വായനാ മത്സര ജേതാക്കള്‍ക്ക് ശൈഖ് മുഹമ്മദിന്‍െറ ആദരം

ദുബൈ: വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അറബ് റീഡിങ് ചലഞ്ചിന് വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ചത് മികച്ച പ്രതികരണം. 828 സ്കൂളുകളിലെ 1.6 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ 50 ലക്ഷത്തോളം പുസ്തകങ്ങളാണ് വായിച്ചത്. ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച 15 വിദ്യാര്‍ഥികളെ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആദരിച്ചു.
 വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 50 പുസ്തകങ്ങള്‍ വായിച്ച 17കാരി ഫാത്തിമ അഹ്മദ് ബിന്‍ ബാഖിത് ആല്‍ നുഐമിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അറബ് റീഡിങ് ചലഞ്ചിന്‍െറ ഫൈനല്‍ റൗണ്ടില്‍ ഫാത്തിമ യു.എ.ഇയെ പ്രതിനിധീകരിക്കും. 
മത്സരത്തോട് വിദ്യാര്‍ഥികളുടെ പ്രതികരണം വായന മരിച്ചിട്ടില്ളെന്നതിന് തെളിവാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 50,000 വിദ്യാര്‍ഥികളാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഒരുവര്‍ഷത്തിനിടെ 50 പുസ്തകങ്ങളാണ് ഓരോരുത്തരും വായിച്ചത്. ഭാവിയുടെ വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ പ്രാപ്തരാണെന്നതാണ് ഇത് തെളിയിക്കുന്നത്. വായന അറിവിന്‍െറ പുതിയ വാതായനങ്ങളാണ് അവര്‍ക്ക് മുന്നില്‍ തുറന്നിട്ടത്. 
ജീവിത സാഹചര്യങ്ങള്‍ മികവുറ്റതാക്കാന്‍ വായന അവരെ സഹായിക്കും. അറബ് റീഡിങ് ചലഞ്ചിലൂടെ യു.എ.ഇയിലെ വിദ്യാര്‍ഥികളുടെ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞു. സ്വപ്നങ്ങള്‍ പിന്തുടര്‍ന്ന് ലക്ഷ്യത്തിലത്തൊനാണ് വിദ്യാര്‍ഥികളോടും അധ്യാപകരോടും ഉപദേശിക്കാനുള്ളത്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇതിന്‍െറ ഫലം കൊയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു.    
മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ഥികളുടെ പേര് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ഇബ്രാഹിം അല്‍ ഹമ്മാദി പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അറബ് റീഡിങ് ചലഞ്ച് ഹയര്‍കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി എന്നിവരും സന്നിഹിതരായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.