ദുബൈയില്‍ വില്‍ക്കുന്ന പാരസറ്റാമോളുകള്‍ നിലവാരം ഉറപ്പാക്കിയതെന്ന് മന്ത്രാലയം

ദുബൈ: ഇമറാത്തിലെ വിപണിയില്‍ വില്‍ക്കപ്പെടുന്ന പരാസറ്റാമോള്‍  മരുന്നുകള്‍ സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം. 
യു.എസിലും യൂറോപ്പിലും പ്രാദേശിക തലത്തിലും നിയമാനുകൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ അന്താരാഷ്ട്ര ആരോഗ്യ നിലവാരം കാത്തുസൂക്ഷിച്ച് നിര്‍മിക്കുന്നതാണ് ഇവിടെ ലഭിക്കുന്നവയെന്ന് മന്ത്രാലയം വ്യക്തമാക്കി.  
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മന്ത്രാലയത്തിന്‍െറ ലാബില്‍ കൃത്യമായി മരുന്നുകളുടെ നിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ടെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്‍െറ ആരോഗ്യ നയവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീറി വെളിപ്പെടുത്തി. 
അനധികൃതമായി നിര്‍മിച്ച ഒരു ബ്രാന്‍റ് വേദനാ സംഹാരിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് ഈ വിശദീകരണം.  സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ അപ്പാടെ വിശ്വസിക്കുന്ന ശീലം ഒഴിവാക്കണമെന്നും മരുന്നുകളും ആരോഗ്യ ഉല്‍പന്നങ്ങളും സംബന്ധിച്ച ഒൗദ്യോഗിക വിവരശ്രോതസ് ആരോഗ്യ മന്ത്രാലയമാണെന്നും ഡോ. അല്‍ അമീറി ഉയര്‍ത്തി. മരുന്നുകളുടെ സുരക്ഷയെക്കുറിച്ച് സംശയങ്ങളോ പരാതികളോ ഉള്ളവര്‍ മന്ത്രാലയത്തിന്‍െറ  042301000 നമ്പറിലോ pv@moh.gov.ae എന്ന വിലാസത്തിലോ ബന്ധപ്പെടണം.

ആരോഗ്യം തകര്‍ക്കുന്ന വ്യാജ മരുന്നുകള്‍ക്കെതിരെ മുന്നറിയിപ്പ്
ദുബൈ:  കാന്‍സറിന് വഴിവെക്കുന്നതും കുട്ടികള്‍ക്കും ഹൃദയാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ആപത്കരവുമായ മരുന്നുകള്‍ സംബന്ധിച്ച് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്. കുഞ്ഞുങ്ങളുടെ ജീവന് ഉടനടി ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം മരുന്നുകള്‍ ഹൃദ്രോഗികളുടെ രക്തസമ്മര്‍ദം കുത്തനെ കൂടാനോ കുറയാനോ വഴിവെച്ചേക്കും. 
എക്സ്ട്രാ എച്ച്. ആര്‍.ഡി, എന്‍ഡിസ്മീതൈല്‍ തദാല്‍ഫില്‍, ഗോള്‍ഡ്റിയല്ലാസ് ഒറിജിനല്‍, പ്ളാറ്റിനം വെയിറ്റ്, സൊല്യൂഷന്‍, ജിന്‍സെംഗ് ഫോര്‍ റീ ഇന്‍ഫോഴ്സിംഗ് കിഡ്നി, ഫാറ്റ് ലോസ് മെറ്റബോലൈസര്‍ സൊല്യൂഷന്‍, എക്സ്ട്രീം ബ്യൂട്ടി സ്ളിം, ഷെജിംഗ്പിയാ’, ഓള്‍ഡ് ചൈനീസ്, ലീന്‍ എക്സ്ട്രീം മാക്സ് തുടങ്ങിയ മരുന്നുകള്‍ക്കെതിരെ 12 സര്‍ക്കുലറുകളാണ് മന്ത്രാലയം പുറത്തിറക്കിയത്. അനധികൃത, അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ ഈ  മരുന്നുകളെല്ലാം കള്ളക്കടത്തുവഴി എത്തിക്കുന്നവയാണ്. കസ്റ്റംസ്, സുരക്ഷാ അധികൃതരുടെ നിതാന്ത ജാഗ്രതയില്‍ വ്യാജ-കള്ളക്കടത്ത് മരുന്നുകള്‍ തടയാന്‍ കര്‍ശന നടപടികളാണ് യു.എ.ഇ സ്വീകരിച്ചുവരുന്നത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.