക്കാരുടെ വിശ്വാസം കൂടുതൽ വർധിപ്പിക്കുന്നതിനും സുരക്ഷ, എളുപ്പത്തിലുള്ള നടപടിക്രമങ്ങൾ, മനുഷ്യത്വപരമായ ഇടപെടലുകൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു ആഗോള കവാടം എന്ന നിലയിലുള്ള ദുബൈയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനും ഈ നടപടികൾ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Dubai sees a surge in visitor arrivals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.