ഷാർജ: പറവകൾക്ക് പറന്നുല്ലസിക്കാൻ അതിരുകളില്ലാത്ത ആകാശമുണ്ട്. സന്ധ്യമയങ്ങുമ്പോൾ ചില്ലകളിൽ ഒരുമയോടെ കൂടണയുന്നു. ആധുനിക കാലം പക്ഷികളുടെ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ. വെള്ളം, ഭക്ഷണം എന്നിവയുടെ കുറവ് തെല്ലൊന്നുമല്ല ബാധിച്ചിട്ടുള്ളത്. ഹരിത മേഖലകൾ കുറഞ്ഞതും ജലാശയങ്ങൾ മലിനമായതും പക്ഷികളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായിട്ടുണ്ട്. എന്നാൽ ഇത്തരം ഭീഷണികളിൽ നിന്ന് പക്ഷികളെ സംരക്ഷിക്കാൻ നിരവധി പേർ രംഗത്തുണ്ട്. ഷാർജയുടെ ഉപനഗരമായ അൽ മദാമിൽ അൽ നാദി സുപ്പർമാർക്കറ്റ് ജീവനക്കാരനായ മലപ്പുറം ചന്ദനകാവ് സ്വദേശി ഹുസൈൻ ഇതിലൊരാളാണ്.
ജോലിക്കിടെ ലഭിക്കുന്ന ഇടവേളകളിൽ ഹുസൈൻ തീറ്റയുമായി ഇറങ്ങും. ഹുസൈനെ കണ്ടാൽ പലദിക്കുകളിൽ നിന്ന് പ്രാവുകൾ കുറുകി പറന്നിറങ്ങുകയായി. മദാം റോഡോരങ്ങളിലൂടെ ഹുസൈൻ തീറ്റവിതറി നടക്കുന്നതിനനുസരിച്ച് പ്രാവുകളുടെ എണ്ണവും വർധിക്കും. ചില പ്രാവുകൾ ഹുസൈനെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ നന്ദി അറിയിച്ച് പറക്കും. മനുഷ്യന് അറിയാത്ത ഭാഷയിൽ, മനുഷ്യന് സാധിക്കാത്തത്ര ആത്മാവിൽ തട്ടി അവ അന്നദാതാവിനായി പ്രാർഥിക്കും. 33 വർഷമായി ഹുസൈൻ പ്രവാസിയായിട്ട്. അതിൽ 27 വർഷവും ജീവിച്ചത് മദാമിലാണ്. തുടക്കത്തിൽ ഹുസൈനെ തിരഞ്ഞ് വന്നിരുന്നത് പ്രാവുകളായിരുന്നില്ല, ഒട്ടകങ്ങളായിരുന്നു. വീപ്പകൾ മുറിച്ച് പാകപ്പെടുത്തി ഒട്ടകങ്ങൾക്ക് വെള്ളം വെച്ച് സ്വീകരിക്കലായിരുന്നു അന്നത്തെ കർമ്മം. റോഡ് മുറിച്ച് കടന്ന് ഒട്ടകങ്ങൾ വരും.
അൽ ഫയാ മരുഭൂമിയുടെ ചൂരും ചൂടുമുള്ള ഒട്ടകങ്ങളായിരുന്നു അവ. ഒട്ടകങ്ങൾക്ക് യഥേഷ്ടം കുടിച്ച് പൂതി തീർക്കുവാനുള്ള വെള്ളം കരുതിയിട്ടുണ്ടാകും ഹുസൈനും കൂട്ടരും. എന്നാൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒട്ടകങ്ങൾ റോഡപകടങ്ങളിൽ പെടുന്നത് പതിവായത് കാരണം നഗരസഭ വേലികൾ കെട്ടി വരവ് തടഞ്ഞു. അതോടെ വേലികളുടെ തടസമില്ലാത്ത പ്രാവുകൾ ഹുസൈനെയും ചങ്ങാതിമാരെയും തിരഞ്ഞ് വരാൻ തുടങ്ങി. പ്രാവുകളുടെ സാധാരണ തീറ്റകൾക്ക് പുറമെ, അരി ഗോതമ്പ് എന്നിവയും ഹുസൈൻ നൽകും. ജോലി ചെയ്യുന്ന സ്ഥാപനവും സമീപത്തെ സ്ഥാപനങ്ങളും ഹുസൈനെ ധാന്യങ്ങൾ നൽകി സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.