ഗസ്സയിലേക്ക് പുറപ്പെടാൻ സജ്ജമാക്കിയ സഹായ വസ്തുക്കൾ
അജ്മാൻ: സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയുടെ നിർദേശപ്രകാരം ഗസ്സയിലേക്ക് 410 ടൺ സഹായവസ്തുക്കൾ അയച്ചു. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് സഹായം അയച്ചിരിക്കുന്നത്.
ഗസ്സയിലെ ജനങ്ങളെ സഹായിക്കാൻ യു.എ.ഇ നടത്തിവരുന്ന മാനുഷിക സഹായ സംരംഭങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. എമിറേറ്റിലെ നാല് പ്രമുഖ ജീവകാരുണ്യ കൂട്ടായ്മകളുടെ പങ്കാളിത്തത്തിലാണ് സഹായം അയച്ചിരിക്കുന്നത്. ഹുമൈദ് ബിൻ റാശിദ് അൽ നുഐമി ചാരിറ്റി ഫൗണ്ടേഷൻ, ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ, അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷൻ, അൽ ഇത്തിഹാദ് ചാരിറ്റി ഫൗണ്ടേഷൻ എന്നിവയാണ് പങ്കാളികളായത്. ശൈത്യകാലം രൂക്ഷമാകുകയും ഗസ്സയിൽ സ്ഥിതിഗതികൾ വഷളാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, കുടുംബങ്ങളുടെ ദുരിതം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ഭക്ഷണ സാധനങ്ങൾ, ശുചിത്വ കിറ്റുകൾ, മറ്റ് മാനുഷിക സഹായ വസ്തുക്കൾ എന്നിവയാണ് ദുരിതാശ്വാസ സംരംഭത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫലസ്തീൻ ജനതയുടെ പ്രയാസകരമായ മാനുഷിക സാഹചര്യങ്ങളിൽ അവരെ സഹായിക്കുന്നതിനായി ഭക്ഷണവും അവശ്യവസ്തുക്കളും അയച്ചിട്ടുണ്ടെന്ന് അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷൻ ഡയറക്ടർ ജനറൽ ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ അലി അൽ നുഐമി പറഞ്ഞു. യു.എ.ഇയുടെ ഔദാര്യത്തിന്റെയും മാനവിതയോടുള്ള പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് സംരംഭമെന്നും അദ്ദേഹം കൂടിച്ചേർത്തു.
ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിന് കഴിഞ്ഞ ആഴ്ച യു.എ.ഇയുടെ സായിദ് ഹ്യുമാനിറ്റേറിയൻ ഷിപ്പ് -7 എന്നുപേരിട്ട കപ്പൽ ദുബൈ ഹംരിയ തുറമുഖത്തുനിന്ന് ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തേക്ക് പുറപ്പെട്ടിരുന്നു. 5,820 ടൺ മാനുഷിക സഹായങ്ങളാണ് കപ്പലിലുള്ളത്. ഗസ്സയിലേക്ക് 5,800 ടൺ വസ്തുക്കളുമായി യു.എ.ഇ ജനുവരിയിലും കപ്പൽ അയച്ചിരുന്നു.
രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് സംഭാവന ചെയ്ത സഹായ വസ്തുക്കൾ യു.എ.ഇയുടെ ഓപറേഷൻ ഗാലന്റ് നൈറ്റിന്റെ ഭാഗമായാണ് അയച്ചത്. 2023ൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആരംഭിച്ച ഓപ്പറേഷൻ ഗാലൻറ് നൈറ്റ്-3ന്റെ ഭാഗമായി 500ലധികം വിമാനങ്ങൾ, ആറ് കപ്പലുകൾ എന്നിവയിൽ സഹായം ഇതിനകം എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.