ദുബൈ ട്രാം പാത നീട്ടല്‍  നടപടികള്‍ക്ക് തുടക്കം

ദുബൈ: ദുബൈ ട്രാം ലൈന്‍ നീട്ടാനുള്ള നടപടിക്രമങ്ങള്‍ക്ക് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) തുടക്കം കുറിച്ചു. ട്രാം പാതയുടെ രണ്ടാംഘട്ട വികസന പ്രവൃത്തികള്‍ക്ക് ആര്‍.ടി.എ കരാര്‍ നല്‍കിയതായി മിഡിലീസ്റ്റ് ബിസിനസ് ഇന്‍റലിജന്‍സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നുഘട്ടങ്ങളിലായി ജുമൈറ റോഡിലെ യൂനിയന്‍ ഹൗസ് വരെ പാത നീട്ടാനാണ് ആര്‍.ടി.എയുടെ പദ്ധതി. 
ജുമൈറ ബീച്ച് റെസിഡന്‍സ് മുതല്‍ അല്‍ സുഫൂഹിലെ ഡിപ്പോ വരെയാണ് ഇപ്പോള്‍ ട്രാം പാതയുള്ളത്. രണ്ടാംഘട്ടത്തില്‍ ഇത് ശൈഖ് സായിദ് റോഡിലെ മാള്‍ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷന്‍ വരെ നീട്ടും. മൂന്നാംഘട്ടത്തില്‍ ഇവിടെ നിന്ന് ജുമൈറ റോഡിലൂടെ സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ് ജങ്ഷനിലെ യൂനിയന്‍ ഹൗസ് വരെ നീട്ടും. ഇതോടെ ജുമൈറ തീരത്തിന്‍െറ മനോഹര ദൃശ്യം ആസ്വദിച്ച് സഞ്ചാരികള്‍ക്ക് ട്രാമില്‍ യാത്ര ചെയ്യാന്‍ സാധിക്കും. 
ബുര്‍ജുല്‍ അറബ്, മദീനത്ത് ജുമൈറ, മാള്‍ ഓഫ് എമിറേറ്റ്സ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടി ട്രാം പരിധിയില്‍ വരുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. 2014 നവംബറില്‍ തുടങ്ങിയ ട്രാം സര്‍വീസിന് യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 11 കിലോമീറ്റര്‍ പാതയില്‍ 11 സ്റ്റേഷനുകളാണ് ഇപ്പോഴുള്ളത്. 
ഈ വര്‍ഷം ആദ്യ മൂന്നുമാസം മാത്രം 13 ലക്ഷത്തോളം പേര്‍ ട്രാമില്‍ യാത്ര ചെയ്തതായി ആര്‍.ടി.എ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.