അബൂദബി പൊലീസ് മൊബൈല്‍ ഫോണ്‍ ആപ് പുറത്തിറക്കി; 35 സേവനങ്ങള്‍ ലഭ്യം

അബൂദബി: അബൂദബി പൊലീസ് 35 സേവനങ്ങള്‍ ലഭ്യമാകുന്ന സൗജന്യ മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി. ഗതാഗത പിഴ അടക്കല്‍, വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സ് എടുക്കല്‍, ഡ്രൈവിങ് ടെസ്റ്റ് ഷെഡ്യൂളുകളും ഗതാഗത പിഴകളും പരിശോധിക്കല്‍, മവാഖിഫ് ഫീസ് അടക്കല്‍ തുടങ്ങിയ സേവനങ്ങളടങ്ങിയ ആപ്ളിക്കേഷനാണ് പുറത്തിറക്കിയത്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ളാറ്റ്ഫോമുകളില്‍ ആപ്ളിക്കേഷന്‍ ലഭിക്കും. 
നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന്‍െറ ആപ്ളിക്കേഷനായ എം.ഒ.ഐ യു.എ.ഇയില്‍ മാത്രമായിരുന്നു പൊലീസ് സേവനങ്ങള്‍ ലഭ്യമായിരുന്നത്. ഈ ആപ്ളിക്കേഷനില്‍ സിവില്‍ ഡിഫന്‍സ്, പൗരത്വ, റെസിഡന്‍സി സേവനങ്ങളും ഉള്‍പ്പെടുന്നുണ്ട്. പൊലീസ് സേവനങ്ങള്‍ക്ക് മാത്രമായുള്ള പുതിയ ആപ്ളിക്കേഷന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും.
ബുധനാഴ്ച അബൂദബി പൊലീസ് വകുപ്പിന്‍െറ സമുച്ചയത്തില്‍ നടന്ന പരിപാടിയില്‍ അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ ആല്‍ റുമൈതിയാണ് ആപ്ളിക്കേഷനും വെബ്സൈറ്റും പ്രകാശനം ചെയ്തത്. നവീനമായ പൊലീസ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്‍െറ ഭാഗമാണ് പുതിയ മൊബൈല്‍ ആപ്ളിക്കേഷനെന്ന് അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ യു.എ.ഇ പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് മികച്ച പൊലീസ് സേവനം ലഭ്യമാക്കി അബൂദബി പൊലീസ് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വേക്കും പരീക്ഷണ ഘട്ടത്തിനും ശേഷമാണ് ആപ്ളിക്കേഷന്‍െറ അന്തിമ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സര്‍വേയില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായം പരിഗണിച്ചായിരുന്നു ആപ്ളിക്കേഷന്‍ വികസിപ്പിച്ചത്. പരീക്ഷണ കാലയളവില്‍ 20,000 പേര്‍ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. സര്‍വയേില്‍ പങ്കെടുത്ത 85 ശതമാനം പേര്‍ ആപ്ളിക്കേഷനില്‍ സംതൃപ്തി പ്രകടിപ്പിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.