പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളം കുടിച്ച് അവ ദൂരെ കളയാറാണ് പതിവ്. എന്നാൽ, പിന്നീടിവ എന്താവുന്നുവെന്നോ ഇത്തരം അനേകായിരം കുപ്പികൾ ചേർന്ന് ഭൂമിക്കുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചോ നമ്മൾ ബോധവാന്മാരാവാറില്ല. മിഠായി കഴിച്ച് താഴെയിടുന്ന ഓരോ മിഠായി കവറുകൾ ഭൂമിയിൽ പതിക്കുന്നിടത്ത് തുടങ്ങുന്നതാണ് പരിസ്ഥിതി മലിനീകരണത്തിന്റെ വലിയ തെറ്റുകൾ. പരിസ്ഥിതി സംരക്ഷണത്തിന് ആദ്യം വേണ്ടത് നല്ല രീതിയിലുള്ള മാലിന്യ സംസ്കരണമാണ്. മരങ്ങൾ വെച്ചു പിടിപ്പിച്ചവക്ക് പ്ലാസ്റ്റിക് കുപ്പികൾ ഭക്ഷിക്കാൻ കൊടുത്ത് പരിസ്ഥിതിയെ മലിനമാക്കാതിരിക്കാൻ ഷാർജ എന്നും ശ്രദ്ധിക്കാറുണ്ട്. നിരവധി പദ്ധതികളാണ് മാലിന്യ സംസ്കരണത്തിനായി എമിറേറ്റിലുള്ളത്. മാലിന്യം വേണ്ട വിധത്തിൽ കൈകാര്യം ചെയ്ത് അവ പുനരുപയോഗത്തിന് കൂടി പ്രാപ്തമാക്കുകയാണ് ഷാർജയിലെ ബീഅ.
ലോകത്തിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ചാണ് ബീഅ പ്ലാസ്റ്റിക് വേസ്റ്റുകൾ പുനരുപയോഗത്തിനുകൂടി ഉതകുന്ന രീതിയിൽ മാറ്റിയെടുക്കുന്നത്. പലതരം മാലിന്യങ്ങൾ തരം തിരിച്ച് അവ പ്രത്യേകം സജ്ജീകരിച്ച മെഷീനിൽ നിക്ഷേപിച്ചാണ് അവ പുനരുപയോഗത്തിനുകൂടി പ്രാപ്തമാവുന്ന രീതിയിൽ മാറ്റി എടുക്കുന്നത്. എമിറേറ്റിലെ വിവിധ ഇടങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാനുള്ള മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്.
ഷാർജയിലെ മുനിസിപ്പൽ ഖരമാലിന്യങ്ങൾക്കായി ഏറ്റവും വലിയ രണ്ട് എഞ്ചിനീയറിംഗ് ലാൻഡ്ഫിൽ സെല്ലുകളാണ് ബീഅക്കു കീഴിലുള്ളത്. ആദ്യത്തെ സെല്ലിന് 10 വർഷത്തിനുള്ളിൽ 3,100,000 ദശലക്ഷത്തിലധികം മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ശേഷിയുണ്ട്; രണ്ടാമത്തേതിന് എട്ട് വർഷത്തിനുള്ളിൽ 2,500,000 ദശലക്ഷത്തിലധികം മാലിന്യങ്ങളുൾക്കൊള്ളാനാകും.
യു.എ.ഇയിലെ പ്രമുഖ ഫുഡ് ആൻഡ് ബിവറേജ് കമ്പനികളിൽ ഒന്നായ പെപ്സികോയുമായി ചേർന്ന് പോളിഎഥിലീൻ ടെറെഫ്തലേറ്റ് (പി.ഇ.ടി) പ്ലാസ്റ്റിക്കുകളുടെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയിൽ (എം.ആർ.എഫ്) ശേഖരണം, പുനരുപയോഗം എന്നിവയ്ക്ക് ബീഅ 2021 മുതൽ മേൽനോട്ടം വഹിക്കുന്നുണ്ട്. 600,000 ടണ്ണിലധികം വാർഷിക ശേഷിയുള്ള മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് പുനരുപയോഗ സംവിധാനവും ബീഅക്കുണ്ട്. ഷാർജയുടെ മാളുകളും പാർക്കുകളും മറ്റ് പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് ബീഅ പ്ലാസ്റ്റിക് ശേഖരണ പ്രൊജക്ടുകളും നടത്തുന്നുണ്ട്.
പ്രകൃതി സംരക്ഷിക്കേണ്ടത് ബീഅ എന്ന നിസ്വാർത്ഥ സംഘത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. ഓരോ വ്യക്തിയും പരിസ്ഥിതി സംരക്ഷണത്തിൽ ബോധവാന്മാരായിരിക്കുക. നാം കുടിച്ചു തള്ളുന്ന പ്ലാസ്റ്റിക് കുപ്പികൾ ചുരുങ്ങിയത് അതാത് മാലിന്യ കൊട്ടകളിൽ നിക്ഷേപിച്ച് നമുക്കും ബീഅയോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാവാം. ഉപയോഗ ശേഷം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് അവ ബീഅയുടെ റീസൈക്ലിങ് മെഷീനിൽ നിക്ഷേപിക്കാനും ശ്രദ്ധിക്കുക.
ഷാർജ എമിറേറ്റിനെ മിഡിൽ ഈസ്റ്റിന്റെ പരിസ്ഥിതി തലസ്ഥാനമാക്കി മാറ്റാനും മാലിന്യത്തിന്റെ പുനരുപയോഗത്തിലൂടെയും പരിവർത്തനത്തിലൂടെയും സീറോ-വേസ്റ്റ് ലാൻഡ്ഫില്ലിലേക്ക് എത്തുന്ന ആദ്യത്തെ അറബ് നഗരമാക്കാൻ സാധിച്ചതും ബീഅയുടെ വലിയ നേട്ടങ്ങളിൽ ചിലതാണ്. ഷാർജയുടെ മാലിന്യ സംസ്കരണ ദൗത്യം എന്നും ബീഅയുടെ കൈകളിൽ സുരക്ഷിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.