ഹോര്‍ലാന്‍സില്‍ നഗരസഭ ഓഫിസ് നിര്‍മാണത്തിന് അനുമതി 

ദുബൈ: ഹോര്‍ലാന്‍സില്‍ 104 ദശലക്ഷം ദിര്‍ഹം ചെലവില്‍ ഓഫിസ് കോംപ്ളക്സ് നിര്‍മാണത്തിന് യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ നഗരസഭ ചെയര്‍മാനും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. 
നഗരസഭയുടെ സേവനങ്ങള്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. 
28,000 ചതുരശ്രമീറ്ററില്‍ മൂന്ന് നിലകളുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. കെട്ടിടത്തിന്‍െറ ഭൂഗര്‍ഭ നിലയില്‍ 220 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. 
സെമിനാറുകള്‍ക്കും യോഗങ്ങള്‍ക്കുമായി വിവിധോദ്ദേശ്യ ഹാളുകള്‍, കഫ്തീരിയ എന്നിവ കെട്ടിടത്തിലുണ്ടാകും. മുനിസിപ്പാലിറ്റി ക്ളിനിക്ക്, നഗരസഭ പരസ്യവിഭാഗം വര്‍ക്ഷോപ്പ് എന്നിവയും ഇവിടെ പ്രവര്‍ത്തിക്കും. മുകള്‍നിലകളില്‍ വിവിധ വകുപ്പുകളിലെ ഇന്‍സ്പെക്ടര്‍മാരുടെ ഓഫിസുകളായിരിക്കും. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇവിടെ പ്രവേശമുണ്ടാകില്ല. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും കെട്ടിടമെന്നും ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.