ദുബൈ: വിശ്വാസികളുടെ ദീനാനുകമ്പയെ ചൂഷണം ചെയ്യാൻ നഗരത്തിലിറങ്ങുന്ന യാചക സംഘങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി ദുബൈ പൊലീസ്. സർക്കാറിെൻറയും പ്രാദേശിക അധികാരികളുടെയും സഹകരണത്തോടെ വ്യാപക പട്രോളിങ് നടത്താനാണ് തീരുമാനമെന്ന് ദുബൈ പൊലീസ് കുറ്റാന്വേഷണ വിഭാഗം അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി വ്യക്തമാക്കി.
യാചകർ കൂടുതലായി തമ്പടിക്കാൻ ശ്രമിക്കുന്ന മാർക്കറ്റുകൾ, താമസ കേന്ദ്രങ്ങൾ, പള്ളികൾ, കാർ പാർക്കിങ് ഏരിയ, റമദാൻ ടെൻറുകൾ തുടങ്ങിയ പ്രദേശങ്ങളിൽ സിവിലിയൻ പട്രോൾ സംഘങ്ങളെ വിന്യസിക്കും. ഇത്തരം സംഘങ്ങളെ ശ്രദ്ധയിൽപെട്ടാൽ 901, 0502106969 എന്നീ നമ്പറുകളിൽ വിവരമറിയിക്കണമെന്ന് അൽ മൻസൂരി നിർദേശിച്ചു.
കഴിഞ്ഞ വർഷം 1,021യാചകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിൽ പാതിയിലേറെ പേരും റമദാനിലാണ് പിടിയിലായത്. ജനങ്ങളുടെ സൻമനസിനെ മുതലെടുക്കാൻ ശ്രമിക്കുന്ന യാചന അംഗീകരിക്കാനാവില്ലെന്നും പൊതു സ്ഥലങ്ങളിലും തെരുവുകളിലും നടത്തുന്ന ഭിക്ഷാടനം രാജ്യത്ത് നിരോധിതമാണെന്നും അദ്ദേഹം പറഞ്ഞു. യാചന ഇല്ലാതാക്കാൻ ഇസ്ലാമിക കാര്യ വിഭാഗം, താമസ^കുടിയേറ്റ കാര്യ ഡയറക്ടറേറ്റ്, ദുബൈ നഗരസഭ എന്നിവയുടെ സഹകരണത്തോടെ ശ്രമങ്ങൾ നടത്തി വരികയാണ്.
ആവശ്യക്കാരെന്ന് ബോധ്യപ്പെട്ടവർക്ക് സഹായം നൽകാൻ ജീവകാരുണ്യ സംഘടനകളും വ്യക്തികളും മടി കാണിക്കാറില്ല. സഹായം ആവശ്യമുള്ളവരെക്കുറിച്ച് വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈയിൽ അംഗീകൃതമായ സംഘടനകളുമായി ബന്ധപ്പെടാൻ നിർദേശിക്കണമെന്ന് ഒൗഖാഫിലെ മുഹമ്മദ് മെഹ്ദി അൽ സുവൈദി പൊതുജനങ്ങളെ ഉത്ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.