ടൂറിസം മേഖലയെ​ പിന്തുണക്കാൻ സമഗ്ര പാക്കേജുമായി അജ്മാൻ

അജ്മാന്‍: ടൂറിസം മേഖലയുടെ വികസനത്തിനായി സമഗ്ര പാക്കേജുമായി അജ്മാൻ. ടൂറിസം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, നിക്ഷേപങ്ങൾ ആകർഷിക്കുക, എമിറേറ്റിന്‍റെ ടൂറിസം മേഖലയുടെ മത്സരശേഷി വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശപ്രകാരമാണ് അജ്മാൻ ടൂറിസം, സാംസ്കാരിക, മാധ്യമ വകുപ്പ് പുതിയ പദ്ധതി അവതരിപ്പിച്ചത്.

എമിറേറ്റിലെ ടൂറിസം സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രവർത്തന കാര്യക്ഷമതയും മത്സരശേഷിയും വർധിപ്പിക്കുന്നതിനുമായി ലൈസൻസിങ്, മാർക്കറ്റിങ് രംഗത്ത് നിരവധി ഇളവുകൾ ഉൾപ്പെടുന്നതാണ് സമാശ്വാസ പാക്കേജ്.

മാർച്ച് മുതൽ ഇളവുകൾ പ്രാബല്യത്തിലായിട്ടുണ്ട്. ഇതുപ്രകാരം വിനോദ കേന്ദ്രങ്ങളുടെ ഫീസുകൾ അടക്കുന്നതിന് ആറു മാസത്തെ സാവകാശം ലഭിക്കും. ലൈസൻസ് പുതുക്കുന്നത് വൈകിയാലുള്ള പിഴ, ഇവന്‍റ് പെർമിറ്റ് ഫീസ്, ലൈസൻസ് പുതുക്കൽ ഫീസ് എന്നിവയിലും ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

പലിശ രഹിത തവണകൾക്കായി ‘ഫ്ലെക്സിബിൾ പേയ്‌മെന്‍റ്’ സംവിധാനം, 2026 അവസാനം വരെ മ്യൂസിയം സന്ദർശന ഫീസിൽ ഇളവ്, വകുപ്പ് പങ്കെടുക്കുന്ന പ്രദർശനങ്ങളിലും പ്രമോഷണൽ വർക്ക്‌ഷോപ്പുകളിലും പങ്കാളിത്ത ഫീസിൽ നിന്ന് ടൂറിസം സ്ഥാപനങ്ങളെ ഒഴിവാക്കൽ എന്നിവയും പാക്കേജിൽ ഉൾപ്പെടും. ടൂറിസം സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും സന്ദർശകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിലൂടെയും അജ്മാനിലെ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പ്രോത്സാഹന പാക്കേജിന്‍റെ ലക്ഷ്യമെന്ന് ടൂറിസം, സാംസ്കാരിക, മാധ്യമ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി വ്യക്തമാക്കി.

Tags:    
News Summary - Ajman unveils comprehensive package to support the tourism sector.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.