അബൂദബി: ഇന്ത്യ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.എസ്.സി) നടത്തുന്ന ഇന്‍റര്‍ യു.എ.ഇ യുവജനോത്സവം മേയ് 26,27, 28 തീയതികളില്‍ നടക്കും. ഐ.എസ്.സിയിലെ അഞ്ച് വേദികളില്‍ മൂന്ന് ദിവസങ്ങളിലായി 21 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. മൂന്ന് മുതല്‍ 18 വരെ വയസ്സുള്ളവരെ പ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുക. യു.എ.ഇയിലെ വിവിധ സ്കൂളുകളിലെയും നൃത്ത വിദ്യാലയങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും 600ലധികം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്, ഒഡീസി, കര്‍ണാടിക്- ഹിന്ദുസ്ഥാനി സംഗീതം, ലളിത സംഗീതം, മോണോ ആക്ട്, പ്രച്ഛന്ന വേഷം തുടങ്ങിയവയിലാണ് മത്സരം നടക്കുക. കൂടുതല്‍ പോയന്‍റ് കിട്ടുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കലാതിലകവും പ്രതിഭയും ആയി തെരഞ്ഞെടുക്കും. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷയും കൂടുതല്‍ വിവരങ്ങളും www.iscabudhabi.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഐ.എസ്.സി പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ്, ആര്‍.വി. ജയദേവന്‍, ഷിജില്‍ കുമാര്‍, മിഡിയോര്‍ അബൂദബി പീറ്റര്‍ സ്ളാബെര്‍ട്ട്സ്, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ലാലു ചാക്കോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.