‘ദീവ’ക്ക് 1416 കോടിയുടെ ബജറ്റ്: പുതിയ വൈദ്യുതി സബ് സ്റ്റേഷനുകളും  ജല സംഭരണികളും പണിയും

ദുബൈ: ലോക എക്സ്പോ 2020നുള്ള ഒരുക്കങ്ങളുടെ ഭാഗമായി ദുബൈ വൈദ്യുതി, ജല അതോറിറ്റി (ദീവ) പുതിയ പദ്ധതികള്‍ തയാറാക്കി.  ദുബൈയുടെ വികസന ആവശ്യങ്ങള്‍ മുന്നില്‍കണ്ട്  ഊര്‍ജ മേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാണ് പരിപാടി. സുസ്ഥിരവും ശുദ്ധവുമായ ഊര്‍ജം എന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനാണ് പദ്ധതികളില്‍ ഊന്നല്‍ നല്‍കുന്നതെന്ന് ദീവ ഒൗദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. പുനരുല്‍പ്പാദന ഊര്‍ജ പദ്ധതികള്‍ക്കും  വൈദ്യൂതി, ജല വിതരണം ലോക നിലവാരത്തിലാക്കുന്നതിനും 260 കോടി ദിര്‍ഹമാണ് നീക്കിവെച്ചിരിക്കുന്നതെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അല്‍ തായിര്‍ അറിയിച്ചു.
2016ല്‍ 1416 കോടി ദിര്‍ഹമാണ് ‘ദീവ’യുടെ പ്രവര്‍ത്തന ബജറ്റ്. 2015ല്‍ ഇത്  1346 കോടി ദിര്‍ഹമായിരുന്നു.
2016ലെ ബജറ്റില്‍ 295 കോടി ദിര്‍ഹം വൈദ്യൂതി ഉത്പാദനത്തിനും 341 കോടി ദിര്‍ഹം വൈദ്യുതി വിതരണത്തിനും  100 കോടി ദിര്‍ഹം ജലവിതരണത്തിനും സിവില്‍ ജോലികള്‍ക്കും നീക്കിവെച്ചിട്ടുണ്ട്. ഒമ്പത് പുതിയ 132 കെ.വി സബ്സ്റ്റേഷനുകള്‍ പണിയും. ഇതിനായി 77.5 കോടി ദിര്‍ഹമാണ് ചെലവ് . 256 കി.മീറ്ററില്‍ 132 കെ.വി കേബിളുകള്‍ സ്ഥാപിക്കുന്നതിന് 154 കോടി ദിര്‍ഹമാണ് നീക്കിവെച്ചത്. 24.5 കോടി ദിര്‍ഹം ചെലവില്‍ അല്‍ നാഖ്ലിയില്‍ രണ്ട് പുതിയ ശുദ്ധജല സംഭരണികള്‍ കൂടി സ്ഥാപിക്കും. ദുബൈ-അല്‍ഐന്‍ റോഡില്‍  പുതിയ പമ്പിങ് സ്റ്റേഷനും പണിയും .അരക്കോടി ദിര്‍ഹമാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. 
2050 ഓടെ ദുബൈയുടെ ഊര്‍ജ ഉത്പാദനത്തിന്‍െറ മുക്കാല്‍ ഭാഗവും ശുദ്ധ ഊര്‍ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ലോകത്തെ ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനമാകും ദുബൈയിലേത്. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം  സൗരപാര്‍ക്കും ഷംസ് ദുബൈ പദ്ധതിയുമാണ് ഇതില്‍ പ്രധാന പങ്കു വഹിക്കുക. കെട്ടിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി നിര്‍മിച്ച് ദീവയുടെ ഗ്രിഡിലേക്ക് കൈമാറുന്ന പദ്ധതിയാണ് ഷംസ് ദുബൈ.
ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പാര്‍ക്കുകളിലൊന്നായി മാറുന്ന   മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം  സൗരപാര്‍ക്കില്‍ 2020 ല്‍ 1000 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.  2030 ല്‍ ഉത്പാദനം 5000 മെഗാവാട്ടായി വര്‍ധിപ്പിക്കും. എക്സ്പോ 2020ന് ആവശ്യമായ 100 മെഗാവാട്ട് വൈദ്യുതിയും ഇതില്‍ നിന്നാകും എത്തിക്കുക. കല്‍ക്കരിയില്‍ നിന്ന് വൈദ്യൂതി ഉത്പാദിപ്പിക്കുന്ന ഹസ്യാന്‍ ഊര്‍ജ പ്ളാന്‍റാണ് മറ്റൊരു പദ്ധതി. 1200 മെഗാ വാട്ട് ഉത്പാദന ശേഷിയുള്ള പദ്ധതിയുടെ ആദ്യ ഘട്ടം 2020 ഓടെ പ്രവര്‍ത്തനം തുടങ്ങും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.