മലിനീകരണം കുറക്കാന്‍ ദുബൈയില്‍  കൂടുതല്‍ വൈദ്യുതി കാറുകള്‍ വരുന്നു

ദുബൈ: പരിസ്ഥിതിയെ പരിപാലിക്കുന്ന ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വൈദ്യുതി, സങ്കര ഇന്ധന (ഹൈബ്രിഡ്) വാഹനങ്ങള്‍ ദുബൈയില്‍ വര്‍ധിപ്പിക്കുന്നു. നാലു വര്‍ഷത്തിനകം എമിറേറ്റിലെ വാഹനങ്ങളില്‍ 10 ശതമാനം ഇത്തരത്തില്‍ ചലിക്കുന്നവയാക്കാനാണ് തീരുമാനം. പുറന്തള്ളുന്ന കാര്‍ബണിന്‍െറ അളവ് കുറവുവരുത്താന്‍ ദുബൈ വൈദ്യുതി ജല അതോറിറ്റി (ദീവ) റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) എന്നിവയുമായി കൈകോര്‍ത്താണ് ദുബൈ ഊര്‍ജ ഉന്നത സമിതി (ഡി.എസ്.സി.ഇ) ശ്രമങ്ങളാരംഭിച്ചത്.  2021 ഓ¥േട കാര്‍ബണ്‍ ബഹിര്‍ഗമനം 16 ശതമാനം കുറക്കുക എന്നതാണ് സമിതിയുടെ ലക്ഷം. ഇതു സാധ്യമാക്കാനായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അവരുടെ വാഹന വ്യുഹത്തില്‍ കഴിയുന്നത്ര വൈദ്യൂതി വാഹനങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. ഇലക്ട്രിക് കാറുകളില്‍ ഊര്‍ജം നിറക്കുന്നതിനാവശ്യമായ 100 ചാര്‍ജറുകള്‍  വിമാനതാവളങ്ങള്‍, നഗരസഭ, ആര്‍.ടി.എ ഒഫീസുകള്‍, വ്യാപാര സമുച്ചയങ്ങള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, പാര്‍ക്കിംഗ് മേഖലകള്‍ തുടങ്ങി  ദുബൈയുടെ പല ഭാഗങ്ങളിലായി ദീവ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങള്‍ മുഖേനയുള്ള വായു മലിനീകരം കുറക്കാനും ഗതാഗത മേഖലയില്‍ മാറ്റം വരുത്താനും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നിരന്തര ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് ദീവ എം.ഡി സഈദ് മുഹമ്മദ് അല്‍ തയാര്‍ പറഞ്ഞു.  ദീവയുടെയും ആര്‍.ടി.എയുടെയും ഉന്നത ഉദ്യോഗസ്ഥ പ്രതിനിധികള്‍ ഈ വിഷയത്തില്‍ നിരന്തര സമ്പര്‍ക്കം തുടരുന്നുണ്ട്. ആര്‍.ടി.എ 300 ഹൈബ്രിഡ് ടാക്സികളാണ് നിരത്തിലിറക്കിയിരിക്കുന്നത്. ആകെ ടാക്സികളുടെ ആറു ശതമാനം വരുമിത്.  2021 ഓടെ 50 ശതമാനം ടാക്സികള്‍ ഹൈബ്രിഡ് ആക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്നും പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് 33 ശതമാനം കുറവ് കാര്‍ബണ്‍ മാത്രമേ ഇവ പുറന്തള്ളൂ എന്നും ആര്‍.ടി.എ ഡി.ജി മത്താര്‍ അല്‍ തയാര്‍ പറഞ്ഞു.  വൈദ്യുതി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് ആവശ്യമായ നിയന്ത്രണ ചട്ടങ്ങളും തയ്യാറാക്കി വരുന്നുണ്ട്.
 

Tags:    
News Summary - dubai cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.