ഷാര്‍ജ: ഷാര്‍ജ അല്‍ മന്‍സൂറയിലെ സുധീഷ് ഗുരുവായൂര്‍ എന്ന ജൈവകര്‍ഷകന്‍െറ വില്ലയോട് ചേര്‍ന്ന് കിടക്കുന്ന പറമ്പില്‍ ഒരുക്കിയ നെല്‍പ്പാടത്ത് നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരുമത്തെി. വെറും കാഴ്ച്ചക്കാരാകാനല്ല, കൃഷി ചെയ്ത് പഠിക്കാനായിരുന്നു വരവ്. വിതച്ച് 22 ദിവസത്തിന് ശേഷം എടുത്ത ഉമ വിത്തിന്‍െറ ഞാറാണ് സുധീഷിന്‍െറ പാടത്ത് ഇവര്‍ നട്ടത്. നട്ട് നട്ട് പിന്നോട്ട് പോകുമ്പോള്‍ പാടുന്ന പഴയ കൊയ്ത്ത് പാട്ടും കൂട്ടിനത്തെി.
പുഴി മണലിനെ കൃഷിക്കായി പാകപ്പെടുത്തി വെള്ളം കെട്ടി നിറുത്തിയായിരുന്നു ഞാറ്റ്കണ്ടം തീര്‍ത്തത്. ഫ്ളാറ്റും സ്കൂള്‍ ബസും പഠനവും പകുത്തെടുക്കുന്ന ദിവസങ്ങള്‍ക്കിടയില്‍ നിന്ന് നെല്‍കൃഷിയെ കുറിച്ചറിയാനും പഠിക്കാനും കഴിഞ്ഞത് മഹാഭാഗ്യമായെന്ന് പങ്കെടുത്ത മുഴുവന്‍ പേരും പറഞ്ഞു.
പാടവക്കത്തെ ആര്യവേപ്പില്‍ കൊമ്പത്ത് ഊഞ്ഞാലിട്ടതിന്‍െറ പിന്നില്‍ പോലും സുധീഷ് വലിയൊരു പാഠം കുട്ടികള്‍ക്കായി സൂക്ഷിച്ചിരുന്നു. കേരളത്തിലെ തനത് പാരമ്പര്യങ്ങളുടെ അരികിലേക്ക് കൊണ്ട് വരിക എന്ന വലിയ പാഠം. ചേറ് മണക്കുന്ന പാടത്ത് നിന്ന് കിട്ടിയ അറിവ് എത്ര പരീക്ഷകള്‍ കഴിഞ്ഞാലും അവരുടെ മനസിലൊരു തണലായി നില്‍ക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന് സുധീഷ് പറഞ്ഞു.
കേരളത്തില്‍ നിന്ന് കുറ്റിയറ്റ് പോയ കരനെല്ല് കൃഷിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു സുധീഷിന്‍െറ പാടം. തണലില്‍ വളരുന്നതും വരള്‍ച്ചയെ ചെറുക്കാന്‍ കഴിയുന്നതുമാണ് കരനെല്ല്. തെങ്ങിന്‍ തോപ്പുകളാല്‍ സമൃദ്ധമായ കേരളത്തില്‍ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പില്‍ക്കാലങ്ങളില്‍ ഇത് അപ്രത്യക്ഷമാകുകയായിരുന്നു. എന്നാല്‍ മരുഭൂമിയിലെ ആര്യവേപ്പുകളുടെ തണലത്ത് ഇതിനെ തിരിച്ച് കൊണ്ട് വന്ന സുധീഷ് വലിയ സന്ദേശമാണ് പകര്‍ന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകര്‍ പറഞ്ഞു. എമിറേറ്റ്സ് നാഷ്ണല്‍ സ്കൂള്‍, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍, ഇന്ത്യാ ഇന്‍റര്‍നാഷ്ണല്‍ സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് നെല്‍കൃഷി ചെയ്ത് പഠിക്കാന്‍ എത്തിയത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ. വൈ.എ റഹീം, ബിജുസോമന്‍, അഡ്വ. അജി കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
കേരളത്തിലെ പ്രധാന വിത്തിനങ്ങളെ കുറിച്ചും അവ വിതക്കുകയും ഞാറൊരുക്കുകയും കൊയ്തെടുക്കുകയും ചെയ്യുന്ന രീതികളും സുധീഷ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.