???? ?????? ?????????????????? ??????????????????

അല്‍ഐനില്‍ ഗ്രോസറികള്‍ നവീകരിക്കാന്‍ നിര്‍ദേശം

അല്‍ഐന്‍: അല്‍ഐനിലെ എല്ലാ ഗ്രോസറികളും പരിഷ്കരിച്ച മാനദണ്ഡങ്ങളനുസരിച്ച് നവീകരിക്കാന്‍ നഗരസഭ നിര്‍ദേശം നല്‍കി. ജൂലൈ 24 മുതല്‍ ഒരു വര്‍ഷത്തിനകം പുതുക്കിപ്പണിയണമെന്നാണ് ഗ്രോസറി ഉടമകള്‍ക്കായി സംഘടിപ്പിച്ച യോഗത്തില്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അല്‍ ഐന്‍ നഗരസഭാ ഓഡിറ്റോറിയത്തിലായിരുന്നു യോഗം.
പുറത്തുനിന്ന് നോക്കിയാല്‍ കടയുടെ ഉള്‍ഭാഗം മുഴുവനും കാണുന്ന രീതിയിലായിരിക്കണം പുതുക്കിപ്പണിയേണ്ടതെന്നാണ് നിര്‍ദേശം. കൂടുതല്‍ സാധനങ്ങള്‍ അലമാരകളില്‍ അടുക്കിവെക്കാന്‍ പാടില്ല, കുറച്ച് സാധനങ്ങള്‍ മാത്രം കടയില്‍ വെച്ച് ബാക്കി ഗോഡൗണില്‍ സൂക്ഷിക്കണം.
പരിഷ്കരണ നടപടിയുടെ ഒന്നാം ഘട്ടത്തില്‍ അല്‍ ഐനിലെയും പരിസരപ്രദേശങ്ങളിലെയും ഗ്രോസറി കടക്കാര്‍ 10,000 ദിര്‍ഹം വീതം നഗരസഭയില്‍ കെട്ടിവെക്കണം. തുടര്‍ന്ന് നഗരസഭാ പരിശോധനാ കമ്മിറ്റി കട പരിശോധിക്കും. കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നതിന് യോഗ്യമാണെങ്കില്‍ മാത്രമേ പ്രവൃത്തിക്ക് അനുമതി നല്‍കുകയുള്ളൂ. അല്ളെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കും. 
മൂന്ന് വര്‍ഷം മുമ്പ് അബൂദബിയിലെയും അല്‍ഐനിലെയും മുഴുവന്‍ ഗ്രോസറികളും പുതുക്കിപ്പണിയണമെന്ന് നിയമം വന്നിരുന്നുവെങ്കിലും അബൂദബിയില്‍ മാത്രമാണ് നടപ്പിലാക്കിയത്. നിയമ പ്രാബല്യത്തില്‍നിന്ന് അല്‍ഐനിനെ താല്‍ക്കാലികമായി ഒഴിവാക്കുകയായിരുന്നു.
നഗരസഭയുടെ പരിഷ്കരണ നടപടികളില്‍ ഉടമകളും ജീവനക്കാരും ആശങ്കയിലാണ്. പുതിയ നിയമം അനുശാസിക്കുന്ന തരത്തില്‍ ഒരു കട പുതുക്കി പണിയാന്‍ 75,000 മുതല്‍ ലക്ഷം ദിര്‍ഹം വരെ ചെലവ് വരുമെന്ന് ഗ്രോസറി ഉടമകള്‍ പറയുന്നു. ഇത്രയും വലിയ തുക മുടക്കി കട നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് അല്‍ വഖാനില്‍ ഗ്രോസറി നടത്തുന്ന തിരൂര്‍ പുറത്തൂര്‍ സ്വദേശി സുഹൈല്‍ പറഞ്ഞു. 
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ ജനങ്ങളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെയും സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും ഓഫറുകളില്‍ ആകര്‍ഷിക്കപ്പെടുന്നതിനാല്‍ ഗ്രോസറികളില്‍ വരുന്നവര്‍ കുറയുന്നതായി ജീവനക്കാര്‍ പറയുന്നു. പല ഉല്‍പന്ന കമ്പനികളും ലാഭ മാര്‍ജിന്‍ കുറച്ചതും മറ്റു നിരവധി ചെലവുകള്‍ വര്‍ധിച്ചതും വലിയ തിരിച്ചടിയായി ഈ മേഖലകളിലുള്ളവര്‍ വിലയിരുത്തുന്നു.
ഒരു വര്‍ഷം മുമ്പാണ് നഗരസഭയുടെ ഉത്തരവ് പ്രകാരം എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ ബോര്‍ഡുകള്‍ 2500 മുതല്‍ 3000 ദിര്‍ഹം വരെ ചെലവില്‍ ഡിജിറ്റലാക്കി മാറ്റിയത്. 
പുതിയ നിയമ പ്രകാരം കട പുതുക്കുമ്പോള്‍ ഈ ബോര്‍ഡുകള്‍ ഉപയോഗശൂന്യമാവും. നഗരസഭ രൂപകല്‍പന ചെയ്യുന്ന ബോര്‍ഡുകളായിരിക്കും ഇനി ഗ്രോസറികളില്‍ സ്ഥാപിക്കേണ്ടത്. 
പഴയ കെടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല ¤്രഗാസറികളുടെ ഉടമകളും കട പുതുക്കുന്നതിന് താല്‍പര്യം കാണിക്കുന്നില്ല. നിലവിലെ ലൈസന്‍സ് തീരുന്നത് വരെ കട നടത്തി ഒഴിവാകാനുള്ള ആലോചനയിലാണ് പലരും. 
ഇനിയൊരു ജോലിമാറ്റത്തിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ളെന്ന് താരതമ്യേന ചെറിയ വേതനക്കാരായ ഗ്രോസറി ജീവനക്കാരും പറയുന്നു. പുതിയ നിയമപ്രകാരം കട മാറ്റം വരുത്താന്‍ തയറാറല്ലാത്തവരുടെ ലൈസന്‍സ് പുതുക്കി നല്‍കില്ളെന്ന് യോഗത്തില്‍ നഗരസഭാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.