വായിലിട്ടാല്‍ പൊട്ടുന്ന മിഠായി  കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ്

ദുബൈ: കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന വായിലിട്ടാല്‍ പൊട്ടുന്ന പ്രത്യേക തരം മിഠായികള്‍ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളവയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കടകളില്‍ സുലഭമായി ലഭിക്കുന്ന ഇത്തരം മിഠായികള്‍ പ്ളാസ്റ്റിക് കുപ്പികളിലാണ് വില്‍ക്കപ്പെടുന്നത്. കുട്ടികള്‍ മിഠായി കടിക്കുന്നതോടെ വായയില്‍ പൊട്ടിത്തെറിക്കുന്നു. ഇത് വായയിലും നാവിലും മുറിവുകള്‍ ഉണ്ടാക്കുന്നു. ഇത്തരം മിഠായികള്‍ക്ക് അടിമപ്പെടുന്ന കുട്ടികളില്‍ അക്രമ വാസന വളരുന്നതായി കണ്ടുവത്രെ.  
കുട്ടികളെ ആകര്‍ഷിക്കാന്‍ തക്ക രുചിയോടെ ഉണ്ടാക്കുന്നവയാണ് ഇത്തരം  മിഠായികള്‍. ഫലവര്‍ഗങ്ങളുടെ ഗന്ധം ഉള്ളതിനാല്‍ രക്ഷിതാക്കള്‍ ഇവയുടെ ചേരുവകള്‍ അന്വേഷിക്കാതെ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നു. കുട്ടികളുടെ മനസ്സിനും ശരീരത്തിനും ഹാനികരമാണ് ഇത്തരം മിഠായികളെന്നു യു. എ. ഇ സര്‍വകലാശാലയിലെ മനശാസ്ത്ര വിഭാഗം പ്രഫസര്‍ ഡോ. ഫാത്തിമ സാഇയെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവയിലെ ചേരുവകള്‍ അജ്ഞാതമാണ്. കുട്ടികളില്‍ അക്രമ വാസന ജനിപ്പിക്കുന്നതാണ് ഇത്തരം മിഠായികള്‍.
മിഠായി പൊട്ടുമ്പോള്‍ ഉണ്ടാകുന്ന താപം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു ഹാനികരമാണെന്ന്  ഡോ. മുഹമ്മദ് കാമില്‍ പറഞ്ഞു. വായയില്‍ മുറിവ് ഉണ്ടാക്കുന്നതോടൊപ്പം കരളിനും വൃക്കക്കും  കേടുപാടുകള്‍ സംഭവിക്കുന്നു. ഇവയുടെ വില്പന തടയാന്‍ നിയമം കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.