കെട്ടിട നിര്‍മാണ സ്ഥലത്ത്  കാമറ സ്ഥാപിക്കണം

ദുബൈ: നാലോ അതില്‍ കൂടുതലോ നിലയില്‍ ദുബൈയില്‍ പണിയുന്ന എല്ലാ കെട്ടിടങ്ങളുടെയും നിര്‍മാണ സ്ഥലത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കി. നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്‍െറ അകത്തും പുറത്തും ചുരുങ്ങിയത് നാലു കാമറയെങ്കിലും വേണം. മാര്‍ച്ച് ഒന്ന് മുതലാണ് ഇത് നിര്‍ബന്ധമാക്കുന്നതെന്ന് ഇതുസംബന്ധിച്ച പുതിയ ചട്ടത്തില്‍ പറയുന്നു.
നിലവാരത്തിലെ സുസ്ഥിരതക്കും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നഗര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനുമാണ് പുതിയ ചട്ടം കൊണ്ടുവന്നത് ദുബൈ നഗരസഭയുടെ കെട്ടിട വകുപ്പ് ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് പറഞ്ഞു.
നിരീക്ഷണ കാമറകള്‍ ക്രെയിനിലോ നിര്‍മാണ സ്ഥലം വീക്ഷിക്കാനാവുന്ന വിധം ഉയരത്തിലുള്ള മറ്റേതെങ്കിലും സ്ഥലത്തോ ഘടിപ്പിക്കാമെന്ന് ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ പറയുന്നു. പദ്ധതിയുടെ നിര്‍മാണ ഘട്ടത്തിലൂം നിര്‍മാണ ശേഷവും നിരീക്ഷിക്കാവുന്ന വിധത്തില്‍ ഈ കാമറകള്‍ സ്മാര്‍ട്ട് സംവിധാനവുമായി ബന്ധിപ്പിക്കണം. മാത്രമല്ല നിര്‍മാണം നടക്കുന്ന സ്ഥലത്തിന് ചുറ്റും രണ്ടു മീറ്റര്‍ ഉയരത്തില്‍ താല്‍ക്കാലിക പി.വി.സി വേലിയും കെട്ടണം. അഞ്ചു സെ.മീ കൂടുതല്‍ വിടവ് വേലിക്ക് പാടില്ല. എല്ലാ നിലയിലും മാലിന്യം തള്ളാനുള്ള കുഴലുകള്‍ സ്ഥാപിക്കുകയും ഇവ താഴെ നിലയിലെ കണ്ടെയിനറുകളില്‍ എത്തിക്കാനുള്ള സംവിധാനം സ്ഥാപിക്കുകയും വേണം. നിര്‍മാണവശിഷ്ടം സുരക്ഷിതമായി ഒഴിവാക്കാനാണിത്.
കെട്ടിടത്തിന്‍െറ പരിസരം  എലി,കൊതുക്,ഈച്ച, മറ്റു കീടങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തമാക്കാന്‍ അംഗീകൃത കീട നിയന്ത്രണ കമ്പനികളുമായി കരാറുണ്ടാക്കണമെന്ന നിബന്ധനയും പുതിയ സര്‍ക്കുലറില്‍ ഉണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.