ആയിരങ്ങളെ അക്ഷരവിരുന്നൂട്ടി ഷാര്‍ജ പുസ്തകോത്സവത്തിന് സമാപ്തി

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍െറ 35ാം അധ്യായത്തിന് ഉജ്വല സമാപ്തി.  11 ദിവസം നീണ്ടുനിന്ന മേള  20 ലക്ഷം പേര്‍ സന്ദര്‍ശിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിന്‍െറ കൃത്യമായ കണക്ക് ഞായറാഴ്ച്ച ലഭ്യമാകും. മുന്‍ വര്‍ഷത്തെ കടത്തി വെട്ടിയാണ് പുസ്തക വില്‍പ്പന പൊടിപൊടിച്ചത്. നവബര്‍ രണ്ടിന്  യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയാണ് മേള ഉദ്ഘാടനം ചെയ്തത്. ചെറിയതോതില്‍ തുടങ്ങിയ മേളയെ ലോകത്തിലെ മൂന്നാമത്തെ വലിയ പുസ്തകമേളയാക്കി വളര്‍ത്തിയത് അക്ഷരങ്ങളെ സ്നേഹിക്കുന്ന സുല്‍ത്താനാണ്. ഇന്ത്യയടക്കം 60 രാജ്യങ്ങളില്‍ നിന്ന് 1420 പ്രസാധകരാണ് ഇത്തവണത്തെ വായനോത്സവത്തിന് വെളിച്ചം പകരാന്‍ എത്തിയത്. 15 ലക്ഷത്തിലേറെ പുസ്തകങ്ങളാണു വില്‍പനയ്ക്കായി മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ 88,000 പുതിയ ശീര്‍ഷകങ്ങളായിരുന്നു.  മലയാളത്തിന്‍െറ ശ്രദ്ധേയമായ സാന്നിധ്യം ഇത്തവണയും ഉണ്ടായിരുന്നു. എം.പിയും എഴുത്തുകാരനുമായ ശശി തരൂര്‍, കനിഷ്ക തരൂര്‍,  ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ് തലവനും മലയാളിയുമായ ഗോപി കല്ലായില്‍,  നടന്‍മാരായ മമ്മുട്ടി, മുകേഷ് എം.എല്‍.എ,   സുരേഷ് ഗോപി എം.പി,സംവിധായകന്‍ ലാല്‍ ജോസ്, എഴുത്തുകാരായ എം. മുകുന്ദന്‍,കെ.സച്ചിദാനന്ദന്‍,  പ്രഫ. വി. മധുസൂദനന്‍ നായര്‍,  കെ.പി രാമനുണ്ണി, ശ്രീകുമാരന്‍ തമ്പി,  ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, ഉണ്ണി ആര്‍,  പി.എന്‍. ഗോപീകൃഷ്ണന്‍, എസ്. ഗോപാല കൃഷ്ണന്‍,അല്‍ഫോന്‍സ് കണ്ണന്താനം, ഡോ. ലക്ഷ്മി നായര്‍ തുടങ്ങിയവരത്തെി.  കവി ജാവേദ് അക്തര്‍, ചേതന്‍ ഭഗത്  നടി ശില്‍പ ഷെട്ടി, ശത്രുഘ്നന്‍ സിന്‍ഹ, എന്നിവരും ഇന്ത്യയില്‍ നിന്ന് എത്തി.  'എനിക്കുവേണ്ടി വായിക്കുന്നു' എന്ന പ്രമേയത്തില്‍ നടന്ന പ്രത്യേക പരിപാടി മേളയുടെ പ്രമേയത്തെ കൂടുതല്‍ ദീപ്തമാക്കി.   മേളയുടെ ചരിത്രത്തില്‍ ആദ്യമായി ഇരുന്നുവായിക്കാനുള്ള സൗകര്യവുമൊരുക്കി.  205 പ്രസാധകരുമായാണ് ഐക്യ അറബ് നാടുകള്‍ പുസ്തകോത്സവത്തിനത്തെിയത്.  163 പ്രസാധകരുമായി ഈജിപ്ത് രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. 110 വീതം പ്രസാധകരുമായി ഇന്ത്യയും ലബനാനും എത്തി. യു.കെ 79, സിറിയ 66, അമേരിക്ക 63, സൗദി അറേബ്യയില്‍ നിന്ന് 61 പ്രസാധകരുമാണ് എത്തിയത്. ഉസ്താദ് റയിസ് ബാലെ ഖാന്‍, ഉസ്താദ് ഹാഫിസ് ബാലെ ഖാന്‍ എന്നിവര്‍ അവതരിപ്പിച്ച ജുഗല്‍ബന്ദി ശ്രദ്ധേയമായിരുന്നു. 

Tags:    
News Summary - Books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.