രണ്ട് പതിറ്റാണ്ടിലധികം നീണ്ട പരിചയമായിരുന്നു കലാഭവന്‍ മണിയുമായി ഉണ്ടായിരുന്നത്. തീര്‍ത്തും അവിശ്വസനീയമാണ് മണിയുടെ വിയോഗ വാര്‍ത്ത. ഒരുമിച്ച് അഭിനയിച്ചിട്ടില്ളെങ്കിലും രണ്ട് പതിറ്റാണ്ടായി അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ഇടക്കിടെ കാണുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഒന്നര വര്‍ഷത്തോളം മുമ്പ് അല്‍ഐനില്‍ നടന്ന സ്റ്റേജ് ഷോയില്‍ വെച്ചാണ് അവസാനമായി കണ്ടത്. മണി സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു. അന്ന് ഞാന്‍ ഉമ്മുല്‍ഖുവൈന്‍ റേഡിയോയില്‍ ജോലി ചെയ്യുകയായിരുന്നു. അതോടൊപ്പം ഈസ്റ്റ്കോസ്റ്റ് വിജയന്‍െറ ചിത്രം ഫിലിം മാഗസിനിന്‍െറ റസിഡന്‍റ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്താണ് നടന്‍ സിദ്ദീഖ് ‘താരമേള’ എന്ന ഷോയുമായി എത്തുന്നത്. ഈ ഷോയിലൂടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കലാഭവന്‍ മണിയായിരുന്നു. ജുറാസിക് പാര്‍ക്ക് ഇറങ്ങിയ സമയമായിരുന്നു അത്. ഷോ തുടങ്ങുമ്പോള്‍ തന്നെ സദസ്സിന്‍െറ ഇടയില്‍ നിന്ന് മദ്യപാനിയായി എത്തുന്ന കലാഭവന്‍ മണിയായിരുന്നു സ്റ്റേജിനെ ആഘോഷമാക്കിയിരുന്നത്. ഇതോടൊപ്പം ജുറാസിക് പാര്‍ക്കിലെ ദിനോസറിന്‍െറ രൂപത്തില്‍ സ്റ്റേജില്‍ അസാധ്യപ്രകടനമാണ് കാഴ്ചവെച്ചത്.
ഈ സമയത്താണ് കലാഭവന്‍ മണിയെ അഭിമുഖം ചെയ്യാന്‍ എത്തുന്നത്. മണിയുടെ ആദ്യ അഭിമുഖമായിരുന്നു അത്. മണിയുടെ സ്റ്റേജിലെ പ്രകടനങ്ങളെല്ലാം വിലയിരുത്തിയുള്ള അഭിമുഖമാണ് തയാറാക്കിയത്. ‘ചിരിയുടെ മണിമുഴക്കം’ എന്ന പേരില്‍ ചിത്രം ഫിലിം മാഗസിനില്‍ ഈ അഭിമുഖം അച്ചടിച്ചുവന്നു. ലോഹിതദാസ് എഴുതുന്ന പുതിയ സിനിമയിലേക്ക് മണിക്ക് വേഷം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്നാല്‍, വീട്ടില്‍ ഫോണ്‍ പോലും ഇല്ലാത്തതിനാല്‍ എങ്ങനെ അറിയുമെന്ന് ആശങ്കയും ഉണ്ടെന്നും പറഞ്ഞാണ് അഭിമുഖം അവസാനിച്ചത്. ഒരു മാസം നീണ്ട ഗള്‍ഫ് ഷോ കഴിഞ്ഞ് മണി നാട്ടിലേക്ക് എത്തുമ്പോഴേക്കും അഭിമുഖം അച്ചടിച്ചുവന്നിരുന്നു. സല്ലാപം ഇറങ്ങിയതിന് ശേഷം മണി ഗള്‍ഫ് ഷോക്കായി ദുബൈയില്‍ എത്തിയപ്പോഴും കണ്ടിരുന്നു. അന്നത്തെ അഭിമുഖം ഏറെ ഗുണം ചെയ്തെന്നും മറ്റും പറയുകയും ചെയ്തു. കെ.പി.കെ വെങ്ങരയുമൊത്ത് മണിയുടെ അഭിമുഖം ഉമ്മുല്‍ഖുവൈന്‍ റേഡിയോ വഴി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇടക്കിടെയുണ്ടായ കൂടിക്കാഴ്ചകളിലൂടെ സൗഹൃദം ദൃഢമാകുകയും വളരെ വ്യക്തിപരമായ കാര്യങ്ങള്‍ വരെ പങ്കുവെക്കുകയും ചെയ്തിരുന്നു. ജീവിതത്തില്‍ നേരിടേണ്ടി വന്ന അവഹേളനങ്ങളും വെല്ലുവിളികളും എല്ലാം വിവരിക്കുമായിരുന്നു. ചെറിയ നേട്ടങ്ങളില്‍ വരെ സന്തോഷം കൊള്ളുമായിരുന്നു. നല്ളൊരു പോരാളിയും ആയിരുന്നു. ലക്ഷ്യങ്ങള്‍ നേടുന്നതിനായി വളരെയധികം പ്രയത്നിക്കുകയും ചെയ്തു. നടനും മിമിക്രി ആര്‍ട്ടിസ്റ്റും എന്നതിനൊപ്പം നാടന്‍ പാട്ടുകള്‍ക്ക് കേരളത്തില്‍ വാണിജ്യ മൂല്യം ഉണ്ടാക്കുകയും ചെയ്ത വ്യക്തി കൂടിയാണ് മണി. കലാകേരളത്തിനൊപ്പം സുഹൃത്തുക്കള്‍ക്കും വന്‍ നഷ്ടമാണ് മണിയുടെ വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.