60,000 വർഷം മുമ്പുള്ള രഹസ്യം പുറത്ത്; യു.എ.ഇയിലെ ഈ കണ്ടെത്തൽ ചരിത്രത്തെ മാറ്റിമറിക്കുമോ?

അബൂദബി: യു.എ.ഇയിൽ 2026ൽ നടന്ന പുരാവസ്തു ഗവേഷണങ്ങളിലും ശാസ്ത്രീയ പഠനങ്ങളിലും പ്രാചീന മനുഷ്യ ചരിത്രത്തെയും ജനവാസ കേന്ദ്രങ്ങളെയും കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നു. പ്രാചീന ചരിത്ര കാലഘട്ടം മുതൽ വെങ്കലയുഗം വരെയുള്ള മേഖലയുടെ ചരിത്രത്തെയും അന്നത്തെ സാമ്പത്തിക-സാമൂഹിക ജീവിതത്തെയും കുറിച്ച് നിലവിലുണ്ടായിരുന്ന പല ധാരണകളെയും തിരുത്തുന്നതാണ് പുതിയ കണ്ടെത്തലുകൾ. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ച് പുരാതന മനുഷ്യർ എങ്ങനെയാണ് ഇവിടെ കഴിഞ്ഞുകൂടിയതെന്നും അയൽപ്രദേശങ്ങളുമായി ഏതുതരം ബന്ധങ്ങൾ പുലർത്തിയിരുന്നുവെന്നും വ്യക്തമാക്കുന്ന തെളിവുകളാണ് ഗവേഷകർക്ക് ലഭിച്ചിരിക്കുന്നത്.

ജെബൽ അൽ ബുഹൈസിലെ അപൂർവ കണ്ടെത്തൽ

ഷാർജയിലെ ജെബൽ അൽ ബുഹൈസിലെ പറയിടുക്കിൽ നടത്തിയ രാജ്യാന്തര ഗവേഷണത്തിൽ, വിവിധ കാലഘട്ടങ്ങളിൽ ഇവിടെ മനുഷ്യവാസം നിരന്തരം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. 'നേച്ചർ കമ്മ്യൂണിക്കേഷൻസ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 60000 വർഷം മുതൽ 16000 വർഷം വരെയുള്ള കാലയളവിൽ ഇവിടെ മനുഷ്യസാന്നിധ്യമുണ്ടായിരുന്നു. അതിരൂക്ഷമായ വരൾച്ചയെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രാചീന മനുഷ്യർ അതിജീവിച്ചതിന്റെ നിർണായക തെളിവാണിത്.

 

അൽ ഐനിൽ പുരാതന കല്ലറ

അൽ ഐനിലെ ഖത്താറ പ്രദേശത്ത് വലിയൊരു കല്ലറ കണ്ടെത്തിയതായി അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി. അബൂദബി) അറിയിച്ചു. ഉമ്മുൽ നാർ കാലഘട്ടത്തിലെ (ബി.സി.ഇ 2700-2000) കൊത്തുപണികളുള്ള കല്ലുകൾ പുനരുപയോഗിച്ചാണ് 11 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള ഈ കല്ലറ നിർമിച്ചിരിക്കുന്നത്. ആയിരം വർഷത്തോളം പഴക്കമുള്ള ഈ കൂട്ടക്കല്ലറയിൽ നിന്ന് മൺപാത്രങ്ങൾ, ആയുധങ്ങൾ, ആഭരണങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്.

ഇവിടെ നിന്ന് ലഭിച്ച അസ്ഥികൂടങ്ങളും വസ്തുക്കളും ഐസോട്ടോപ്പ്, ഡി.എൻ.എ പരിശോധനകൾക്ക് വിധേയമാക്കുകയാണ്. അന്നത്തെ വ്യാപാര ശൃംഖലകൾ, ഭക്ഷണരീതി, ആരോഗ്യം, കുടിയേറ്റ പാതകൾ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവഴി ലഭ്യമാകും. 2011ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച അൽ ഐനിലെ സാംസ്കാരിക കേന്ദ്രങ്ങൾക്ക് കൂടുതൽ മാറ്റ് കൂട്ടുന്നതാണ് ഖത്താറയിലെ ഈ കണ്ടെത്തൽ.

ഐസെസ്കോ പൈതൃക പട്ടികയിലേക്ക് അഞ്ചുകേന്ദ്രങ്ങൾ കൂടി

യു.എ.ഇയിലെ അഞ്ച് പുതിയ ചരിത്രകേന്ദ്രങ്ങളെ പ്രമുഖ അന്താരാഷ്ട്ര സംഘടനയായ ഐസെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതായി സാംസ്കാരിക മന്ത്രാലയം അറിയിച്ചു.

 

ദുബൈയിലെ സാറൂഖ് അൽ ഹദീദ്, ഷാർജയിലെ ജെബൽ ഫായ, ഖോർഫക്കാനിലെ പോർച്ചുഗീസ് കോട്ടയും അൽ അദ്വാനി ടവറും അടങ്ങുന്ന ചരിത്രപരമായ കോട്ടകളും ടവറുകളും, നഹ്‌വ, വാദി അൽ ഹെലോ എന്നിവയാണ് ഈ അഞ്ച് കേന്ദ്രങ്ങൾ.

വാദി അൽ ഹെലോയിൽ വെങ്കലയുഗത്തിലെ പാറമേൽ ചിത്രങ്ങളും ചരിത്രപരമായ ഗ്രാമാവശിഷ്ടങ്ങളുമുണ്ട്. നഹ്‌വയിൽ വെങ്കലയുഗം മുതൽ ആധുനിക കാലം വരെയുള്ള ശിലാചിത്രങ്ങൾ 3ഡി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ജെബൽ ഫായയിലെ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കായി 2026 മുതൽ 2028 വരെയുള്ള കാലയളവിലേക്ക് രണ്ട് ദശലക്ഷം ദിർഹമിന്റെ റിസർച്ച് ഗ്രാന്റും അനുവദിച്ചിട്ടുണ്ട്.

ഖനനം, പുനരുദ്ധാരണം, ഡിജിറ്റൽ വിവരശേഖരണം, അന്താരാഷ്ട്ര രജിസ്ട്രേഷൻ എന്നിവ ഏകോപിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സമഗ്രമായ ചരിത്രം വരുംതലമുറയ്ക്കായി സംരക്ഷിക്കാനും ആഗോളതലത്തിൽ പങ്കുവെക്കാനുമുള്ള വലിയ പദ്ധതികളാണ് യു.എ.ഇ. നടപ്പിലാക്കി വരുന്നത്.

Tags:    
News Summary - 60,000-year-old secret unearthed in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.