അസ്മോ വിടപറഞ്ഞിട്ട് ഒരാണ്ട്; ഓര്‍മകളില്‍ ഇന്നും അബൂദബി

അബൂദബി: കവി, സാംസ്കാരിക പ്രവര്‍ത്തകന്‍, സംഘാടകന്‍ തുടങ്ങിയ നിലകളിലെല്ലാം വിലപ്പെട്ട സംഭാവനകള്‍ നല്‍കി തന്‍െറ പ്രവാസം അടയാളപ്പെടുത്തിയ അസ്മോ പുത്തന്‍ചിറ വിട പറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു. 41 വര്‍ഷം നീണ്ട പ്രവാസ ജീവിതത്തിനിടെ പ്രവാസ ലോകത്ത് വിവിധ സാഹിത്യ, സാംസ്കാരിക കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്ന അസ്മോ 2015 മേയ് 11നാണ് വിടപറഞ്ഞത്.
അബൂദബിയിലും യു.എ.ഇയിലുള്ള ചെറുപ്പക്കാരിലും പ്രവാസ സമൂഹത്തിലും ഒരു പോലെ സ്വാധീനം ചെലുത്തിയ അസ്മോ പുത്തന്‍ചിറ വിടപറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രവാസ ലോകത്തെ സാഹിത്യ പ്രേമികളുടെ ആവേശമാണ്. അസ്മോയുടെ ഫേസ്ബുക്ക് പേജില്‍ ഇപ്പോഴും കവിതകളുടെ നുറുങ്ങുകളും ഓര്‍മകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രായഭേദമന്യേയുള്ള സുഹൃദ് സമൂഹം ഇപ്പോഴും വിവിധ ആഘോഷ വേളകളില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുന്നു. അരീപ്പുറത്ത് സെയ്ത് മുഹമ്മദ് എന്ന അസ്മോ പുത്തന്‍ചിറ ഡിപ്ളോമ പൂര്‍ത്തിയാക്കിയ ശേഷം 41 വര്‍ഷം മുമ്പാണ് ബോംബെയില്‍ നിന്ന് കപ്പലില്‍ യു.എ.ഇയിലേക്ക് എത്തിയത്.
പ്രവാസത്തിന്‍െറ ഒറ്റപ്പെടലും നാടിനെ കുറിച്ചുള്ള ഓര്‍മകളും എല്ലാം അസ്മോയിലെ സാഹിത്യപ്രേമിയെ ഉണര്‍ത്തുകയായിരുന്നു. സ്വയം രചന നടത്തുന്നതിനൊപ്പം എഴുത്തിനെയും സാഹിത്യത്തെയും സംസ്കാരത്തെയും ഇഷ്ടപ്പെടുന്ന വലിയൊരു സുഹൃദ് സംഘത്തെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. അബൂദബി, ദുബൈ, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇതോടൊപ്പം അബൂദബി കേന്ദ്രീകരിച്ച് കോലായ എന്ന പേരില്‍ സാഹിത്യ കൂട്ടായ്മ രൂപവത്കരിക്കുകയും ചെയ്തു. അസ്മോയുടെ നിര്യാണത്തോടെ പ്രവര്‍ത്തനം നിലച്ച കൂട്ടായ്മ കഴിഞ്ഞ ജനുവരിയിലാണ് വീണ്ടും ഒത്തുചേര്‍ന്നത്.
കഴിഞ്ഞ ദിവസം അസ്മോക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും ഒത്തുചേര്‍ന്നിരുന്നു.  ‘അസ്മോ ഒരോര്‍മ്മ‘ എന്ന പേരില്‍ സംഘടിപ്പിച്ച കവിയരങ്ങ് അബൂദബി കേരള സോഷ്യല്‍ സെന്‍ററിലാണ് നടന്നത്. ഒൗപചാരികതകള്‍ ഇല്ലാത്ത ചടങ്ങില്‍  അസ്മോയുടെ നൂറോളം സുഹൃത്തുക്കള്‍ പങ്കെടുത്തു. ഫൈസല്‍ ബാവ  അനുസ്മരണ പ്രഭാഷണം നടത്തി.
പ്രശസ്ത കവികളായ പിപി.രാമചന്ദ്രന്‍, അന്‍വര്‍ അലി, പി.എന്‍ ഗോപീകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ.എ. സൈഫുദ്ദീന്‍  തുടങ്ങിയവര്‍ നാട്ടില്‍ നിന്നും ഓണ്‍ ലൈന്‍ വഴി അസ്മോ ഓര്‍മകള്‍ പങ്കുവെച്ചു. അജി രാധാകൃഷ്ണന്‍, എസ്.എ ഖുദ്സി, കമറുദ്ദീന്‍ ആമയം, കെ.എസ്.സി കലാവിഭാഗം സെക്രട്ടറി കെവി ബഷീര്‍. കെബി.മുരളി,  കൃഷ്ണകുമാര്‍ ടി, ബീരാന്‍ കുട്ടി, ഇസ്കന്ദര്‍ മിര്‍സ്സ, കെവി.റാഷിദ്, മുഹമ്മദ് അസ്ലം, മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ അസ്മോയുടെ തടി, പിന്‍ഗാമി, പക്ഷം, കാവ്യായനം എന്നീ കവിതകള്‍ ടി.എ.ശശി, റഷീദ് പാലക്കല്‍, രമേഷ് നായര്‍ എന്നിവര്‍ ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.