ദുബൈ: ഐ.എൻ.എല്ലിെൻറ ഗൾഫ് ഘടകമായ ഐ.എം.സി.സിയിലെ ഒരു വിഭാഗം പാർട്ടിവിട്ട് പുതിയ കൂട്ടായ്മയുണ്ടാക്കാൻ ഒരുങ്ങുന്നു. യു.എ.ഇ ഘടകം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കത്തെ തുടർന്നാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭാരവാഹികളടക്കം കൂടിയാലോചിച്ച് പുതിയ സംഘടനക്ക് ശ്രമിക്കുന്നത്. യു.എ.ഇ ഘടകം തെരഞ്ഞെടുപ്പിൽ വഹാബ് പക്ഷക്കാരായ നേതാക്കളെ തഴഞ്ഞ് കാസിം പക്ഷക്കാരനായ ആളെ പ്രസിഡൻറാക്കിയതാണ് പ്രശ്നത്തിന് കാരണമായതെന്ന് പാർട്ടി വിടാനൊരുങ്ങുന്ന നേതാക്കളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഇവർ ഐ.എൻ.എൽ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടിെൻറ പേരില്‍ സാംസ്കാരിക കേന്ദ്രം രൂപവത്കരിച്ച് പ്രവർത്തിക്കാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഐ.എൻ.എല്ലിലെ ഔദ്യോഗികവിഭാഗം തങ്ങളെ പൂർണമായി തള്ളിക്കളഞ്ഞെന്നാണ് ഇടഞ്ഞുനിൽക്കുന്ന ഐ.എം.സി.സി നേതൃത്വം ആരോപിക്കുന്നത്. എ.പി അബ്ദുൽ വഹാബിനെതിരെ സംസ്ഥാനസമിതി യോഗത്തിൽ ചിലർ മുദ്രാവാക്യം വിളിച്ചപ്പോൾ പിന്തുണച്ചയാളാണ് യു.എ.ഇയിലെ പുതിയ പ്രസിഡെൻറന്നും വിഭാഗീയ പ്രവർത്തനം നടത്തിയയാളെ നേതൃത്വത്തിൽ അംഗീകരിക്കില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയിലെ കാസിം പക്ഷക്കാരനായ എം.എ. ലത്തീഫ് നേരിട്ട് ദുബൈയിൽ എത്തി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് വഹാബ് പക്ഷത്തെ പുറന്തള്ളാനാണെന്നും ആരോപിക്കുന്നു. അതേസമയം, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും പാർട്ടിയുടെ വളർച്ചയിൽ അസൂയപൂണ്ടവരാണ് വിഭാഗീയതക്ക് ശ്രമിക്കുന്നതെന്നും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നും യു.എ.ഇ ഘടകത്തിലെ മിക്ക ഭാരവാഹികളും ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും ഇവർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം പിരിച്ചുവിട്ട ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയർമാൻ സത്താർ കുന്നില്‍, ട്രഷറർ ഷാഹുല്‍ ഹമീദ്, ജനറല്‍ കണ്‍വീനർ ഖാന്‍ പാറയില്‍, സൗദി ഐ.എം.സി.സി പ്രസിഡൻറും ലോക കേരള സഭാംഗവുമായ അബ്ദുല്ലക്കുട്ടി, ബഹ്റൈന്‍ പ്രസിഡൻറ് മൊയ്തീന് കുട്ടി, ഖത്തർ പ്രസിഡൻറ് റഷീദ്, ജി.സി.സി ജോയൻറ് കണ്‍വീനർമാരായ റഫീഖ് അഴിയൂർ, കുവൈത്ത് പ്രസിഡൻറ് ഹമീദ് മധൂർ, ജനറല്‍ സെക്രട്ടറി ശരീഫ് താമരശ്ശേരി, ഒമാൻ പ്രസിഡൻറ് ഹാരിസ് വടകര, ജനറല്‍ സെക്രട്ടറി ഷരീഫ് കൊളവയല്‍, യു.എ.ഇ കമ്മിറ്റി മുൻ സെക്രട്ടറി റഷീദ് താനൂർ തുടങ്ങിയ നിരവധി നേതാക്കൾ സുലൈമാന്‍ സേട്ട് സാംസ്കാരിക കേന്ദ്രത്തിെൻറ ഭാഗമാകുമെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.