ഷാർജ: സംഭാവനകൾ അംഗീകൃതവും ഔദ്യോഗികവുമായ സംവിധാനങ്ങൾ വഴി മാത്രം നൽകണമെന്ന് നിർദേശിച്ച് ഷാർജ പൊലീസ്. റമദാൻ മാസത്തിൽ യാചന തടയുന്നതിന്റെ ഭാഗമായി നടക്കുന്ന ബോധവത്കരണത്തിലാണ് അധികൃതർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഷാർജ പൊലീസ് സുരക്ഷ മാധ്യമ വകുപ്പാണ് വിവിധ പങ്കാളികളുമായി സഹകരിച്ച് കാമ്പയിൻ സംഘടിപ്പിക്കുന്നത്. റമദാൻ മാസത്തിൽ യാചന പ്രത്യേക പ്രശ്നമായി മാറുന്നുവെന്ന് സുരക്ഷ മാധ്യമ വകുപ്പ് ഡയറക്ടർ കേണൽ ഡോ. മുഹമ്മദ് ബാത്തി അൽ ഹജ്രി പറഞ്ഞു. പുണ്യമാസത്തിൽ സമൂഹത്തിന്റെ കാരുണ്യവും ഔദാര്യവും മുതലെടുത്ത് ചില വ്യക്തികൾ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ പണം സ്വരൂപിക്കാൻ വഞ്ചനപരമായ രീതികൾ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറിയ പെരുന്നാൾ വരെ കാമ്പയിൻ തുടരുമെന്നും യാചന അടക്കമുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പരിഹരിക്കാനും പൊലീസ് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും കേണൽ അൽ ഹജ്രി വ്യക്തമാക്കി.
ഭിക്ഷാടനത്തിലും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി പിടികൂടാൻ പ്രത്യേക സംഘങ്ങളെ ഒരുക്കിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ജനങ്ങളുടെ സഹതാപം മുതലെടുക്കുന്ന യാചകരുടെ ഇരകളാകുന്നതിൽ സമൂഹത്തിലെ അംഗങ്ങൾ ജാഗ്രത പാലിക്കണം.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകേണ്ടത് അംഗീകൃത സംഘടനകൾ വഴിയായിരിക്കണം -അധികൃതർ വിശദീകരിച്ചു.
യാചനയോ നിയമവിരുദ്ധ പ്രവർത്തനമോ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്തുകൊണ്ട് പൊലീസുമായി സഹകരിക്കണമെന്ന് കേണൽ അൽ ഹജ്രി താമസക്കാരോട് ആവശ്യപ്പെട്ടു.
പൊതുജനങ്ങൾക്ക് കേസുകൾ 901 അല്ലെങ്കിൽ 80040 എന്ന നമ്പറിൽ പൊലീസിന്റെ ഹെൽപ് ലൈനുകൾ വഴി റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.