അറിവിന്‍െറ ആഘോഷത്തിന് ഉജ്വല തുടക്കം

ദുബൈ: സാമൂഹിക മാറ്റത്തിനും മുന്നേറ്റത്തിനും അറിവ് ആയുധമാക്കണമെന്ന ആഹ്വാനവുമായി നോളജ് സമ്മിറ്റിന് ഉജ്വല തുടക്കം. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ഫൗണ്ടേഷ(എം.ബി.ആര്‍.എഫ്)ന്‍െറ ആഭിമുഖ്യത്തില്‍ അറിവ്-വര്‍ത്തമാനത്തിനും ഭാവിക്കും എന്ന പ്രമേയത്തില്‍  ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ ആരംഭിച്ച ത്രിദിന സംഗമം അതിഥികളുടെയും അജണ്ടകളുടെയും ഗാംഭീര്യവും വൈവിധ്യവൂം കൊണ്ട് ശ്രദ്ധേയമായി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ ആസ്ട്രേലിയന്‍ മുന്‍ പ്രധാന മന്ത്രി ടോണി അബോട്ട് വിശിഷ്ടാതിഥിയായി. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, എം.ബി.ആര്‍.എഫ് അധ്യക്ഷന്‍ ജമാല്‍ ബിന്‍ ഹുവൈറബ്, യു.എന്‍.ഡി.പി അറബ് മേഖലാ ഉപാധ്യക്ഷ സോഫി ദ കന്‍, അല്‍ അറേബ്യ ചാനല്‍ മേധാവി തുര്‍കി അല്‍ദാഖില്‍ എന്നിവര്‍ പങ്കെടുത്തു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ വീഡിയോ സന്ദേശം നല്‍കി. 
ആദരണീയമായ സമൂഹത്തിന്‍െറ നിര്‍മിതിക്ക് അറിവിന്‍െറയും വായനയുടെയും പ്രാധാന്യം യു.എ.ഇയുടെ നായകര്‍ തുടക്കം മുതലേ തിരിച്ചറിഞ്ഞിരുന്നുവെന്നും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ 2016 വായനാവര്‍ഷമായി പ്രഖ്യാപിച്ചതും  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറബ് വായനാ മത്സരത്തിന് രൂപം നല്‍കിയതും ഇതിന്‍െറ ഭാഗമാണെന്നും ജമാല്‍ ബിന്‍ ഹുവൈറബ് പറഞ്ഞു. 
യുവജനമുന്നേറ്റത്തിനും ജ്ഞാനമേഖലയുടെ പ്രോത്സാഹനത്തിനും യു.എ.ഇയും എം.ബി.ആര്‍.എഫും ഐക്യരാഷ്ട്രസഭയുമായി കൈകോര്‍ത്ത് നടത്തുന്ന ശ്രമങ്ങളെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശ്ളാഘിച്ചു. ആഗോള തലത്തില്‍ അറിവിന്‍െറ പ്രസാരണത്തിന് പരിശ്രമം നടത്തിയ സംഘങ്ങള്‍ക്ക് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം നോളജ് അവാര്‍ഡ് ജേതാക്കള്‍ക്ക്  ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സമ്മാനം നല്‍കി. 
പത്തു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്കാരത്തിന് ബില്‍ ആന്‍റ് മെലിന്‍ഡാ ഗേറ്റ്സ് ഫൗണ്ടേഷന്‍െറ മെലിന്‍ഡാ ഗേറ്റ്സ് കോചെയര്‍, മസ്ദര്‍ അബൂദബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനി, ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നേതൃത്വം നല്‍കുന്ന അറബ് തോട്ട് ഫൗണ്ടേഷന്‍ എന്നിവര്‍ അര്‍ഹരായി. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.