കൊടും ചൂട് താങ്ങാനാവാതെ ഗള്‍ഫിലെ പുറം ജോലിക്കാര്‍; ആരോഗ്യം ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍

ഷാര്‍ജ: ഗള്‍ഫ് മേഖലയില്‍ ചൂട് 40-50 ഡിഗ്രിക്കിടയില്‍ കത്തുകയാണിപ്പോള്‍. മാസങ്ങള്‍ ഇത് തുടര്‍ന്നേക്കാമെന്നാണ് കണക്ക് കൂട്ടല്‍. ചൂട് കൂടിയതോടെ യു.എ.ഇ ഉച്ചവിശ്രമം പ്രഖ്യാപിച്ചത് വലിയ ആശ്വാസമായതായി പുറം ജോലികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വെള്ളവും പഴച്ചാറുകളും തൊഴില്‍ മേഖലകളില്‍ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ കൊടും ദുരിതം അനുഭവിക്കുകയാണ് ഉച്ചവിശ്രമത്തിന്‍െറ പരിധിയില്‍ വരാത്ത തൊഴിലാളികള്‍. സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങളുമായി സൈക്കിളില്‍ പായുന്നവരുടെ കാര്യമാണ് ഏറെ കഷ്​ടം. 

വിയര്‍പ്പില്‍ കുളിച്ചാണ് ഇവര്‍ ലക്ഷ്യങ്ങളിലേക്ക് കോണി കയറുന്നത്. ലിഫ്റ്റുകളുള്ള കെട്ടിടങ്ങള്‍ ഇവര്‍ക്ക് നേരിയ ആശ്വാസമാണ്. ഹോട്ടല്‍, കഫ്തീരിയ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഏറെ പ്രയാസപ്പെടുന്നു. ബൈക്കില്‍ ഉപജീവനത്തിനായി പായുന്നവരുടെ കാര്യവും മറിച്ചല്ല. ചൂട് കഠിനമാകുമ്പോള്‍ ആരോഗ്യം പരമാവധി ശ്രദ്ധിക്കണമെന്നും നിർജലീകരണം വരാതെ നോക്കണമെന്നുമാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 

നിർജലീകരണം വരാതെ നോക്കാന്‍
മാംസാഹാരം കുറച്ച് സസ്യാഹാരം കൂടുതല്‍ കഴിക്കുകയും വെള്ളം നന്നായി കൂടിക്കുകയും വേണം. വളരെ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ചൂട് കാലത്ത് നല്ലത്. വെള്ളരി, കുമ്പളങ്ങ, പടവലം, കക്കരി എന്നിവ വളരെ നല്ലതാണ്.  പഴവര്‍ഗങ്ങളില്‍  മാങ്ങാ, തണ്ണിമത്തന്‍, ഓറഞ്ച് , വാഴപഴങ്ങള്‍ എന്നിവയും നന്ന്. ചൂട് കാലത്ത് ഭക്ഷണത്തില്‍ നിന്നും എരിവ്, പുളി, ഉപ്പ് എന്നിവ കുറക്കുന്നത് വളരെ ഉത്തമം. കറികളില്‍ വറ്റല്‍ മുളകിന് പകരം പച്ച മുളകോ കുരുമുളകോ ഉപയോഗിക്കാം. തൈര് ഒഴിവാക്കി മോരു ഉപയോഗിക്കുന്നത് നല്ലതാണ്. 

മനുഷ്യ ശരീരത്തി​​​​​െൻറ 75 ശതമാനവും വെള്ളമാണ്. കോശങ്ങളില്‍ പ്രധാനമായും ശേഖരിക്കപ്പെടുന്ന ഈ വെള്ളത്തിന്‍െറ അളവില്‍ കുറവുണ്ടാകുന്ന അവസ്ഥയാണ് നീര്‍ജലീകരണം. വരള്‍ച്ച രൂക്ഷമാവുകയും ചൂട് കഠിനമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിർജലീകരണം വാര്‍ത്തകളില്‍ ഇടം പിടിച്ചുതുടങ്ങിയിട്ടുണ്ട്. 
സാധാരണ ഗതിയില്‍ മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെയാണ് ജലം ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നത്. ചെറിയ അളവില്‍ ശ്വാസത്തിലൂടെയും ജലം ശരീരത്തിന് പുറത്തു കടക്കുന്നു. പക്ഷെ ഇവയെല്ലാം ഒരു നിശ്ചിത അളവില്‍ നിശ്ചിത സമയത്ത് ശരീരം തന്നെ ക്രമീകരിക്കുന്നതിനാല്‍ പ്രശ്നമുണ്ടാകുന്നില്ല.  ഒരാള്‍ കുടിക്കുന്ന വെള്ളം ഇങ്ങനെയുള്ള നഷ്​ടത്തെ മറികടക്കാന്‍ അയാളുടെ ശരീരത്തെ സഹായിക്കുന്നുണ്ട്. എന്നാല്‍ ശുദ്ധമായ വെള്ളം വേണം കുടിക്കാനെന്ന നിര്‍ദേശവും വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നു. 

സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത
താപനില 40ന് മുകളിലേക്ക് ഉയരുമ്പോള്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.  സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീര കോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അള്‍ട്രാ വയലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാകുന്നത്. കഠിനമായ വെയിലത്ത് ദീര്‍ഘനേരം ജോലിചെയ്യുന്നവര്‍ക്ക് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. പരിചരണം ലഭിക്കാതിരുന്നാല്‍ മരണം പോലും സംഭവിക്കാം. 
കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം ഉണ്ടാകാന്‍ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടര്‍ന്ന് താപനില ക്രമാതീതമായി ഉയര്‍ന്നാല്‍ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉയര്‍ന്ന താപനില സാരമായി ബാധിക്കും. അമിതചൂടില്‍ ആവശ്യത്തിനു വെള്ളം കുടിക്കാതെ കഴിയുന്നതുമൂലവും സൂര്യാഘാതം സംഭവിക്കാം. അമിത ചൂടില്‍ കഠിനജോലികള്‍ ചെയ്യുന്നവരില്‍ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ആരോഗ്യ പ്രശ്നങ്ങള്‍
കഠിനമായ ചൂടില്‍ പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും വൃക്ക സ്തംഭനം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. തലച്ചോറിനേയും മറ്റ് പ്രധാനപ്പെട്ട അവയവങ്ങളെയും സൂര്യാഘാതം ബാധിക്കും. അസ്വഭാവികമായ പെരുമാറ്റങ്ങളും അപസ്മാര ബാധ പോലുള്ള ലക്ഷണങ്ങളും ഇതിനത്തെുടര്‍ന്നുണ്ടാകാം. തീവ്രമായ അബോധാവസ്ഥക്കും സൂര്യാഘാതം ഇടയാക്കാം.

പ്രാഥമിക ചികിത്സ
സൂര്യാഘാതം ഏറ്റാല്‍ പ്രാഥമിക ചികിത്സ നിര്‍ബന്ധമാണ്. ശരീരം തണുപ്പിക്കുകയാണ് പ്രാഥമിക ചികിത്സയില്‍ മുഖ്യം. സൂര്യാഘാതം ഏറ്റ വ്യക്തിയെ തണലുള്ള സ്ഥലത്തേക്കു മാറ്റിയ ശേഷം തണുത്ത വെള്ളം കൊണ്ട് ദേഹമാസകലം തുടയ്ക്കണം. ഐസ് കക്ഷത്തിലും തുടയിടുക്കിലും വയ്ക്കുന്നത് നല്ലതാണ്.  രോഗിയെ എത്രയും വേഗം ആശുപത്രിയിലത്തെിക്കുകയും വിദഗ്ദ്ധചികിത്സയ്ക്ക് വിധേയയാക്കുകയും വേണം. 

പ്രതിരോധം
ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ബിയര്‍, മദ്യം, കൃത്രിമ ശീതളപാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ആഹാരത്തി​​​​​െൻറ ഭാഗമാക്കി മാറ്റുക. നിരന്തരമായി വെയിലത്ത് പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ ഇടക്കിടക്ക് തണലിലേക്ക് മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടരുത്​.
വീട്ടിലെ ജനലുകളും വാതിലുകളും തുറന്നിടുക. വെയിലത്ത് നിറുത്തിയിടുന്ന വാഹനങ്ങളില്‍ ഇരിക്കാതിരിക്കുക തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ കുട്ടികളെ വാഹനങ്ങളില്‍ ഇരുത്തി രക്ഷിതാക്കള്‍ കച്ചവട കേന്ദ്രങ്ങളിലേക്കും മറ്റും പോകുന്ന പതിവുണ്ട്. വലിയ അപകടമാണിത്. 
നിരവധി കുട്ടികളാണ് വാഹനത്തിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചിട്ടുള്ളത്. 

Tags:    
News Summary - climates uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.