വിമാനത്തിന്‍െറ കാര്‍ഗോയിലൊളിച്ച് ചൈനയില്‍ നിന്ന് 16കാരന്‍ ദുബൈയിലത്തെി

ദുബൈ: വെള്ളിയാഴ്ച ചൈനയിലെ ഷാങ്ഹായില്‍ നിന്ന് ദുബൈയിലത്തെിയ എമിറേറ്റ്സ് വിമാനത്തിന്‍െറ കാര്‍ഗോ പരിശോധിച്ച ജീവനക്കാര്‍ ഞെട്ടി. ചരക്കുകള്‍ക്കിടയില്‍ കൗമാരക്കാരന്‍ ഒളിച്ചിരിക്കുന്നു. ഒമ്പത് മണിക്കൂറോളം നീണ്ട യാത്രക്കൊടുവിലാണ് 16കാരന്‍ ദുബൈയിലത്തെിയത്. ജോലി ചെയ്ത് പണം സമ്പാദിക്കാനാണ് താന്‍ യാത്ര പുറപ്പെട്ടതെന്ന് ചോദ്യം ചെയ്യലില്‍ ബാലന്‍ ദുബൈ പൊലീസിനോട് പറഞ്ഞു. ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ട പൊലീസ് ബാലന്‍െറ രക്ഷിതാക്കളെ കാത്തിരിക്കുകയാണ്. 
എമിറേറ്റ്സിന്‍െറ ഇ.കെ 303 വിമാനത്തിലാണ് ബാലനെ കണ്ടത്തെിയത്. വിമാനത്തില്‍ നിന്ന് ചരക്കുകള്‍ ഇറക്കാന്‍ നോക്കുമ്പോഴാണ് ബാഗുകള്‍ക്കിടയില്‍ കുട്ടി ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ വിമാനത്താവള പൊലീസിനെ വിവരമറിയിച്ചു. അവശനിലയിലായിരുന്ന ബാലന് ഭക്ഷണവും വെള്ളവും നല്‍കിയ ശേഷം ചൈനീസ് പരിഭാഷകന്‍െറ സഹായത്തോടെ വിവരങ്ങള്‍ അന്വേഷിച്ചു. ഗിസോ എന്നാണ് പേരെന്നും ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് വീടെന്നും ബാലന്‍ വെളിപ്പെടുത്തി. യു.എ.ഇയെക്കുറിച്ച് ആളുകളില്‍ നിന്ന് കേട്ടറിഞ്ഞാണ് പുറപ്പെട്ടത്. ജോലി ചെയ്താല്‍ ആഴ്ചയില്‍ 490 ഡോളര്‍ വരെ സമ്പാദിക്കാമെന്നും ഇവിടെ സ്വര്‍ണം ധാരാളമായുണ്ടെന്നും കേട്ടിരുന്നു. ഇതനുസരിച്ച് ആഡംബരപൂര്‍ണമായ ജീവിതം നയിക്കാമെന്ന് ധരിച്ചാണ് ആരോടും പറയാതെ വീട്ടില്‍ നിന്നിറങ്ങിയത്. ദുബൈയില്‍ എങ്ങനെയെങ്കിലും എത്തുകയായിരുന്നു ലക്ഷ്യം. എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സൗജന്യ ഭക്ഷണവും താമസവും ലഭിക്കുമെന്നതിനാല്‍ ദുബൈയിലെ ജയിലില്‍ പോകാനും മടിയില്ളെന്നും ബാലന്‍ പൊലീസിനോട് പറഞ്ഞു. ചൈനീസ് കോണ്‍സുലേറ്റ് മുഖേന ബാലന്‍െറ രക്ഷിതാക്കളെ കണ്ടത്തൊന്‍ ശ്രമം നടക്കുന്നുണ്ട്. അതേസമയം ഷാങ്ഹായ് വിമാനത്താവളത്തിന്‍െറ വേലി ചാടിക്കടന്നാണ് സുരക്ഷാജീവനക്കാരെ വെട്ടിച്ച് ബാലന്‍ വിമാനത്തിനകത്ത് കടന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് ചൈനീസ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.