ഷാർജ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ
ഷാർജ: കണ്ണൂരിലേക്കുള്ള വിമാനം ഷാർജയിൽനിന്ന് പുറപ്പെട്ടത് ആറര മണിക്കൂർ വൈകി. രാവിലെ എട്ടിന് പുറപ്പെടേണ്ട വിമാനം ഉച്ചക്ക് 2.30ഓടെയാണ് പറന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 746 വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.
പുലർച്ച നാല് മുതൽ യാത്രക്കാർ ഷാർജ വിമാനത്താവളത്തിൽ എത്തിയിരുന്നു. എട്ട് മണിയായിരുന്നു സമയമെങ്കിലും 9.45ന് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചു. ഇതിന് ശേഷം മൂന്ന് തവണ സമയം മാറ്റി. 11 മണിയോടെ യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റി. എന്നാൽ, അരമണിക്കൂർ ബസിൽ ഇരുത്തിയ ശേഷം തിരിച്ചിറക്കി. എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥർ ആരും വ്യക്തമായ മറുപടി തന്നില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു.
സ്ത്രീകളും കുട്ടികളും അടക്കം 150 ലേറെ യാത്രക്കാരുണ്ടായിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്ന് ട്രാൻസിസ്റ്റ് യാത്രക്കായി എത്തിയവരും കുടുങ്ങി. അടിയന്തരമായി നാട്ടിലെത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സാങ്കേതിക പിഴവാണെന്നായിരുന്നു അറിയിപ്പ് ലഭിച്ചത്. കൃത്യമായ വിവരങ്ങൾ കൈമാറാൻ ഉദ്യോഗസ്ഥരാരും എത്തിയില്ലെന്നും ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു. ഒടുവിൽ ഉച്ചക്ക് 2.30ഓടെയാണ് വിമാനം പുറപ്പെട്ടത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകൽ പതിവായിരിക്കുകയാണ്. കഴിഞ്ഞ മാസം പലതവണ വിമാനം വൈകിയിരുന്നു. 29 മണിക്കൂർ വരെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയ സംഭവങ്ങളും അടുത്തിടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.