പേടി കൂടാതെ പരീക്ഷയെഴുതാന്‍  എജ്യൂ കഫേയില്‍ പ്രത്യേക പരിശീലനം 

ദുബൈ: ഉന്നത പഠനത്തിന് ഏറ്റവും മികച്ച കോഴ്സുകളും കലാലയങ്ങളും തിരഞ്ഞെടുക്കാന്‍ ഗള്‍ഫ് മാധ്യമം ഒരുക്കുന്ന എജ്യൂ കഫേ വിദ്യാഭ്യാസ- കരിയര്‍ മേളയുടെ രണ്ടാം പതിപ്പില്‍ പങ്കുചേരാന്‍ ആവേശപൂര്‍വം സ്കൂളുകളും വിദ്യാര്‍ഥികളും. രജിസ്ട്രേഷന്‍ ആരംഭിച്ച് ഒരാഴ്ചക്കകം യു.എ.ഇയിലെ പ്രമുഖ സ്കൂളുകളില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുക്കാന്‍ താല്‍പര്യമറിയിച്ചത്. ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്കൂള്‍ കാമ്പസില്‍ നടക്കുന്ന മേളയില്‍ 10,11,12 ക്ളാസ് വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഒപ്പം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം.  പൊതു പരീക്ഷകളെ പേടികൂടാതെ നേരിടാന്‍ ഉതകുന്ന പ്രത്യേക മാര്‍ഗനിര്‍ദേശവൂം എളുപ്പവിദ്യകളും ഉള്‍ക്കൊള്ളിച്ച പ്രത്യേക സെഷനാണ് ഈ വര്‍ഷത്തെ എജ്യൂ കഫേയുടെ സവിശേഷതകളിലൊന്ന്. വിവിധ മത്സര പരീക്ഷകളില്‍ ഒന്നാമതത്തെിയ വിദഗ്ധരാണ് സെഷന് നേതൃത്വം നല്‍കുക. ഇതിനു പുറമെ പ്രചോദക പ്രഭാഷകരും കരിയര്‍ കണ്‍സള്‍ട്ടന്‍റുകളും കൗണ്‍സലര്‍മാരും അണിനിരക്കും. രക്ഷിതാക്കള്‍ക്ക് കൗണ്‍സലിംഗും സംഘടിപ്പിക്കും.  മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറാവുന്ന വിദ്യാര്‍ഥികള്‍ക്ക് മേളയില്‍ മാതൃകാ എന്‍ട്രന്‍സ് പരീക്ഷയും നടത്തുന്നുണ്ട്.  കുട്ടികള്‍ക്കായി നിരവധി കളികളും മത്സരങ്ങളും ആകര്‍ഷക സമ്മാനങ്ങളും എജ്യൂ കഫേയിലുണ്ടാവും.   www.madhyamam.com/gulf_home വെബ് സൈറ്റിലെ എജു കഫെ ലിങ്ക് മുഖേനയാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രവേശനം സൗജന്യമാണ്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.