ദുബൈയില്‍ മലയാളി യുവാവിന് 57ലക്ഷം രൂപ നഷ്ടപരിഹാരം

ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ യുവാവിന് മൂന്ന് ലക്ഷത്തിലേറെ ദിര്‍ഹം (ഏകദേശം 57 ലക്ഷം രൂപ)നഷ്ട പരിഹാരം നല്‍കാന്‍ ദുബൈ അപ്പീല്‍ കോടതി വിധിച്ചു
17 വര്‍ഷമായി  ദുബൈയിലെ ഒരു കഫ്ത്തീരിയയില്‍ വെയിറ്ററും ഡെലിവറി ബോയിയുമായി ജോലി ചെയ്യുന്ന നവാസിനാണ് നഷ്ടപരിഹാരം ലഭിക്കുക. 2014 മേയ് നാലിന് ഫ്ളാറ്റില്‍ സാധനം കൊടുത്ത് തിരികെ  കടയിലേക്ക് പോകുമ്പോള്‍ മിസ്വാര്‍-രണ്ട് പ്രദേശത്ത് വെച്ച് ഈജിപ്ഷ്യന്‍  യുവതി ഓടിച്ച കാര്‍ നവാസിന്‍െറ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. 
ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ്  ഊരിപ്പോയി തലക്ക് ക്ഷതമേറ്റ  നവാസിനെ ഉടന്‍ തന്നെ ദുബൈയിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് ദിവസം ബോധരഹിതനായിരുന്നു. 15 ദിവസം റാഷിദ് ആശുപത്രിയില്‍ ചികിത്സ നടത്തിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് നവാസിന്‍െറ സഹോദരന്‍ മുജീബ് ദുബൈയിലെ ലീഗല്‍ കണ്‍സള്‍ട്ടന്‍റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന ഏഴു ലക്ഷം ദിര്‍ഹം  നഷ്ടപരിഹാരം ആവശ്യപ്പെട്ട്  കേസ് ഫയല്‍ ചെയ്തു. പ്രാഥമിക കോടതി മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചത് അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു.  
കോടതിയില്‍ നിന്ന് പലിശയടക്കം 3,12,850 ദിര്‍ഹം ഈ കേസില്‍ ലഭിച്ചു. 57 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപയാണ് നവാസിന് നഷ്ടപരിഹാരമായി ലഭിച്ചത്.  നവാസ് ഇപ്പോള്‍ ദുബൈയിലെ കഫ്ത്തീരിയയില്‍ ജോലി ചെയ്യുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.