ഡി.ഇ.ഡി  പിടിച്ചെടുത്തത്  116 കോടിയുടെ വ്യാജ ഉല്‍പന്നങ്ങള്‍ 

ദുബൈ: വ്യാജ ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് തുടച്ചുനീക്കുന്നതിന് ദുബൈ സാമ്പത്തിക വികസന വിഭാഗം (ഡി.ഇ.ഡി) നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. പോയ വര്‍ഷം 116 കോടി ദിര്‍ഹം വില മതിക്കുന്ന 6.77 കോടി ഉല്‍പന്നങ്ങളാണ് കണ്ടുകെട്ടി നശിപ്പിച്ചത്.  മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം അധികം തുകയുടെ ഉല്‍പന്നങ്ങള്‍.
പിടികൂടിയതില്‍ ഏറെയും മൊബൈല്‍ ഫോണുകളാണ്. ട്രേഡ്മാര്‍ക്കും ബൗദ്ധിക സ്വത്തവകാശവും സംരക്ഷിക്കുന്നതിനും ലോകത്തെ ഏറ്റവും മികച്ച ബ്രാന്‍റുകള്‍ വന്നുചേരുന്ന ആഗോള വ്യാപാര കേന്ദ്രമെന്ന വിശ്വസ്തത നിലനിര്‍ത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള യഥാര്‍ഥ ഉല്‍പന്നങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് ഡി.ഇ.ഡിയുടെ ശ്രമങ്ങളെന്ന് വാണിജ്യ സമ്മത- ഉപഭോക്തൃ സംരക്ഷണ (സി.സി.സി.പി) വിഭാഗം സി.ഇ.ഒ മുഹമ്മദ് റഷീദ് അലി ലൂത്ത വ്യക്തമാക്കി.  മികച്ച വാണിജ്യ സംസ്കാരം വളര്‍ത്തുന്നതിനും മികച്ച നിക്ഷേപം സാധ്യമാക്കുന്നതിനും വ്യാജ ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് ഇല്ലാതാക്കുന്നത് അത്യാവശ്യമാണ്.
മൊബൈല്‍ ഫോണിനു പുറമെ ബാറ്ററി, ചാര്‍ജര്‍, ഇയര്‍ഫോണ്‍ തുടങ്ങിയ അനുബന്ധ വസ്തുക്കള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, നിര്‍മാണ സാമഗ്രികള്‍, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടത്തെുന്നതിന് നിരന്തര പരിശോധനകളും അന്വേഷണങ്ങളും ഡി.ഇ.ഡി സംഘടിപ്പിക്കുന്നുണ്ടെന്ന് ബൗദ്ധിക സ്വത്തവകാശ വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം ബെഹ്സാദ് അറിയിച്ചു. വ്യവസായികളും നിക്ഷേപകരും വഞ്ചിതരാവാതിരിക്കാന്‍ ബ്രാന്‍റുകള്‍ രജിസ്റ്റര്‍ ചെയ്യണം.  
മനുഷ്യ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായവയാണ് വ്യാജ ഉല്‍പന്നങ്ങളെന്നും ഇത്തരം വസ്തുക്കളുടെ വിപണനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താക്കള്‍ 600 54 5555 നമ്പറിലോ Dubai_consumers എന്ന ഹാഷ്ടാഗോടെ ട്വിറ്ററിലോ വിവരമറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.