മതിലിൽ അർജന്‍റീന, മുകളിൽ ഫുട്​ബാൾ; സുബൈർ വാഴക്കാടിന്​ സ്​നേഹവീടൊരുങ്ങുന്നു

ദുബൈ: മതിൽ മുഴുവൻ അർജന്‍റീനൻ മയം, മുകളിൽ മെസ്സിയുടെ ജഴ്​സിയും ഫുട്​ബാളും. മലബാർ ഭാഷയിൽ കളിപറഞ്ഞ്​ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ മലപ്പുറം സ്വദേശി സുബൈർ വാഴക്കാടിനായൊരുങ്ങുന്ന വീടിന്‍റെ മാതൃകയാണിത്​. നിർമാണം അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന വീടിന്‍റെ താക്കോൽ ദാനം ഈ മാസം 19ന്​ നടക്കുമെന്ന്​ വീട്​ നിർമിച്ച്​ നൽകുന്ന യു.എ.ഇയിലെ പ്രവാസി വ്യവസായി സ്മാർട്​ ട്രാവൽ എം.ഡി അഫി അഹ്​മദ്​ വ്യക്​തമാക്കി. പിതാവ്​ യു.പി.സി. അഹമ്മദ് ഹാജിയുടെ ഓർമക്കായി നിർമിച്ച വീടിന്​ യു.പി.സി വില്ല എന്നാണ്​ പേരിട്ടിരിക്കുന്നത്​. 

കഴിഞ്ഞ ഖത്തർ ലോകകപ്പോടെയാണ്​ സുബൈർ വാഴക്കാട് നാട്ടിലെ താരമായത്​. അർജന്‍റീനയുടെ കട്ട ഫാനായ സുബൈർ ലോകകപ്പിനിടെ മത്സരങ്ങൾ അവലോകനം ചെയ്തും പ്രവചിച്ചും കമന്‍ററി പറഞ്ഞും സോഷ്യൽ മീഡിയയിൽ സ്റ്റാറായി. എന്നാൽ, കളി പറച്ചിലിനിടയിലും സുരക്ഷിതമായ വീടെന്ന സ്വപ്നം സുബൈറിന്​ അ​കലെയായിരുന്നു. ഇതറിഞ്ഞ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അഫി അഹ്​മദ്​ വീട്​ നിർമിക്കാൻ മുന്നോട്ടുവരുകയായിരുന്നു. 70 ദിനം കൊണ്ട് വീട് പൂർത്തീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അഫി പറഞ്ഞു. ആദ്യം ഖത്തറിൽ പോയി കളി കാണാൻ എല്ലാ ചിലവും വഹിക്കാമെന്നാണ് അഫി പറഞ്ഞിരുന്നത്. എന്നാൽ, പ്രായമായ പിതൃ സഹോദരിമാർ വീട്ടിലുള്ളതിനാൽ വാഗ്ദാനം സുബൈർ സ്നേഹപൂർവം നിരസിക്കുകയായിരുന്നു. ജനുവരി ഒന്നിന്​ സുബൈറിന്‍റെ വീട്ടിലെത്തിയ അഫി ആദ്യ ഘട്ട ചെലവിന്​ നാല്​ ലക്ഷം രൂപ കൈമാറിയിരുന്നു.


അഫി അഹ്​മദ്​


 

വീടിന്‍റെ മുകൾ ഭാഗം ഫുട്​ബാളിന്‍റെ രൂപമാണ്. എൻജിനിയർ സഫീറിന്‍റെ ജേംസ്റ്റോൺ എന്ന കമ്പനിയാണ് രൂപകൽപ്പനയും നിർമാണവും. പഞ്ചായത്തംഗം എം.കെ.സി. നൗഷാദ്, എം.പി. അബ്ദുൽ അലി എന്നിവരുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപവത്​കരിച്ച് ഈ മാസം 19ന് നടക്കുന്ന ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്​ നാട്ടുകാർ.

Tags:    
News Summary - 'Argentina football home' being ready for Subair Vazhakkadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.