പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇത്തവണ ദുബൈയിലും

ദുബൈ: ലോകമെങ്ങുമുള്ള പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍  ഇന്ത്യയില്‍ വര്‍ഷം തോറും നടത്തിവന്നിരുന്ന പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി) സമ്മേളനം ഈ വര്‍ഷം വിദേശത്ത് വിവിധ രാജ്യങ്ങളിലായി നടക്കും.  ഡല്‍ഹിയിലും മറ്റു നഗരങ്ങളിലുമായി വിപുലമായ തോതില്‍ നടത്തിയിരുന്ന പി.ബി.ഡി സമ്മേളനങ്ങളുടെ ചെറിയ പതിപ്പുകളായിരിക്കും ഇത്തവണ പ്രവാസി ഇന്ത്യന്‍ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളില്‍ ജനുവരി ഒമ്പതിന് നടക്കുക. അതാത് രാജ്യത്തെ ഇന്ത്യന്‍ എംബസികളുടെ ആഭിമുഖ്യത്തിലായിരിക്കും പരിപാടികള്‍. ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കുന്ന യു.എ.ഇ തല പി.ബി.ഡി സമ്മേളനത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ടെലികോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുമെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
ദക്ഷിണാഫ്രിക്കന്‍ വിപ്രവാസം അവസാനിപ്പിച്ച് ഗാന്ധിജി 1915ല്‍ ഇന്ത്യയിലേക്ക് മടങ്ങിയതിന്‍െറ ഓര്‍മ പുതുക്കല്‍ കൂടി ലക്ഷ്യമിട്ട് 2003 മുതലാണ് ജനുവരി ഒമ്പതിന് പ്രവാസി ഭാരതീയ ദിവസ് ദിനാചരണം സംഘടിപ്പിച്ചു തുടങ്ങിയത്. പ്രവാസി ഭാരതീയ ദിവസ് സമ്മേളനം രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രം വിപുലമായി നടത്തിയാല്‍ മതിയെന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ തീരുമാനിച്ചിരുന്നു. 
2016ലെ സമ്മേളനം ന്യൂഡല്‍ഹിയില്‍ നടത്തുമെന്നും പ്രഖ്യാപനമുണ്ടായി. ജനുവരി ഏഴു മുതല്‍ ഒമ്പതു വരെ ഡല്‍ഹിയില്‍ നടക്കുന്ന  പ്രവാസി ഭാരതീയ സമ്മേളനത്തിലേക്ക് പ്രമുഖരെ ക്ഷണിച്ചെങ്കിലും അവസാന നിമിഷം മാറ്റി വെക്കുകയായിരുന്നു. ഇതിന്‍െറ പിന്നാലെയാണ് വിവിധ രാജ്യങ്ങളില്‍ പി.ബി.ഡി സമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായ വിവരം പുറത്തുവന്നത്. 
പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും അവക്ക് പരിഹാരം കണ്ടത്തൊനുമായി നടത്തുന്ന സമ്മേളനങ്ങള്‍ ഫലപ്രദമല്ളെന്ന വിമര്‍ശം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. അതേസമയം ഇന്ത്യന്‍ സര്‍ക്കാരിന് മുമ്പില്‍ പ്രവാസികളുടെ പ്രശ്നങ്ങളും പരിദേവനങ്ങളും നേരില്‍ സമര്‍പ്പിക്കുന്നതിനുള്ള ഏക വേദിയായിരുന്നു പി.ബി.ഡി സമ്മേളനങ്ങള്‍. 
പ്രവാസ ലോകത്തെ പ്രമുഖര്‍ക്ക് പ്രവാസി ഭാരതീയ ദിവസ് സമ്മാനങ്ങളും സമ്മേളനങ്ങളില്‍ നല്‍കാറുണ്ട്. 
ന്യൂഡല്‍ഹിക്ക് പുറമെ മുംബൈ,ഹൈദരബാദ്, ചെന്നൈ,ജയ്പൂര്‍,കൊച്ചി, ഗാന്ധിനഗര്‍ എന്നീ നഗരങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ പി.ബി.ഡി സമ്മേളനങ്ങള്‍ക്ക് ആതിഥ്യം വഹിച്ചിട്ടുണ്ട്. 2015ല്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന 13ാമത്  പ്രവാസി ഭാരതീയ സമ്മേളനത്തില്‍ 51 രാജ്യങ്ങളില്‍ നിന്നുള്ള 1500 ഓളം പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
ദുബൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും സാമൂഹിക, വ്യാപാര, വ്യവസായ, മേഖലയില്‍ നിന്നുള്ളവരും സംബന്ധിക്കുമെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് ടെലി കോണ്‍ഫറന്‍സിലൂടെ സംവദിക്കുന്നതിന് പ്രതിനിധികള്‍ക്ക് അവസരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.