തണുപ്പിനെ ഇനി ഈ മരുജീവിതങ്ങള്‍ക്ക് ഭയക്കേണ്ട

ദുബൈ: സൂര്യന്‍ ഉച്ചിയിലത്തെിയെങ്കിലൂം തണുപ്പ് പൂര്‍ണമായും വിട്ടുപോയിരുന്നില്ല. ടാറിട്ട റോഡും മണല്‍പാതയും കടന്ന് വാഹനം വെറും മരുഭൂമിയിലുടെ വളഞ്ഞുംപുളഞ്ഞും കുതിച്ചു. കുറേ ദൂരം ചെന്നപ്പോള്‍ ദൂരെ ചെറിയ കൂടുകളും  കമ്പിവേലികള്‍ ചുറ്റും അതിരിട്ട വളപ്പുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.   തുണിയും പ്ളാസ്റ്റികും മരപ്പലകയും കൊണ്ട് ഭാഗികമായി മറച്ച കൂടുകളില്‍ നിന്ന് വണ്ടിയുടെ ശബ്ദം കേട്ട് ചിലര്‍ പുറത്തേക്ക് തലനീട്ടി. അതോടൊപ്പം നൂറുകണക്കിന് ആടുകള്‍ ചെവി വട്ടംചുഴറ്റി അപൂര്‍വമായി മാത്രം കേള്‍ക്കുന്ന വാഹന ശബ്ദം പിടിച്ചെടുത്തു. ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ളെന്ന മട്ടില്‍ ഒട്ടകങ്ങള്‍ ചവച്ചുകൊണ്ടിരുന്നു.
വാഹനത്തില്‍ ഫാസില്‍ മുസ്തഫയെ കണ്ടപ്പോള്‍ തന്നെ മുഷിഞ്ഞവേഷവും മണല്‍പറ്റിയ ദേഹവുമുള്ള ആ മനുഷ്യര്‍ മനസ്സ് നിറഞ്ഞ് ചിരിച്ചു. സലാം പറഞ്ഞു. കൈകള്‍ വസ്ത്രത്തില്‍ തുടച്ച് വന്നവരുടെയെല്ലാം കൈപിടിച്ചു. തങ്ങളൂടെ ആട്ടിന്‍കൂടുപോലുള്ള, പാമ്പും തേളും  തണുപ്പും ചൂടുമെല്ലാം എളുപ്പം കയറിയിഴയുന്ന താവളങ്ങളിലേക്ക്  അവര്‍ ക്ഷണിച്ചു. എല്ലാ മാസവും ഫാസിലും കൂട്ടരും ആട്ടയും പരിപ്പും ചായപ്പൊടിയും എണ്ണയുമെല്ലാമായി ഈ ‘ആടു ജീവിതങ്ങളെ തേടിവരാറുണ്ട്. കഴിഞ്ഞാഴ്ച ഇങ്ങനെ പോയപ്പോള്‍ പാകിസ്താനികളും ബംഗ്ളാദേശികളും ഇറാനികളുമടങ്ങുന്ന ഈ പാവം ജീവിതങ്ങള്‍ ഒരു അപേക്ഷ മുന്നോട്ടുവെച്ചു. എല്ലുകളിലേക്ക് തുളച്ചുകയറുന്ന തണുപ്പിനെ പ്രതിരോധിക്കാന്‍ തങ്ങളുടെ പക്കല്‍ കാര്യമായൊന്നുമില്ല. സാധിക്കുമെങ്കില്‍ കമ്പിളിപുതപ്പോ ജാക്കറ്റോ കൊണ്ടുത്തരണം. അന്ന് തിരിച്ചുവരുമ്പോള്‍ ഈ സഹായ അഭ്യര്‍ഥന ഫാസില്‍ ഫേസ്ബുക്കിലിട്ടു. വിചാരിച്ചതിലും വേഗത്തിലായിരുന്നു പ്രതികരണം. 

കമ്പിളിപ്പുതപ്പ് കിട്ടിയ മരുഭൂമിയിലെ ആട്ടിടയന്മാരുടെ സന്തോഷം
 


അഞ്ചും പത്തും ജാക്കറ്റുകള്‍ തരാമെന്ന് പറഞ്ഞ് ചിലര്‍ വിളിച്ചു. ദുബൈയിലെ ഒരു യുവ സംഘം ബാക്കിവേണ്ട കമ്പിളികള്‍ തരാമെന്ന് ഏറ്റെടുത്തു. അങ്ങനെയാണ് കഴിഞ്ഞദിവസം എല്ലാവരും ചേര്‍ന്ന് അബൂദബി എമിറേറ്റിലെ മരുഭൂമിയുടെ അകങ്ങളിലേക്ക് രണ്ടുവാഹനങ്ങളിലായി പുറപ്പെട്ടത്. 
മരുഭൂമിയുടെ വിശാലതയില്‍ പരസ്പരം അടുത്തും അകലെയുമായി കിടക്കുന്ന ‘ഉസ്റ’കളിലേക്ക് പുറമെ നിന്ന് ആളുകള്‍ വരാറേയില്ല. ഉടമകളായ അറബികളും വെള്ളവും ഭക്ഷണവും കാലിത്തീറ്റകളുമായി വരുന്ന വാഹനങ്ങളും മാത്രമാണ് ഇവിടത്തെ പതിവ് സന്ദര്‍ശകര്‍. 
പൊളിഞ്ഞുവീഴാറായ താമസ സ്ഥലങ്ങളില്‍ മൃഗങ്ങള്‍ക്കൊപ്പം ജീവിതം ഹോമിക്കുന്നവര്‍. ചില ഉസ്റകളില്‍ ഒരാള്‍ മാത്രം. മിണ്ടാനും പറയാനും ആടും ഒട്ടകവും. ചിലയിടത്ത് കോഴികളെയും പ്രാവിനെയും കണ്ടു. അറ്റം കാണാത്ത മരുഭൂമിയില്‍ മനുഷ്യനും മൃഗങ്ങളും പരസ്പരം ഏറെ സ്നേഹിച്ചുകഴിയുന്ന ഈ തുരുത്തുകള്‍ക്ക് പ്രാചീനതയുടെ ഗന്ധമാണ്. കടുത്തവേനലില്‍ ഈ ഇടയന്മാര്‍ ശരിക്കും ഉരുകിയൊലിക്കും. എ.സി പോയിട്ട്  വൈദ്യുതി തന്നെയില്ല. ചില സ്ഥലങ്ങളില്‍ ഉടമകള്‍ ചെറിയ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് കുറച്ചുനേരം ബള്‍ബ് കത്തിക്കും. മൊബൈല്‍ ചാര്‍ജ് ചെയ്യും. എല്ലായിടത്തും മൊബൈല്‍ റേഞ്ചില്ല. രാത്രി കൂടുതലും കൂരാകൂരിട്ടിലാണ് മിക്കവരും കഴിയുന്നത്. 
രാത്രിയിലെ ഏകാന്തത പേടിയായി വളര്‍ന്നപ്പോള്‍ ബംഗ്ളാദേശുകാരന്‍ രാജു ഉടമയോട് ഒരു ആവശ്യം ഉന്നയിച്ചു. ഒരു റേഡിയോ വേണമെന്ന്. അങ്ങനെ ലഭിച്ച റേഡിയോ ചൂണ്ടിക്കാട്ടി രാജു ചിരിച്ചുകൊണ്ട് പറഞ്ഞു ഇവനാണ് തന്‍െറ എല്ലാമെന്ന്. സോളാര്‍ പാനലില്‍ നിന്ന് അവന്കൂടി വൈദ്യുതി എടുത്താല്‍ വിളക്കുകള്‍ നേരത്തെ കണ്ണടക്കുമെന്ന പ്രശ്നമുണ്ട്. 
കുറച്ചകലെയുള്ള മറ്റൊരു ഉസ്റയിലെ ഇറാന്‍കാരന്‍ ചാച്ചയാണ് കൂട്ടത്തിലെ ഏറ്റവും പ്രായമുള്ളയാള്‍. 30 വര്‍ഷമായി മൃഗങ്ങള്‍ക്കൊപ്പമുള്ള ജീവിതം തുടങ്ങിയിട്ട്.രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍പോകും. അവിടെ ഭാര്യയും ആറു മക്കളുമുണ്ട്. ചാച്ച സന്തോഷവാനാണ്. ഇപ്പോള്‍ 1500 ദിര്‍ഹം ശമ്പളമുണ്ടെന്നും ഉടമ സ്നേഹമുള്ളവനാണെന്നും ഈ വൃദ്ധന്‍  പറയുന്നു. 800 ആടുകളും നൂറോളം ഒട്ടകങ്ങളുമുണ്ട്. സഹായത്തിന് ബംഗ്ളാദേശികളും പാകിസ്താനികളുമായി നാലുപേരുണ്ട്. അതുകൊണ്ട് ചാച്ച ഭാഗ്യവാനാണ്.മറ്റുള്ളവര്‍ക്ക് 1,000 ദിര്‍ഹമാണ് വേതനം.

ഉച്ച ഭക്ഷണത്തിനായി ടാര്‍വീപ്പ ചുടാക്കി ചപ്പാത്തി ഉണ്ടാക്കുന്നു
 


എന്നാല്‍ ഏതാനും കിലോമീറ്റര്‍ അകലെ മറ്റൊരു ഉസ്റയില്‍ അമാനുള്ളക്ക് കൂട്ട് മൃഗങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ടു കമ്പിളിയുമായത്തെിയവരോട് അദ്ദേഹം നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. നിങ്ങള്‍ ചെയ്യുന്നത് ദൈവം കാണുന്നുണ്ടെന്നും അതിന് ഉചിതമായ പ്രതിഫലം കിട്ടുക തന്നെ ചെയ്യുമെന്നും അമാനുള്ള നെഞ്ചില്‍തൊട്ട് പ്രാര്‍ഥിച്ചു. 
ഉസ്റ ഉടമകള്‍ നല്‍കുന്ന ആട്ടപ്പൊടിയും പരിപ്പും മാത്രമായിരുന്നു ഇവരുടെ ഭക്ഷണം. ടാര്‍വീപ്പക്കകത്ത് വിറക്കൂട്ടി തീയിട്ടാണ് വലിയ ചപ്പാത്തിയുണ്ടാക്കുക.  എല്ലാ മാസവും ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം നീക്കിവെച്ചാണ് ഒരു വര്‍ഷം മുമ്പ് വടക്കഞ്ചേരിക്കാന്‍ ഫാസിലും മറ്റു ചില കൂട്ടുകാരും ഇവരെ സഹായിക്കാന്‍ വന്നത്.  ബെന്യാമിന്‍െറ ‘ആടു ജീവിതം’ നോവല്‍ വായിച്ചപ്പോള്‍ അതില്‍ പറയുന്നത് യാഥാര്‍ഥ്യമാണോ എന്ന അന്വേഷണമായിരുന്നു തന്‍െറ ആദ്യയാത്രയെന്ന് ഫാസില്‍ പറഞ്ഞു. ഒന്നര വര്‍ഷം മുമ്പായിരുന്നു അത്. 
അങ്ങനെ കണ്ട ചിലരില്‍ നിന്ന് അവരുടെ ജീവിതം ചോദിച്ചറിഞ്ഞു. ആവശ്യങ്ങള്‍ മനസ്സിലാക്കി. ആവുന്ന സഹായം ചെയ്യണമെന്ന് തീരുമാനിച്ചാണ് തിരിച്ചുവന്നത്. ചെറിയ തോതിലുള്ള സഹായം ഫേസ്ബുക്കിലുടെ അറിഞ്ഞതോടെ കൂടുതല്‍ പേര്‍ സഹായവുമായി രംഗത്തുവന്നു. ഇതറിഞ്ഞ് മറ്റു സന്മനസ്സുകള്‍ ആട്ടയും അരിയും ചായപ്പൊടിയും പഞ്ചസാരയും എണ്ണയും പരിപ്പുമെല്ലാം മാസാമാസം എത്തിച്ചുതുടങ്ങി. ചില വ്യാപാരികളും ചേര്‍ന്നതോടെ  മരുഭൂമിയിലെ നൂറോളം ആടുജീവിതങ്ങള്‍ക്ക് എല്ലാ മാസവും ഭക്ഷ്യവസ്തുക്കളത്തെിക്കാനാകുന്നുണ്ട്. നോമ്പിന് ബിരിയാണിയുണ്ടാക്കി എത്തിക്കും. 
ഇനിയും ഒരുപാട് പേര്‍ മരുഭൂമിയുടെ ഉള്ളകങ്ങളില്‍ കഴിയുന്നുണ്ടെന്നും അവരിലും കൂടി സഹായമത്തെിക്കലാണ് ലക്ഷ്യമെന്നും ഫാസില്‍ പറഞ്ഞു. അതിനാവശ്യമായ ഫോര്‍വീല്‍ വാഹനവും കൂടുതല്‍ സഹായവസ്തുക്കളും ലഭിക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ ഏതുസമയവും വിളിച്ചാല്‍ വണ്ടിയുമായത്തെന്നേ കൊയിലാണ്ടി സ്വദേശി ഫഹദ് മഷൂറാണ് യാത്രകളില്‍ ഫാസിലിന്‍െറ പ്രധാനകൂട്ട്.

Tags:    
News Summary - duabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.