അപകടകരമായ ഡ്രൈവിങ്​; കാർ പിടികൂടി​ ദുബൈ പൊലീസ്

ദുബൈ: അപകടകരമായ രീതിയിൽ സ്റ്റണ്ട് ഡ്രൈവിങ് നടത്തുകയും രൂപമാറ്റം വരുത്തിയതുവഴി അമിത ശബ്ദം പുറപ്പെടുവിക്കുകയും ചെയ്ത കാർ പിടിച്ചെടുത്ത് ദുബൈ പൊലീസ്.

ഊദുൽ മതീന പ്രദേശത്ത് താമസക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ അമിത ശബ്ദം പുറപ്പെടുവിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ്​ കാർ പിടിച്ചെടുത്തത്​. ടയറുകൾ റോഡിൽ ഉരച്ച് വൻ ശബ്ദമുണ്ടാക്കുക, മനഃപൂർവം വാഹനത്തിന്റെ ശബ്ദം വർധിപ്പിക്കുക തുടങ്ങിയവയടക്കം അപകടകരമായ രീതിയിൽ വാഹന​മോടിച്ചതിനാണ് ട്രാഫിക് പട്രോളിങ്​ വിഭാഗം കാർ കസ്റ്റഡിയിലെടുത്തത്.

വാഹനം ഓടിച്ചയാളെ പൊലീസ് തിരിച്ചറിയുകയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് വാഹനം പിടിച്ചെടുത്ത്​ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്​. വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തിയതിലൂടെ സൃഷ്ടിക്കുന്ന അമിത ശബ്ദവും അപകടകരമായ സ്റ്റണ്ടുകളും വെറുമൊരു ട്രാഫിക് നിയമലംഘനം മാത്രമല്ല.

അത് ജനങ്ങളുടെ സമാധാനജീവിതത്തെയും പാർപ്പിട മേഖലകളുടെ സ്വസ്ഥതയെയും ബാധിക്കുന്ന മോശം പ്രവൃത്തി കൂടിയാണെന്നും ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡിപാർട്ട്‌മെന്‍റ്​ ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഇസ്സാം ഇബ്രാഹിം അൽ അവർ ചൂണ്ടിക്കാട്ടി.

‘ഈ പ്രവൃത്തി ഡ്രൈവറുടെ ജീവന് മാത്രമല്ല, മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാണ്​. ഇയാൾ ഊദുൽ മുതീന പ്രദേശത്തെ താമസക്കാർക്ക് വലിയ ശബ്ദശല്യമുണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. ഇത്തരം അശ്രദ്ധമായ ഡ്രൈവിങ്​ റോഡ് ഉപയോക്താക്കളിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുകയും ചെയ്തു. ട്രാഫിക് സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന ഇത്തരം ഗുരുതരമായ നിയമലംഘനങ്ങൾ ദുബൈ പൊലീസ് ശക്തമായി നേരിടും. റോഡുകൾ ആർക്കും അഭ്യാസ പ്രകടനം കാണിക്കാനോ അപകടകരമായ പരീക്ഷണങ്ങൾ നടത്താനോ ഉള്ള സ്ഥലമല്ല. റോഡിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കും. വാഹനം വിട്ടുകിട്ടാൻ 50,000 ദിർഹം പിഴയടക്കുന്നത്​ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും’ - ബ്രിഗേഡിയർ ഇസ്സാം ഇബ്രാഹിം അൽ അവർ പറഞ്ഞു.

ദുബൈ പൊലീസ് റോഡുകളിലും പ്രധാന മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും ഫീൽഡ് പട്രോളിങ്ങും സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് ട്രാഫിക് പരിശോധനകൾ കൂടുതൽ ശക്തമാക്കും. ജീവനും സ്വത്തിനും പൊതുസുരക്ഷയ്ക്കും സംരക്ഷണം നൽകുന്നതിനായി ട്രാഫിക് നിയമങ്ങൾ പാലിക്കുകയും ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കുകയും വേണം.

അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്​ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’സേവനത്തിലൂടെയോ ‘വി ആർ ഓൾ പൊലീസ്’ പ്രോഗ്രാമിലൂടെ 901 എന്ന നമ്പറിലോ വിവരമറിയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Dangerous driving; Dubai Police seize car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.