റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ സേവന-സാംസ്കാരിക വേദികളിലെ നിറസാന്നിധ്യമായ വിമല്‍കുമാര്‍ ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. 24 വര്‍ഷം മുമ്പ് യു.എ.ഇയിലത്തെിയ വിമല്‍കുമാര്‍ റാക് മുനിസിപ്പാലിറ്റിയിലെ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചാണ് നാടണയുന്നത്. സേവനം സെന്‍ററുമായി ബന്ധപ്പെട്ട് സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ഇദ്ദേഹം അഞ്ച് വര്‍ഷമായി റാക് സേവനം സെന്‍ററിന്‍െറ പ്രസിഡന്‍റാണ്.
ശ്രീനാരായണീയ വിജ്ഞാനീയങ്ങളിലും കേരള ചരിത്രത്തിലും അവഗാഹമുള്ള വിമല്‍കുമാര്‍ നീണ്ട നാളത്തെ ഗള്‍ഫ് ജീവിതത്തെക്കുറിച്ച വര്‍ത്തമാനത്തിലുപരി നാട്ടില്‍ നിലനിന്നിരുന്ന ആരോഗ്യകരമായ സൗഹാര്‍ദാന്തരീക്ഷത്തിന് പോറലേല്‍ക്കുന്നുവെന്ന ഉത്കണ്ഠകളാണ് പങ്കുവെക്കുന്നത്.
മതങ്ങളെല്ലാം ഉദ്ഘോഷിക്കുന്നത് സ്നേഹവും സൗഹാര്‍ദവുമാണ്. ശ്രീനാരായണീയ സന്ദേശങ്ങള്‍ ഉദ്ഘോഷിക്കുന്നതും സൗഹാര്‍ദാന്തരീക്ഷവും ലോക സമാധാനവുമാണ്. എന്നാല്‍, മതങ്ങളുടെയും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും നേതൃനിരയില്‍ തത്പരകക്ഷികള്‍ പിടിമുറുക്കിയിരിക്കുന്നത് ഛിദ്രശക്തികള്‍ക്ക് മൂക്കുകയറിടുന്നതിന് വിലങ്ങ് തടിയാകുന്നതാണ് നമ്മുടെ നാടിന്‍െറ ദുര്യോഗ്യം. ഉച്ചനീചത്വങ്ങള്‍ക്കും സമുദായ ഉന്നമനത്തിനുമായി യത്നിച്ച മഹാരഥന്മാരെ തങ്ങളുടെ ‘ഫ്രെയിമി’ലാക്കി മുന്നേറാനുള്ള ദുശ്ശക്തികളുടെ ‘യഥാര്‍ഥ അജണ്ട’ സമൂഹത്തെ ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് നാടിനാവശ്യം. നാട്ടിലത്തെിയാല്‍ ഈ പ്രവൃത്തികളിലേര്‍പ്പെടുന്ന സംഘങ്ങളോടൊപ്പമായിരിക്കും തന്‍െറ സാന്നിധ്യമെന്നും വിമല്‍കുമാര്‍ വ്യക്തമാക്കി.
പോറ്റുനാടായ യു.എ.ഇ സമ്മാനിച്ചത് സംതൃപ്തിയേകിയ ജീവിതം. കുടുംബത്തോടൊപ്പം ഇവിടെ ജീവിക്കാന്‍ കഴിഞ്ഞതും ദേശ ഭാഷ ഭേദങ്ങളില്ലാതെയും ആശയാദര്‍ശങ്ങള്‍ക്കുപരിയുള്ള സൗഹൃദ വലയം തീര്‍ക്കാന്‍ കഴിഞ്ഞതും നേട്ടം.
ആര്‍. ശങ്കറിനെ സംഘ്പരിവാര്‍ പാളയത്തില്‍ കെട്ടാനുള്ള പ്രധാനമന്ത്രിയുടെ അവകാശവാദത്തെ ഖണ്ഡിച്ച് റേഡിയോ പ്രഭാഷണം നടത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം. ‘പട്ടാണി’കളെക്കുറിച്ച് കേട്ടറിഞ്ഞ ഭയപ്പാടുകള്‍ അവരുമായുള്ള സഹവാസത്തില്‍ സ്നേഹ തണലായത് അനുഭവസാക്ഷ്യം. വിപത് ഘട്ടത്തില്‍ കൂടെ നടന്നവര്‍ ജലത്തിലെ ‘പായല്‍’ ആയപ്പോള്‍ സാന്ത്വന സ്പര്‍ശമായത് പട്ടാണികള്‍.
സേവനം സെന്‍ററുമായി ബന്ധപ്പെട്ട ജീവകാരുണ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം റാക് ഗള്‍ഫ് മാധ്യമം വിചാരവേദി, ഇന്ത്യന്‍ അസോസിയേഷന്‍, കേരള സമാജം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന വിമല്‍കുമാര്‍ തിങ്കളാഴ്ചയാണ് നാട്ടിലേക്ക് തിരിക്കുന്നത്.
കൊല്ലം മുണ്ടക്കല്‍ ഊരമ്പിള്ളി പരേതരായ പി.കെ. സുകുമാരന്‍െറയും സൗദാമിനിയുടെയും മകനായ വിമല്‍കുമാര്‍ കൊല്ലം കശുവണ്ടി ഫാക്ടറിയിലെ ജോലി മതിയാക്കിയാണ് 1994ല്‍ റാസല്‍ഖൈമ മുനിസിപ്പാലിറ്റിയിലത്തെിയത്. വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം ട്രാഫിക് കണ്‍ട്രോളറായാണ് വിരമിക്കുന്നത്. ഭാര്യ: സുജാത വിമല്‍. മകന്‍: വിഷ്ണു വിമല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.