മൊബൈല്‍ റസ്റ്റോറന്‍റുകള്‍ക്ക് അനുമതി

അബൂദബി: യു.എ.ഇയില്‍ മൊബൈല്‍ റസ്റ്റോറന്‍റുകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനം. യു.എ.ഇ പൗരന്മാരുടെ ഉടമസ്ഥതയിലോ പങ്കാളിത്തത്തിലോ ഉള്ള റെസ്റ്റോറന്‍റുകള്‍ക്കായിരിക്കും അനുമതി നല്‍കുക. നിലവിലുള്ള റസ്റ്റോറന്‍റുകളുടെ കാറ്ററിങ് ലൈസന്‍സിന് വിധേയമായി വാഹനങ്ങളില്‍ ഭക്ഷണവിതരണം നടത്താന്‍ അനുവദിക്കുമെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് ഞായറാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. 
പുതുതായി റസ്റ്റോറന്‍റ് തുടങ്ങുന്നതിനുള്ള അന്തിമ അനുമതി ലഭിക്കുന്നത് വരെ മൊബൈല്‍ റസ്റ്റോറന്‍റ് നടത്താനുള്ള ലൈസന്‍സിന് അപേക്ഷിക്കാനാവില്ല. ഭക്ഷണവിതരണം നടത്തുന്ന വാഹനത്തിന്‍െറ രൂപകല്‍പന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കണം. എവിടെയെല്ലാം  ഭഷണവിതരണം നടത്താമെന്നത് വകുപ്പിന്‍െറ വാണിജ്യ സംരക്ഷണ ഡയറക്ടറേറ്റിന്‍െറ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. ഭക്ഷണവിതരണത്തിന് മാത്രമായി രൂപകല്‍പന ചെയ്തതായിരിക്കണം ഇതിനുള്ള വാഹനങ്ങളെന്ന് വകുപ്പ് വാണിജ്യ കേന്ദ്രം ഡയറക്ടര്‍ മുഹമ്മദ് ആല്‍ മന്‍സൂറി പറഞ്ഞു.  
അബൂദബി സാമ്പത്തിക വികസന വകുപ്പിന്‍െറ ഏത് ശാഖയിലും സംരംഭകര്‍ക്ക് ഇതു സംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കാം. പ്രാഥമിക അനുമതികള്‍ക്കായി ഈ അപേക്ഷകള്‍ വകുപ്പിന്‍െറ ആസ്ഥാനത്തേക്ക് അയക്കും. അനുമതിയില്ലാത്ത സ്ഥലങ്ങളിലെ പാര്‍ക്കിങ്, അനുയോജ്യമല്ലാത്ത വാഹനങ്ങള്‍ ഉപയോഗിക്കല്‍, സമയക്രമീകരണം പാലിക്കാതിരിക്കല്‍, അനുവദിച്ചതിലും കൂടുതല്‍ സമയം പ്രവര്‍ത്തിക്കല്‍ എന്നിവയില്‍നിന്ന് മൊബൈല്‍ റെസ്റ്റോറന്‍റുകളെ വിലക്കും. അലക്ഷ്യമായി മാലിന്യം ഉപേക്ഷിക്കല്‍, ശബ്ദമലിനീകരണം, ഉച്ചത്തില്‍ സംഗീതം കേള്‍പ്പിക്കല്‍, മേശകളും കസേരകളും പുറത്തിടല്‍, ഗതാഗത തടസ്സമുണ്ടാകുന്ന വിധം പൊതു നിരത്തുകള്‍ ഉപയോഗിക്കല്‍ എന്നിവയും തടയും. 
മൊബൈല്‍ റസ്റ്റോറന്‍റുകള്‍ക്കുള്ള അപേക്ഷ അംഗീകരിച്ചാല്‍ പെര്‍മിറ്റുകള്‍ പരസ്യ വിഭാഗത്തിലേക്ക് വിടും. മറ്റു വകുപ്പുകളുടെ അനുമതിക്കുള്ള കത്തുകള്‍ ഈ വിഭാഗത്തില്‍നിന്നാണ് അയക്കുക. ഈ കത്തുകള്‍ക്ക് അനുകൂല മറുപടിയുണ്ടായാല്‍ പരസ്യ വിഭാഗത്തില്‍നിന്നാണ് അന്തിമമായ അനുമതി നല്‍കുക.
എമിറേറ്റിലെ സേവന മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള അബൂദബി സാമ്പത്തിക വികസന വിഭാഗത്തിന്‍െറ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മൊബൈല്‍ റെസ്റ്റോറന്‍റുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. നഗരകാര്യ-ഗതാഗത വകുപ്പ്, അബൂദബി ഭക്ഷ്യനിയന്ത്രണ അതോറിറ്റി, സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്, അബൂദബി ഗതാഗത വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതിിനടപ്പാക്കുക. മൊബൈല്‍ റെസ്റ്റോറന്‍റുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ക്ക് സാമ്പത്തിക വികസന വകുപ്പ് സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതായി വകുപ്പിന്‍െറ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറ്റേറ്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന അഹ്മദ് ആല്‍ ഖുബൈസി അറിയിച്ചു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.