എൻ.എ. ബഷീർ 

ദേരയിലെ 'കരിയാട് ഹൗസ് വീട്ടുകാരൻ' ഇനി കണ്ണീരോർമ

ദുബൈ: നിറമുള്ള ജീവിതം സ്വപ്നം കണ്ടു പ്രവാസലോകത്ത് കടന്നുവന്നവരെയെല്ലാം അന്നവും അഭയവും നൽകി സംരക്ഷിച്ച ആദ്യകാല പ്രവാസികളിലൊരാളയ എൻ.എ. ബഷീർ ഇനി ദീപ്തമായ ഓർമ.

1970കളുടെ അവസാനത്തിൽ ദുബൈയിലെത്തിയ കണ്ണൂർ കരിയാട് സ്വദേശിയായ ബഷീർ, നാലു പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം സഹജീവികളുടെ കണ്ണീരൊപ്പാൻ മാറ്റിവെച്ച അപൂർവം വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു. ദേരയിലെ അടച്ചുറപ്പില്ലാത്ത ബഷീറി‍െൻറ കരിയാട് ഹൗസ് എന്ന റൂം, ദുബൈ‍യിൽ പറന്നിറങ്ങുന്ന എല്ലാ പ്രവാസികളുടെയും ആശ്രയകേന്ദ്രമായിരുന്നു.

ആരാണെന്നോ എവിടെ നിന്ന് വരുന്നെന്നോ നോക്കാതെ എല്ലാവരെയും സ്വീകരിക്കാനും സൽകരിക്കാനും നിലയുറപ്പിച്ച പ്രവാസിയായിരുന്നു ബഷീർ. 'കരിയാട് ഹൗസ്' എന്ന റൂമിൽ അന്തിയുറങ്ങി പിന്നീട് ജീവിതത്തിൽ കരപറ്റിയവരുടെ നിരവധി വിജയകഥകളും ശേഷം പ്രവാസലോകം കേട്ടു. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് സാമൂഹികസേവനം ജീവിതദൗത്യമാക്കിയ എൻ.എ. ബഷീർ എന്ന ഒറ്റയാനായിരുന്നു.

മത-സാമൂഹിക സാംസ്കാരിക മേഖലയിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും നിറഞ്ഞുനിന്ന ബഷീറിന് മാതൃക മുൻ എം.എൽ.എയും മുസ്​ലിം ലീഗ് നേതാവുമായ പിതാവ് എൻ.എ. മമ്മുഹാജിയായിരുന്നു. മെച്ചപ്പെട്ട തൊഴിൽ തേടി മരുഭൂമിയിലെത്തുന്നവരുടെ ആദ്യത്തെ പകപ്പും പതർച്ചയും മാറ്റി, അവർക്കൊരു നല്ല ജോലി ലഭിക്കുന്നത് വരെ അവരെ കൂടെ നിർത്താനും കഴിഞ്ഞ ഇദ്ദേഹത്തിലൂടെ നൂറുകണക്കിനു പേരാണ് മികച്ച തൊഴിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉറപ്പുവരുത്തിയത്​. 33 വർഷം ദേരയിലെ കമ്പനിയിൽ ജോലി തുടരുന്നതിനിടെയായിരുന്നു ബഷീറി‍െൻറ സേവനപ്രവർത്തനങ്ങൾ. പിന്നീട് എട്ടു വർഷത്തോളം പാസൺസ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നപ്പോൾ മുഴുസമയ ജീവകാരുണ്യപ്രവർത്തകനായി.

40 വർഷത്തിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ചു മടങ്ങിയപ്പോഴും നാട്ടിലെ സേവനവീഥിയിലായിരുന്നു ബഷീറി‍െൻറ സ്ഥാനം. ഗൾഫിൽ നിന്ന് സ്വരുക്കൂട്ടി അയക്കുന്ന പണം കൃത്യമായി അർഹരിലേക്കെത്തിക്കാനും കണക്കു സൂക്ഷിച്ചു ചെലവഴിക്കാനും ബഷീർ കാട്ടിയ ജാഗ്രതയും കരുതലും ശ്രദ്ധേയമാണ്. കരിയാട് ഡയാലിസിസ് സെൻറർ പ്രവർത്തനവും പൂർണമായും ബഷീറി‍െൻറ നേതൃത്വത്തിലായിരുന്നു.

സേവനം ജീവിതവ്രതമാക്കിയ ബഷീർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ദുബൈയിൽ കെ.എം.സി.സി രൂപവത്​കരിക്കുന്നത്. പ്രവാസലോകത്ത് നിന്ന് നാടിനെ ചേർത്തുപിടിക്കാൻ 1996ൽ ദുബൈ കേന്ദ്രീകരിച്ച് ആരംഭിച്ച ഇസ്​ലാമിക് കൾച്ചറൽ ട്രസ്​റ്റ്​ (ഐ.സി.ടി) സ്ഥാപക പ്രസിഡൻറുമായിരുന്നു.

ദീർഘകാലം പ്രസിഡൻറായും പിന്നീട് രക്ഷാധികാരിയായും പ്രവർത്തിച്ചു. സാമ്പത്തികമായി പ്രയാസപ്പെടുന്നവർക്ക് പലിശയില്ലാതെ വായ്പ നൽകിയായിരുന്നു ട്രസ്​റ്റി‍െൻറ പ്രധാന പ്രവർത്തനം.

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. മാതാവ്: പരേതയായ ഒതിയോത്ത് മറിയം. ഭാര്യ: ഹഫ്സത്ത്. മക്കള്‍: അഫ്സീര്‍ ,ഷഹന, ഹിബ. മരുമക്കള്‍: സജീര്‍ (ഖത്തര്‍), റിസ (ചൊക്ലി).സഹോദരങ്ങള്‍: എന്‍.എ. കരീം, സക്കീന, കുഞ്ഞിമ്മൂസ്സ, നെസീമ, ഷാനവാസ്, സമീര്‍. കണ്ണൂര്‍ ജില്ല മുസ്​ലിംലീഗ് ഉപാധ്യക്ഷന്‍ എന്‍.എ. അബൂബക്കര്‍ മാസ്​റ്റര്‍ പിതൃസഹോദരനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.