ഷാര്‍ജയില്‍ ദേശാടന പക്ഷികളെ  വേട്ടയാടിയാല്‍ 19,000 ദിര്‍ഹം പിഴ

ഷാര്‍ജ: എമിറേറ്റിലേക്ക് വിരുന്നിനത്തെുന്ന ദേശാടന പക്ഷികളെ വേട്ടയാടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളാന്‍ ഷാര്‍ജ എക്സിക്യുട്ടിവ് കൗണ്‍സില്‍ തിരുമാനിച്ചു. വേട്ടയാടല്‍ പിടിക്കപ്പെട്ടാല്‍ 19,000 ദിര്‍ഹം പിഴയാണ് ശിക്ഷ. ആവര്‍ത്തിക്കപ്പെട്ടാല്‍ പിഴ സംഖ്യ ഇരട്ടിക്കുമെന്ന് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജ ഉപഭരണാധികാരിയും എക്സിക്യുട്ടിവ് കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ സലീം ആല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് സുപ്രധാനമായ തിരുമാനമെടുത്തത്. 
വംശനാശ  ഭീഷണി നേരിടുന്ന പക്ഷികള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, സമുദ്ര ജീവികള്‍ എന്നിവയെ സംരക്ഷിക്കാനും അവയെ വരും തലമുറക്കായി കാത്തുവെക്കാനും വൈവിധ്യമാര്‍ പദ്ധതികള്‍ ഷാര്‍ജയില്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. 
സന്ദര്‍ശകരെ അനുവദിക്കാത്ത അല്‍ ബുസ്താന്‍ ഉദ്യാനം, കഴിഞ്ഞ ദിവസം സന്ദര്‍ശകര്‍ക്കായി തുറന്ന  കല്‍ബയിലെ ഹിഫായിയാ വന്യ ജീവി സങ്കേതം എന്നിവ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അത്താണിയാണ്. മൃഗങ്ങളുടെ പ്രജനനത്തിന് മാത്രമായി പ്രത്യേക സൗകര്യമാണ് ഷാര്‍ജ ഒരുക്കിയിട്ടുള്ളത്. വന്യ ജീവികളെ കൊണ്ട് വന്ന് കൂട്ടിലടക്കുന്ന പ്രവണത ഒഴിവാക്കി, അവരുടെ തനത് ആവാസ വ്യവസ്ഥ ഒരുക്കിയാണ് ഷാര്‍ജ സംരക്ഷണം ഏകുന്നത്. നിരവധി തോടുകളും കടലോരങ്ങളുമുള്ള ഷാര്‍ജയുടെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി ദേശാടന പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. 
നിരവധി ദേശാടനപക്ഷികളാണ് ഇപ്പോള്‍ ഷാര്‍ജയില്‍ എത്തിയിരിക്കുന്നത്. വേനല്‍ കനക്കുന്നത് വരെ അവരിവിടെ കാണും. ചില്ലകളിലും പുല്‍മേടുകളിലും പൂന്തോട്ടങ്ങളിലുമെല്ലാം പക്ഷി സാന്നിധ്യമുണ്ട്. 
ദേശാട പക്ഷികളുടെ സുരക്ഷ അതിപ്രധാനമായി കാണുന്നതിനാലാണ് ശക്തമായ തിരുമാനമെടുക്കാന്‍ എക്സിക്യുട്ടിവ് കൗണ്‍സില്‍ തിരുമാനിച്ചതെന്ന് ഉപഭരണാധികാരി പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.