ഇന്ത്യ-യു.എ.ഇ ആഘോഷമായി റിപ്പബ്ളിക് ദിനം

അബൂദബി: പതിവിലധികം ആവേശത്തോടെ ഇന്ത്യന്‍ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മുഖ്യതിഥിയാവുകയും ഇന്ത്യയും യു.എ.ഇയും തമ്മില്‍ 14 കരാറുകള്‍ ഒപ്പുവെക്കുകയും ചെയ്ത സാഹചര്യത്തില്‍ യു.എ.ഇക്കാര്‍ കൂടി ഇന്ത്യന്‍ റിപ്പബ്ളിക് ദിനത്തിന്‍െറ ആഘോഷം ഏറ്റെടുത്തു. ദുബൈയിലെ ബുര്‍ജ് ഖലീഫയും അബൂദബിയിലെ അഡ്നോക് ആസ്ഥാന കെട്ടിടവും ഇന്ത്യന്‍ പതാകയുടെ വര്‍ണങ്ങളില്‍ അലങ്കരിച്ചത് ഏറെ ശ്രദ്ധേയമായി. അബൂദബി സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ വര്‍ഷം തോറും നടത്താറുള്ള ഇന്ത്യ ഫെസ്റ്റ് ഈ വര്‍ഷത്തെ സവിശേഷത പരിഗണിച്ച് യു.എ.ഇ-ഇന്ത്യ ഫെസ്റ്റ് എന്ന പേരിലാണ് സംഘടിപ്പിച്ചത്.
റിപ്പബ്ളിക് ദിനാഘോഷം ഇന്ത്യന്‍ എംബസി ആവേശപൂര്‍വം ആഘോഷിച്ചു. എംബസി അങ്കണത്തില്‍ ഷര്‍ഷെ ദഫെ പവന്‍ കുമാര്‍ റായ് പതാക ഉയര്‍ത്തി. മോഡല്‍  സ്കൂള്‍ അബൂദബി വിദ്യാര്‍ഥികള്‍ ദേശീയ ഗാനവും ദേശഭക്തി ഗാനവും ആലപിച്ചു. ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രത്തോടുള്ള പ്രഭാഷണം വായിച്ചു കേള്‍പ്പിച്ചു. തൊഴിലാളികള്‍, നയതന്ത്രപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി 800ഓളം ഇന്ത്യക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു.
ദുബൈയിലെ യു.എ.ഇ കോണ്‍സുലേറ്റിലും നിരവധി പേര്‍ ആഘോഷത്തില്‍ പങ്കെടുത്തു. കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പതാക ഉയര്‍ത്തി. വിവിധ സ്കൂളുകളിലും റിപ്പബ്ളിക് ദിനാഘോഷം നടന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.