അബൂദബി: സുരക്ഷ കണക്കിലെടുത്ത് എമിറേറ്റിലെ പ്രധാന റോഡുകളില്‍ ഡെലിവറി മോട്ടോര്‍ബൈക്കുകള്‍ക്ക് അധികൃതർ കർശനമായ നിരോധനം ഏര്‍പ്പെടുത്തി. ഈ മാസം 15 മുതല്‍ നിയന്ത്രണം പ്രാബല്യത്തിലാകുമെന്ന് അബൂദബി സംയോജിത ഗതാഗത കേന്ദ്രം അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 120 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗപരിധിയുള്ള റോഡുകളിൽ ഈ മാസം 15 മുതല്‍ ഡെലിവറി ബൈക്കുകള്‍ അനുവദിക്കില്ല. ശൈഖ് സായിദ് സ്ട്രീറ്റ്, ശൈഖ് സായിദ് പാലം മുതല്‍ ശൈഖ് സായിദ് ടണല്‍ വരെയുള്ള ഭാഗത്തിനും ഈ നിയന്ത്രണം ബാധകമാകും.
റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടസാധ്യതകള്‍ കുറക്കുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നേരത്തെ ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളും വേഗതയേറിയ ലൈനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് കർശനമായ നിരോധനം പ്രഖ്യാപിച്ചിരുന്നു. അതേസമയം, യു.എ.ഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് വാഹനം പെട്ടെന്ന് ലൈൻ വെട്ടിച്ച് മാറ്റുന്നതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. ‘
കഴിഞ്ഞ വർഷം രാജ്യത്തെ റോഡുകളിൽ നടന്ന ആറിലൊന്ന് അപകടങ്ങൾക്കും കാരണം ഇതാണ്. 2025ൽ രാജ്യത്ത് റിപോർട്ട് ചെയ്തത് 6014 റോഡപകടങ്ങളാണ്. അടിയന്തര റോഡ് സുരക്ഷ ബോധവത്കരണത്തിന്‍റെ ആവശ്യകതയാണ് അപകടങ്ങളുടെ വർധിച്ച കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. അശ്രദ്ധയും ഡ്രൈവിങ്ങിലെ പിഴവുമാണ് അപകടങ്ങൾക്ക് വഴിവെക്കുന്ന കാരണങ്ങൾ. ഇതിൽ പെട്ടെന്നുള്ള ലൈൻ മാറ്റമാണ് വലിയ അപകടങ്ങൾക്കിടയാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. പെട്ടെന്നുള്ള ലൈൻ മാറ്റം എക്സിറ്റുകൾ നഷ്ടപ്പെടാനും ക്ഷമ നശിക്കാനും ശ്രദ്ധക്കുറവിനും കാരണമാകും. ഇതുവഴി 905 അപകടങ്ങളാണ് കഴിഞ്ഞ വർഷമുണ്ടായതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.