റീഡിങ് നാഷന്‍: ശൈഖ് മുഹമ്മദിന്‍െറ  ശേഖരത്തിലെ കഅ്ബയുടെ കിസ്വ ലേലത്തിന് 

ദുബൈ: ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ കുട്ടികള്‍ക്ക് 50 ലക്ഷം പുസ്തകങ്ങള്‍ എത്തിക്കാനുള്ള ‘റീഡിങ് നാഷന്‍’ പദ്ധതിക്ക് പണം കണ്ടത്തെുന്നതിനായി ജീവകാരുണ്യ ലേലം സംഘടിപ്പിക്കുന്നു. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ സ്വകാര്യ ശേഖരത്തിലുള്ള കഅ്ബയുടെ കിസ്വയും ലേലത്തിനത്തെിക്കുന്നുണ്ട്. കഅ്ബയുടെ പുറംഭാഗം പൊതിയുന്ന കറുത്ത തുണിയാണ് കിസ്വ. ജൂണ്‍ 21ന് ദുബൈ മദീനത്ത് ജുമൈറയിലാണ് ലേലം. 
106 വര്‍ഷം പഴക്കമുള്ള കിസ്വയാണ് ശൈഖ് മുഹമ്മദിന്‍െറ കൈവശമുള്ളത്. സ്വര്‍ണം, വെള്ളി നൂലുകള്‍ കൊണ്ട് ഖുര്‍ആന്‍ വചനങ്ങള്‍ ആലേഖനം ചെയ്ത കിസ്വ ഹിജ്റ വര്‍ഷം 1331ല്‍ ഈജിപ്തില്‍ നിന്നാണ് ദുബൈയിലത്തെിച്ചത്. കിസ്വക്ക് പുറമെ ശൈഖ് മുഹമ്മദിന്‍െറ ശേഖരത്തിലുള്ള മറ്റ് കലാപരമായ വസ്തുക്കളും ലേലത്തിനത്തെിക്കുന്നുണ്ട്. ലോകത്തെ വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്കും 2000 സ്കൂള്‍ ലൈബ്രറികള്‍ക്കും പുസ്തകം എത്തിക്കാനാണ് റമദാനോടനുബന്ധിച്ച് ‘റീഡിങ് നാഷന്‍’ പദ്ധതി ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ഇതിലേക്ക് സംഭാവനകള്‍ നല്‍കാം. ഇതുവരെ ലക്ഷക്കണക്കിന് ദിര്‍ഹമാണ് സംഭാവനയായി ലഭിച്ചിട്ടുള്ളത്. 
ഇത്തിസാലാത്ത്, ഡു കമ്പനികള്‍ വഴി എസ്.എം.എസ് ആയും പണം നല്‍കാം. എമിറേറ്റ്സ് റെഡ്ക്രസന്‍റ്, ദുബൈ കെയേഴ്സ് എന്നിവയുടെ ബാങ്ക് അക്കൗണ്ടുകള്‍, കിയോസ്കുകള്‍ എന്നിവ വഴിയും പണം സ്വീകരിക്കും. 
പുസ്തകങ്ങള്‍ സംഭാവന ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്കായി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.readingnation.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.