അപകടരഹിത ദിനം നാളെ; ബ്ലാക്ക് പോയന്റ് കുറക്കാം
ദുബൈ: വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ‘അപകടരഹിത ദിനം’ തിങ്കളാഴ്ച. അധ്യയന വർഷാരംഭത്തിൽതന്നെ സുരക്ഷ റോഡ് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദിനാചരണം നടത്തുന്നത്. തിങ്കളാഴ്ച ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് ഡ്രൈവർമാരോട് ദുബൈ പൊലീസ് ആവശ്യപ്പെട്ടു.
ഡ്രൈവർമാരെ നിയമം പാലിക്കാൻ പ്രേരിപ്പിക്കുന്ന ബോധവത്കരണ കാമ്പയിനുകളും ട്രാഫിക് സംരംഭങ്ങളും വഴി എല്ലാ റോഡ് ഉപഭോക്താക്കൾക്കും ഉയർന്ന സുരക്ഷ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
സ്കൂൾ പരിസരങ്ങളിൽ പ്രത്യേകിച്ച് ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്നും ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കരുതെന്നും വാഹനങ്ങൾക്കിടയിൽ നിശ്ചിത അകലം പാലിക്കണമെന്നും കാൽനടക്കാർക്കും അടിയന്തര വാഹനങ്ങൾക്കും മുൻഗണന നൽകണമെന്നും അധികൃതർ ഓർമിപ്പിച്ചു.
ഡ്രൈവർമാർക്ക് ലൈസൻസിലെ ബ്ലാക്ക് പോയന്റുകൾ കുറക്കാനുള്ള അവസരവും കൂടിയാണ് ‘അപകടരഹിത ദിനം’. ആഗസ്റ്റ് 26ന് അപകടമില്ലാതെ വാഹനം ഓടിച്ചാൽ നാല് ബ്ലാക്ക് പോയന്റ് വരെ കുറക്കാമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ പ്രസ്താവനയിൽ അറിയിച്ചിരുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ട്രാഫിക് പ്രതിജ്ഞയിൽ ഒപ്പുവെച്ച് ആർക്കും കാമ്പയിനിന്റെ ഭാഗമാകാം.
ഡ്രൈവർമാരും രക്ഷിതാക്കളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അഭ്യർഥിച്ചിരുന്നു. ഡ്രൈവർമാരെ ഗതാഗത നിയമങ്ങളിൽ ബോധവാന്മാരാക്കി ഉത്തരവാദിത്തമുള്ള ഡ്രൈവിങ് സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കാനിരിക്കെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൂർണ സജ്ജമെന്ന് വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.