സംഗീതം പെയ്തിറങ്ങിയ രാവിൽ കമോണ്‍ കേരളക്ക് ശുഭ സമാപനം

ഷാര്‍ജ: കുളിരണിഞ്ഞ രാവില്‍ പെയ്തിറങ്ങിയ സംഗീതവിരുന്ന് സമ്മാനിച്ചാണ് കമോണ്‍ കേരളക്ക് സമാപനമായത്. അരിച്ചിറങ്ങുന്ന ജനുവരിയിലെ  തണുപ്പിനൊപ്പം മനസ്സിലേക്ക് മഞ്ഞിന്‍കണങ്ങളായി സംഗീതം പെയ്തിറങ്ങിയ ശനിയാഴ്ചയിലെ രാവ്. മൂന്നു മണിക്കൂര്‍ നീണ്ട സംഗീതരാവ് ആസ്വദിക്കാന്‍ നൂറുകണക്കിന് ആളുകളാണ് ഷാര്‍ജ എക്സ്പോ സ​​െൻറര്‍ വേദിയിലേക്ക് ഒഴുകിയെത്തിയത്. പ്രശസ്ത ഗായകരായ എം.ജി. ശ്രീകുമാര്‍, സിതാര കൃഷ്ണകുമാര്‍, രൂപാ രേവതി, സച്ചിന്‍ വാര്യര്‍, സിദ്ധാര്‍ഥ്​ മേനോന്‍, ഹിഷാം അബ്​ദുല്‍ വഹാബ്, മീനാക്ഷി ജയകുമാര്‍  തുടങ്ങിയവര്‍ കാതിനിമ്പം പകരുന്ന പാട്ടുകളുമായി സദസ്സിനെ ഇളക്കിമറിച്ചു. കാണികള്‍ക്കിടയില്‍നിന്ന്​ ഗിറ്റാര്‍ വായിച്ച് വേദിയിലേക്ക് കയറിവന്ന സ്​റ്റീഫന്‍ ദേവസിയെ സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

വേദിയിലെ വെള്ളിവെളിച്ചത്തില്‍ സംഗീതത്തി​​​െൻറ ഇന്ദ്രജാലം തീര്‍ക്കുകയായിരുന്നു സ്​റ്റീഫന്‍ ദേവസ്സിയുടെ ‘പറക്കും വിരലുകള്‍’. ഒപ്പം തബലയുടെ താളങ്ങളും ഡ്രമ്മി​​​െൻറ പ്രകമ്പനങ്ങളും ജാസി​​​െൻറ ചടുലതയും പ്രകമ്പനം തീർത്തതോടെ സദസ്സ് ആനന്ദ നൃത്തമാടി. സംഗീത ലോകത്ത് 33 വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രശസ്ത ഗായകന്‍ എം.ജി. ശ്രീകുമാറിനുള്ള ആദരം കൂടിയായിരുന്നു ശനിയാഴ്​ച കമോണ്‍ കേരള വേദിയില്‍ നടന്നത്. മലയാളികള്‍ നെഞ്ചേറ്റിയ ജോൺസൺ മാസ്​റ്റര്‍, ഗിരീഷ്‌ പുത്തഞ്ചേരി, എം.ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍ മാസ്​റ്റര്‍ തുടങ്ങിയരുടെ തേനൂറും പാട്ടുകളുമായി എം.ജി. ശ്രീകുമാര്‍ സദസ്സിനെ കോരിത്തരിപ്പിച്ചു. ഷാര്‍ജ ടി.വിയിലെ അറബിക് സംഗീത റിയാലിറ്റി ഷോയിലെ ജേതാവ് അറബിക് ഗാനവുമായി സദസ്സിനെ കയ്യിലെടുത്തു.

കുഞ്ഞു ഗായിക ശ്രേയ കുട്ടിയുടെ പ്രകടനമായിരുന്നു മറ്റൊരു ആകര്‍ഷണം. എം.ജി ശ്രീകുമാറും ശ്രേയക്കുട്ടിയും മിന്നും മിന്നമിനുങ്ങേ .... എന്ന് തുടങ്ങുന്ന ഗാനവുമായി വന്നപ്പോള്‍ ആസ്വാദകര്‍ മൊബൈല്‍ ഫോണ്‍ വെളിച്ചം കൂട്ടത്തോടെ തെളിയിച്ചാണ് സ്വീകരിച്ചത്. പ്രവാസി സ്മരണകള്‍ ഉണര്‍ത്തുന്ന "കര കാണാം കടലല മേലെ ... എന്ന ഗാനവുമായി സിദ്ധാര്‍ഥ്‌ മേനോനും മലയാള തനിമയുള്ള ഗാനങ്ങളുമായി സിതാര കൃഷണ കുമാറും രംഗത്തെത്തിയപ്പോൾ സദസ്സ്‌ ഏറ്റുപാടി. പഴയതും പുതിയതുമായ മലയാളം, ഹിന്ദി ഗാനങ്ങള്‍  സ്​റ്റീഫന്‍ ദേവസി ഗിറ്റാറില്‍ തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോഴും സദസ്സ് ഇളകി മറിഞ്ഞു. നാടന്‍ പാട്ടുകളുടെ ഈണങ്ങള്‍ തന്ത്രികള്‍ മീട്ടി സദസ്സിനെ കൊണ്ട് പാടിപ്പിച്ചു. ചടങ്ങില്‍ മാധ്യമം സീനിയര്‍ ജനറൽ മാനേജര്‍ സിറാജലി, ജനറൽ മാനേജര്‍ മുഹമ്മദ്‌ റഫീഖ് എന്നിവര്‍ എം.ജി. ശ്രീകുമാറിന് ഉപഹാരം നല്‍കി. 

Tags:    
News Summary - comon kerala-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.